
തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു
കൊല്ലം (തുരുത്തിക്കര). എല്ലാ മതങ്ങളും ഒന്നാണ്. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് കാണാന്‍ കഴിയാത്ത ഒരേ ശക്തിയെ ആണ്. ദൈവത്തിലേക്ക് എത്തിച്ചേരാന്‍ പല വഴികളുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ വഴികള്‍ സ്വീകരിക്കുന്നുവെന്നു മാത്രം . ഒരാളെയും അവരുടെ മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ടതില്ല. എന്തിനാണ് നമ്മള്‍ മറ്റൊരാളുടെ വിശ്വാസത്തെ മാറ്റാന്‍ ശ്രമിക്കുന്നത്. ദൈവത്തെ കണ്ടെത്തുന്നതിന് മതം മാറേണ്ട കാര്യമില്ലെന്നും വിശ്വാസത്തെ മുറുകെ പിടിച്ചാല്‍ മതിയെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ജിവിതത്തിൽ വിജയിക്കാൻ ദൈവത്തിൽ വിശ്വാസം വേണം. വിശ്വാസത്തിലേക്കുളള വഴി തിരിച്ചറിയലാണ്. വിശ്വാസത്തെ പിന്തുടരുന്നത് ദൈവത്തോടുളള സേവനമാണ്. അത് മനുഷ്യന് ധൈര്യവും ദിശയും നല്‍കുന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ അസ്തിത്വത്തെ തിരിച്ചറിയാത്തവരാണ് അതിനെ വെല്ലുവിളിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നാം മറ്റുളളവരെ ബഹുമാനിക്കണം. അത് നാം നമ്മളെ ബഹുമാനിക്കുന്നതിനു തുല്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ശതാബ്ദി ആഘോഷങ്ങൾ ഒരു ദേവാലയത്തിൻ്റെ മാത്രം ആഘോഷമല്ല, അതൊരു വിശ്വാസത്തിൻ്റെയും സമൂഹത്തിൻ്റെയും ആഘോഷമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മാർത്തോമ്മാ സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, അടൂർ ഭദ്രസനാധിപൻ റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ജോയ് ജോണ്‍ തുരുത്തിക്കര, റവ. എ. ധര്‍മ്മിഷ്ഠ പണിക്കര്‍, റവ. കിരണ്‍ ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സുവനീർ പ്രകാശനം, ചാരിറ്റി ഫണ്ട് സ്വീകരണം, പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം, ലോഗോ പ്രകാശനം, ശതാബ്ദി മെമ്മോറിയൽ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം എന്നിവയും ചടങ്ങില്‍ നടന്നു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ പി.ടി., ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശിവശങ്കരപ്പിള്ള, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. ജോൺ മാത്യു, കരിന്തോട്ടുവ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് വികാരി ഫാ. കാലേബ്, വിജയറാണി കത്തോലിക്കാ ചർച്ച് വികാരി ഫാ. ജസ്റ്റിൻ ജോസഫ്, കരിന്തോട്ടുവ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. പ്രവീൺ സാം പണിക്കർ, കുന്നത്തൂർ ശാലോം മാർത്തോമ്മാ ചർച്ച് വികാരി റവ. സുബിൻ എം. മാത്യൂ, ബോംബെ ഐ.പി.സി. സീനിയർ പാസ്റ്റർ ജോൺസൺ ചാക്കോ, കരിന്തോട്ടുവ സാൽവേഷൻ ആർമി ചർച്ച് മേജർ ജോൺ, വൈ.എം.സി.എ. പ്രതിനിധി ഫാ. സോളു കോശി രാജു, റവ. വി. കുഞ്ഞുകോശി, റവ. വൈ. ജോർജ്, വാർഡ് മെംബർ എൻ. രാജി, പ്രോഗ്രാം കൺവീനർ വൈ. തോമസ്, റവ. എബി ഉമ്മൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇടവകയിലെ മുൻ ഭാരവാഹികളെയും 80 വയസ്സിന് മുകളിലുള്ള അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം നേടിയവരെയും പരിപാടിയില്‍ ആദരിച്ചു. തുടർന്ന് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ മാർഗംകളി, കോൽകളി, നൃത്തപരിപാടികൾ എന്നിവ അരങ്ങേറി . അമൃത ടിവി സൂപ്പർ ഫാമിലി റിയാലിറ്റി ഷോ ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച സംഗീതസന്ധ്യയും നടന്നു.
ഇന്ന്( ജനുവരി 18 ഞായറാഴ്ച ) ഇടവക ദിനത്തോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ആദ്യ കുർബാന ശുശ്രൂഷയ്ക്കും അഭിവന്ദ്യ യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്നോടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഔദ്യോഗിക സമാപനമാകും.
ഫോട്ടോ: തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കൊടിക്കുന്നിൽ സുരേഷ് എം.പി, ജോയ് ജോണ്‍ തുരുത്തിക്കര, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, റവ. എ. ധര്‍മ്മിഷ്ഠ പണിക്കര്‍, റവ. വി. കുഞ്ഞുകോശി എന്നിവര്‍ സമീപം






































