ശാസ്താംകോട്ട:ശൂരനാട് രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികാചരണത്തിന്റെയും ഡിസംബർ 31ന് നടന്ന പതാക ദിനത്തിന്റെയും ഭാഗമായി സ്ഥാപിച്ച കൊടിമരവും പതാകയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.സംഘാടക സമിതി ഉയർത്തിയ സിപിഐയുടെ പതാകയും കൊടിമരവുമാണ് പിഴുതെറിഞ്ഞത്.കൂടാതെ, രക്തസാക്ഷിദിന സന്ദേശങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് അക്രമം നടന്നത്.തദ്ദേശ
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം ശൂരനാട് വടക്ക് പഞ്ചായത്തിൽ എൽഡിഎഫിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയും അനൈകൃതയുമാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.പ്രദേശത്തെ രാഷ്ട്രീയ സമാധാനം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന
ശൂരനാട് വടക്ക് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ സോന സത്യൻ ഒരു വോട്ടിനാണ് പരാജയപ്പെടുകയും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തിരുന്നു.സോന സത്യന് ലഭിക്കേണ്ടിയിരുന്ന ഏഴ് പോസ്റ്റൽ വോട്ടുകൾ അസാധുവായതാണ് തോൽവിക്ക് പ്രധാന കാരണമായത്.പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത്.അതിനിടെ ശൂരനാട് രക്തസാക്ഷിത്വത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പതാക ഉയർത്തലിൽ എൽഡിഎഫിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ സിപിഎമ്മും സിപിഐയും ചേർന്ന് പതാക ഉയർത്തിയതിന് തൊട്ടടുത്തായി സിപിഎം റിബലുകളും പതാക ഉയർത്തിയത് ചർച്ചയായിരുന്നു.രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന പാതിരിക്കലിൽ സിപിഎമ്മും സിപിഐയും വെവ്വേറെ പാതാക ഉയർത്തിയത് എൽഡിഎഫിലെ അനൈകൃതയും വിഭാഗീയതയും പരസ്യമായി പൊതുമധ്യത്തിൽ എത്തിക്കുന്നതിന് സമാനമായിരുന്നു.






































