ശാസ്താംകോട്ട:നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ഭരണിക്കാവിൽ നടന്ന കൊട്ടിക്കലാശം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു.കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ,എൽഡിഎഫ് കോവൂർ കുഞ്ഞുമോൻ,എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് എന്നിവരുടെ പ്രചരണാർത്ഥമാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്.പ്രവർത്തകരിൽ ആവേശം പകർന്ന് മൂന്ന് പ്രധാന സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിന് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.വൈകിട്ട് മൂന്നോടെ ആയിരക്കണക്കിന് പ്രവർത്തകർ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങളിൽ ഭരണിക്കാവിലെത്തി.വാദ്യമേളങ്ങളും പ്രചരണ വാഹനങ്ങളിലെ പാരഡിഗാനങ്ങളും അകമ്പടിയേകി.പ്രവർത്തകർ ടൗൺ കയ്യടക്കിയതോടെ മണിക്കൂറുകളോളം ഭരണിക്കാവിൽ ഗതാഗതം സ്തംഭിച്ചു.നാഷണൽ പെർമിറ്റ് ലോറികളുടെയും സ്വകാര്യ ബസുകളുടെയും മുകളിൽ കയറിയ പ്രവർത്തകർ തങ്ങളുടെ പാർട്ടിയുടെ കൊടിനാട്ടി നൃത്തം വച്ചു.മുദ്രാവാക്യം വിളിച്ച് വിവിധ പാർട്ടി പ്രവർത്തകർ പോർവിളി നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.വൈകിട്ട് ആറോടെയാണ് കൊട്ടിക്കലാശത്തിന് സമാപനമായത്.ഭരണിക്കാവിനൊപ്പം കുന്നത്തൂർ നെടിയവിള,പുത്തൂർ,മൈനാഗപ്പള്ളി, കാരാളിമുക്ക്,ചക്കുവള്ളി,ചിറ്റുമല, മൺട്രോതുരുത്ത്,ശൂരനാട് എച്ച്.എസ് ജംഗ്ഷൻ,പതാരം,പവിത്രേശ്വരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് എൽഡിഎഫും യുഡിഎഫും കൊട്ടിക്കലാശം നടത്തിയത്.എന്നാൽ എൻഡിഎ ഭരണിക്കാവിലും പവിത്രേശ്വരത്തുമാണ് കൊട്ടിക്കലാശം നടത്തിയത്.ഉച്ചയ്ക്ക് 3 മണിയോടെ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് റോഡ് ഷോയുടെ അവസാനമാണ് പഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊട്ടിക്കലാശത്തിന് പ്രവർത്തകർ എത്തിച്ചേർന്നത്.ഉച്ചത്തിൽ ഉച്ചഭാഷണികളിലുടെ പാട്ടും അനൗൻസ്മെൻ്റുകളും നടത്തിയും വാഹനങ്ങളുടെയും ട്രാഫിക് ഐലൻ്റുകളിലും ഉയർന്ന കെട്ടിടങ്ങളുടെ മുകളിലും കയറി കൊടികൾ വീശിയും കൊട്ടിക്കലാശത്തിന് ആവേശം പകർന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് മിക്കയിടത്തും പോലീസ് നിലയുറപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഭരണിക്കാവിൽ ദ്രുതകർമ്മസേനയെ അടക്കം വിന്യസിച്ചിരുന്നു.സംഘർഷം ഉണ്ടാകാതിരിക്കാൻ മൂന്ന് മുന്നണികൾക്കും ടൗണിൽ നേരുത്തേ തന്നെ സ്ഥലം നിശ്ചയിച്ചു നൽകിയിരുന്നു.6 മണിയോടെ മൈക്ക് ഓഫ് ചെയ്യണമെന്ന കർശന നിർദേശം പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതോടെയാണ് കൊട്ടിക്കലാശത്തിന് സമാപനമായത്.




































