Home News Breaking News സമാധാനപരമായ വോട്ടെടുപ്പ് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

സമാധാനപരമായ വോട്ടെടുപ്പ് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

Advertisement

കണ്ണൂർ:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിച്ചു. കടുത്ത വേനൽച്ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനുള്ളിലും ആവേശത്തോടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഈ ബൃഹത്തായ ദൗത്യം വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്ര സേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തെ അദ്ദേഹം ശ്ലാഘിച്ചു. ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനയുടെയും ഏകോപിതമായ പ്രവർത്തനം വോട്ടെടുപ്പ് സുഗമമാക്കുന്നതിൽ നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിധി രേഖപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന ആഹ്വാനത്തോടെയാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിലെ ഈ സജീവ പങ്കാളിത്തം നാടിന്റെ പുരോഗതിക്ക് കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here