കിഴക്കേ കല്ലട.കല്ലട മേഖലയിൽ വൈദ്യുതി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് കിഴക്കേ കല്ലടയിൽ സ്ഥാപിക്കുന്ന 110 കെ. വി സബ് സ്റ്റേഷൻനിർമാണത്തിന് വൈദ്യുതി ബോർഡ് സാങ്കേതികാ നുമതി നൽകി. വിശദമായ എസ്റ്റിമേറ്റ് പ്രകാരം 7.53 കോടി രൂപയ്ക്കുള്ള ഇതു സംബന്ധിച്ച ഉത്തരവ് ഡിസംബർ 17 നാണ് പുറത്തിറങ്ങിയത്.
കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസിന് രേഖാമൂലം നൽകിയ മറുപടിയിൽ വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചതാണിത്.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനു സബ് സ്റ്റേഷൻ നിർമാണത്തിനുള്ള ഭരണാനുമതി നൽകിയിരുന്നു.കണ്ട്രോൾ റൂമിന്റെ നിർമാണത്തിനുള്ള പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ട്. എർത്ത് മാറ്റ്, സബ് സ്റ്റേഷൻ എക്യുപ്പ്മെന്റ് ഇറക്ഷൻ, കണ്ട്രോൾ വയറിംഗ് എന്നിവയ്ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെൻഡർ ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.
പുതിയ 110 കെ.വി സബ് സ്റ്റേഷൻ നിലവിൽ വരുന്നതോടെ കിഴക്കേ കല്ലട, മൺറോതുരുത്ത് പഞ്ചായത്തുകളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. കുണ്ടറയ്ക്ക് പുറമെ ശാസ്താംകോട്ട,പുത്തൂർ സബ് സ്റ്റേഷനുകളെ കൂടി ആശ്രയിച്ചുള്ള നിലവിലെ വൈദ്യുതിവിതരണരീതി ഇതോടെ ഒഴിവാക്കാനും കഴിയും.
രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിട്ടുന്ന പടിഞ്ഞാറെ കല്ലടയെ കൂടി പുതിയ 110 കെ. വി സബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തി കല്ലട മേഖലയിലാകെ തടസ്സം കൂടാതെയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ . അശോകൻ എന്നിവർ ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു.
വി. എസ്. പ്രസന്നകുമാർ, കെ. റ്റി. ശാന്തകുമാർ, എൻ. അംബു ജാക്ഷപണിക്കർ, എ. കെ. സഹജൻ,കിടങ്ങിൽ മഹേന്ദ്രൻ, ഡി. ശിവപ്രസാദ്, പി. വിനോദ്, എസ്. സോമരാജൻ എന്നിവർ പങ്കെടുത്തു.





































