പരവൂർ സ്നേഹ മംഗല്യ കൂട്ടായ്മയുടെ സമൂഹ വിവാഹ ചടങ്ങിലൂടെ മൂന്ന് യുവതി – യുവാക്കൾ പുതുജീവിതത്തിലേയ്ക്ക്

Advertisement

പരവൂർ: പുറ്റിംഗലമ്മയുടെ തിരുമുമ്പിൽ ആയിരങ്ങളെ സാക്ഷി നിർത്തി മൂന്ന് യുവതി – യുവാക്കൾ പുതുജീവിതത്തിലേയ്ക്ക് പദമൂന്നി. പരവൂർ സ്നേഹ മംഗല്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമൂഹ വിവാഹ ചടങ്ങ് ചരിത്രമുറങ്ങുന്ന പരവൂരിന്റെ മണ്ണിൽ ജനപങ്കാളിത്തം കൊണ്ട് പുതു ചരിത്രമാണ് കുറിച്ചത്.

ക്ഷേത്രാങ്കണത്തിലെ സ്റ്റേജിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി ബിനു ശാന്തി ചടങ്ങിന് ഭദ്രദീപം തെളിച്ചു. തുടർന്ന് താലികെട്ട് ചടങ്ങ് നടന്നു. വധൂ വരന്മാർ പരസ്പരം പുഷ്പഹാരം അണിയിച്ചു.  പന്തൽ നിറഞ്ഞ് കവിഞ്ഞ ജനസഞ്ചയം ചടങ്ങിന് മംഗളം നേർന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മനുഷ്യത്വപരമായ ഇടപെടലിന് അപ്പുറം  മഹത്തായ കർമമാണ് സ്നേഹ മംഗല്യ കൂട്ടായ്മ നടത്തിയതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ആർഭാട രഹിതമായി മഹത്കർമം കഴിയുമെന്ന് സംഘടനയ്ക്ക് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രോൽസവങ്ങളിൽ ആഡംബരവും ആർഭാടവും ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്ടിതമായ ഇതു പോലുള്ള സാമൂഹിക ഇടപെടലുകൾ നടത്താൻ  ബന്ധപ്പെട്ടവർ തയാറാകണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.

കൂട്ടായ്മ ചെയർമാൻ അഡ്വ. ഷൈൻ സുന്ദർ പടിപ്പുരയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ മുഖ്യപ്രഭാഷണം നടത്തി.

മുൻ ചെയർമാൻ കെ.പി.കുറുപ്പ്, കൗൺസിലർമാരായ ആർ.എസ്.സുധീർ കുമാർ, എസ്. ശ്രീലാൽ, എൽ.സിന്ധു, ആർ. ഷാജി, ആർ.രഞ്ജിത്ത്, പുറ്റിംഗൽ ദേവസ്വം സെക്രട്ടറി പി.എസ്.ജയലാൽ, കൂട്ടായ്മ ജനറൽ കൺവീനർ ജി. ജയനാഥ്, വൈസ് ചെയർമാൻ എസ്.ആർ.സുജിരാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കവിത, സതീഷ് വാവറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement