മണ്‍റോത്തുരുത്ത്. രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അനുവദിച്ച മുട്ടം – മണക്കടവ് തീരദേശ റോഡിനുള്ള നിർമാണ പ്രവൃത്തികൾ രണ്ടു തവണ ടെൻഡർ ചെയ്തിട്ടും കരാറുകാരാരും ഇതു വരെയും പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല.
ഒന്നാം എൽ. ഡി.എഫ് സർക്കാരിന്റെ കാലയളവിൽ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടത്തിയ ഓണമ്പലം മുതൽ മുട്ടം വരെയുള്ള 4കി. മീറ്റർ വരുന്ന ഒന്നാംഘട്ട പണികൾ രണ്ടുവർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു.
നവകേരള സദസ്സിൽ ഓരോ നിയമസഭാ മണ്ഡലത്തിനും വേണ്ടി അനുവദിച്ച 7 കോടിയിൽ നിന്നും 3.50 കോടി ഉപയോഗിച്ചാണ് കുണ്ടറ മണ്ഡലത്തിലെ പേരയം പഞ്ചായത്തിലൂടെ കടന്നു പോകുന്ന,രണ്ടാം ഘട്ടമായ മുട്ടം – കൈതയ്ക്കൽ-റോഡ് കടവ്-മണക്കടവ് തീരദേശ റോഡ് പ്രഖ്യാപിച്ചത്. ഏകദേശം 9 കി. മീറ്റർ നീളം വരുന്ന റോഡാണിത്. കഴിഞ്ഞ നവംബർ 4 ന് ഇതിനുള്ള ഭരണാനുമതി നൽകുകയും നിർവഹണചുമതല തദ്ദേശ സ്വയം ഭരണവകുപ്പിന് കൈമാറുകയും ചെയ്തതാണ്.തുടർന്ന് രണ്ട് തവണ പ്രവൃത്തി ടെൻഡർ ചെയ്‌തെങ്കിലും കരാറുകാരാരും പണി ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല.

ഒരു റോഡിന്റെ രണ്ട് റീച്ചുകൾ രണ്ട് വകുപ്പുകൾ വഴി നടപ്പാക്കുന്നത് വഴിയുണ്ടാകാവുന്ന സങ്കീർണതകളോ മറ്റു ആശയ ക്കുഴപ്പങ്ങളോ തടസമാണെങ്കിൽ, അവ അടിയന്തരമായി പരിഹ രിക്കാൻ നടപടിയുണ്ടാകണമെന്ന്, കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് ആവശ്യപ്പെട്ടു.
കല്ലട മേഖലയിലെ സമഗ്ര വികസനത്തിന് സഹായകരമായ ഓണമ്പലം- മണക്കടവ് തീരദേശ റോഡ് മൂന്നാംഘട്ടമായി ഇടിയക്കടവ് വരെ നീട്ടാനും കക്കാട്ട് കടവിൽ പാലം നിർമിച്ച് ഇടിയ ക്കടവ് – പേഴുംതുരുത്ത് റോഡുമായി ബന്ധിപ്പിക്കാനും നടപടി വേണമെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണനും സെക്രട്ടറി ആർ. അശോകനും ആവശ്യപ്പെട്ടു.
എസ്. സോമരാജൻ, എൻ. അംബുജാക്ഷപണിക്കർ, കളത്തറ ശാന്തകുമാർ, എ.കെ.സഹജൻ,വി. എസ്. പ്രസന്നകുമാർ, ഡി. ശിവപ്രസാദ്,കിടങ്ങിൽ മഹേന്ദ്രൻ,പി. വിനോദ് എന്നിവർ പങ്കെടുത്തു.

































