ന്യൂ ഡെൽഹി :ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ രണ്ടാം ദിവസവും വാദം തുടരുന്നു. മതപരമായ ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നതിൽ കോടതിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിനായി നിലപാടുകൾ വ്യക്തമാക്കിയത്. മതപരമായ ആചാരങ്ങളിൽ യുക്തി തേടുന്നത് ശരിയല്ലെന്നും വിശ്വാസങ്ങളെ സമത്വ സങ്കൽപ്പങ്ങൾ കൊണ്ട് മാത്രം അളക്കരുതെന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ശബരിമലയിലെ ആരാധനാക്രമങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രത്തിൻ്റെ വാദം. 2018-ലെ ശബരിമല വിധി തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിച്ചതെന്നും കേന്ദ്രം ആവർത്തിച്ചു. സ്ത്രീകളുടെ ജൈവികമായ അവസ്ഥയെ അയിത്തമായി കാണുന്നത് ശരിയാണോ എന്നും ഇത് വിവേചനത്തിന്റെ പരിധിയിൽ വരില്ലേ എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. എന്നാൽ, ഇത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും മറിച്ച് പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്തുള്ള പ്രത്യേക ആചാരം മാത്രമാണെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി. മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ വരും ദിവസങ്ങളിലും കോടതിയിൽ വിശദമായ വാദം തുടരും.
Home News Breaking News ശബരിമല: സ്ത്രീകളുടെ ജൈവീകമായ അവസ്ഥയെ അയിത്തമായി കാണുന്നത് വിവേചനമല്ലേയെന്ന് സുപ്രീം കോടതി





































