കുന്നത്തൂർ:കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ കുന്നത്തൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മസ്തിഷ്ക മരണം
ഔദ്യോഗികമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ബോർഡ്
സ്ഥിരീകരിച്ചു.കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകനും അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്.തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് ബോധരഹിതനായ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മസ്തിഷ്ക
മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ഇവിടെയുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുഭാവരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി.പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയകൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ഇതിനിടയിലാണ് ഹരികൃഷ്ണന് പട്ടിയേൽ കൊണ്ട് തലയ്ക്ക് അടിയേറ്റത്.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് 4 പ്രതികളെ അറസ്റ്റ് ചെയ്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അതിനിടെ എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ്കാരനായ ഹരികൃഷ്ണൻ്റെ അവയവദാനത്തിന് മാതാപിതാക്കൾ സമ്മതമറിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾ ദാനം ചെയ്യുന്നത് തുടർ അന്വേഷണത്തിന് ബാധിക്കുമെന്ന് കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.എന്നാൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ഇതിനാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യുന്നത് അന്വേഷണത്തിന് തടസമാകില്ലെന്നും കാട്ടി മെഡിക്കൽ കോളേജ് ഡോക്ടർമാർ രംഗത്തെത്തുകയും മാതാപിതാക്കളുടെ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു.ഇതിനാൽ മാതാപിതാക്കളുടെ സ്വന്തം തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അവയവങ്ങൾ ദാനം ചെയ്യുന്നതിന് പോലീസ് അനുമതി നൽകിയെങ്കിലും പിന്നീട് ചേർന്ന മെഡിക്കൽ ബോർഡ് ‘റിസ്ക് ‘എടുക്കേണ്ട എന്ന നിലപാടിൽ എത്തുകയുമായിരുന്നു.അതിനിടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
Home News Breaking News കൊല്ലത്ത് ക്ഷേത്രോത്സവത്തിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ മസ്തിഷ്ക മരണം ഔദ്യോഗികമായിസ്ഥീരികരിച്ചു



































