കുന്നത്തൂർ:കുന്നത്തൂരിൽ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആക്ഷേപം ശക്തമാകുന്നു.തുരുത്തിക്കര കെ.ജി ഭവനിൽ രാമകൃഷ്ണപിള്ളയാണ്(68) ഇന്നലെ വൈകിട്ട് 5 ഓടെ അപകടത്തിൽ മരിച്ചത്.കുന്നത്തൂർ ആറ്റുകടവ് – ചീക്കൽകടവ്
റോഡിൽ തൂമ്പിൻപുറം ഭാഗത്ത് വച്ചായിരുന്നു അപകടം.ചിട്ടി പിരിവ് നടത്തി വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.എതിരെ വരികയായിരുന്ന സ്കൂൾ ബസ്സിന് സൈഡ് കൊടുക്കാൻ
ലോറി വേഗതയിൽ പിറകോട്ട് എടുത്തപ്പോൾ പിറകിലായി എത്തിയ ബൈക്കിൽ പിൻചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദ്ദേഹം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
തലാപ്പിൽ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ മെറ്റൽ ക്രഷറിലേക്ക് പാറയുമായെത്തിയ ലോറിയാണ് അപകടം സൃഷ്ടിച്ചത്.ഇവിടേക്ക് ദിവസവും നിരവധി ലോഡ് പാറയാണ് ടിപ്പർ,ടോറസ് ലോറികളിൽ എത്തിക്കുന്നത്.ലോറിയിൽ അനധികൃത സൗകര്യമൊരുക്കി ഇരട്ടിയിലധികം പാറയാണ് എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നതും
റോഡ് തകരുന്നതിനും ഇടയാക്കിയതോടെ പ്രദേശത്തെ യുവാക്കൾ പലപ്പോഴും വാഹനങ്ങൾ തടയുക പതിവായിരുന്നു.ഇതിനാൽ ആറ്റുകടവ് – തോട്ടം വഴി വാഹനങ്ങൾ എത്തുന്നതിന് നേരിയ കുറവുണ്ട്.കാരവിള
റോഡിലൂടെ ഇത്തരം വാഹനങ്ങൾ പോകാൻ നാട്ടുകാർ അനുവദിക്കില്ല.ഇതിനാൽ നെടിയവിള -തുരുത്തിക്കര വഴിയാണ് തൂമ്പിൻപുറത്തെ പ്ലാൻ്റിലേക്ക്
ലോറികൾ എത്തുന്നത്.ഇങ്ങനെ പാറയുമായി എത്തുന്ന വഴിയിലാണ് രാമകൃഷ്ണ പിള്ളയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.അനധികൃതമായി എത്തുന്ന ഇത്തരം വാഹനങ്ങൾ പരിശോധിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.ഭാര്യ:ജയശ്രീ.മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി.മരുമക്കൾ:അശ്വതി, പരേതനായ അതുൽ.


































