ശാസ്താംകോട്ട:വാഹനാപകടത്തിൽ മരിച്ച മാതാവിൻ്റെ സഞ്ചയന ദിവസത്തിൻ്റെ തലേന്ന് മകൻ ആത്മഹത്യ ചെയ്തു.മൈനാഗപ്പള്ളി കോവൂർ കാവിന്റെ മേലെതിൽ ശാന്തമ്മയുടെയും പരേതനായ
രാജൻ പിള്ളയുടെയും മകൻ കലേഷ് (45) ആണ് മരിച്ചത്.മാതാവ് ശാന്തമ്മയുടെ
സഞ്ചയനം ഞായർ നടക്കാനിരിക്കെയാണ് മകൻ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച കോവൂർ തോപ്പിൽ മുക്കിൽ ബസ് തട്ടിയാണ് ശാന്തമ്മ മരണപ്പെട്ടത്.ഇന്നലെ രാവിലെയോടെയാണ് കലേഷ് മരിച്ചതെന്ന് കരുതപ്പെടുന്നു.എന്നാൽ വൈകിട്ടാണ് ബന്ധുക്കൾ മൃതദ്ദേഹം കാണുന്നത്.മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് രാജൻപിള്ള എട്ടുവർഷം മുമ്പ് തേവലക്കര ചേന്നങ്കര ജംക്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ അടിയിൽ പെട്ടാണ് മരിച്ചത്.
മാതാവ് ശാന്തമ്മയും കലേഷുമായിരുന്നു വീട്ടിൽ താമസം.കലേഷ് അവിവാഹിതനായിരുന്നു.മാതാവ് മരണപ്പെട്ടതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.കഴിഞ്ഞ
ഞായറാഴ്ച ചവറയിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ തോപ്പിൽമുക്കിലേക്ക് വരികയായിരുന്ന ശാന്തമ്മ സ്റ്റോപ്പിൽ നിർത്തി ഇട്ടിരുന്ന ബസിൽ കയറുന്നതിന് വേണ്ടി ബസിന് മുന്നിലൂടെ ഓടി വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ഇതിനിടയിൽ മുന്നോട്ട് എടുത്ത ബസ് ശാന്തമ്മയെ തട്ടുകയും റോഡിൽ വീണ ഇവരുടെ കാലിലൂടെ പിൻചക്രം കയറി ഇറങ്ങുകയുമായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കല,കവിത എന്നിവരാണ് കലേഷിൻ്റെ സഹോദരങ്ങൾ.കലേഷിൻ്റെ സംസ്ക്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും.








































