Home News Breaking News രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാടില്ല: എ വിജയരാഘവൻ

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാടില്ല: എ വിജയരാഘവൻ

Advertisement

ശൂരനാട്:
രാഹുൽ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോൺഗ്രസ് നേതാവാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ചക്കുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണക്കുന്ന ഇന്ത്യാ സഖ്യം ഉള്ളതു കൊണ്ടാണ്. ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നത് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലാത്തതു കൊണ്ടാണ്. നേരത്തെ മൻമോഹൻസിങ്ങ് പ്രധാനമന്ത്രി കസേരയിൽ ഇരുന്നതും ഇടതുപക്ഷത്തിന്റെ പിന്തുണയിലാണെന്നത് രാഹുൽ മറക്കുന്നു. കേരളത്തിന്റെ എല്ലാ മാറ്റങ്ങൾക്ക് മുന്നിലും ഇടതുപക്ഷമാണ്. കേരളത്തിന്റെ കരുത്തിലും നൻമയിലുമാണ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടിയത്. ഈ സാമൂഹ്യ സുരക്ഷ രാഹുലിന് മറ്റൊരു സംസ്ഥാനത്തും കിട്ടില്ല. യുഡിഎഫ് വർഗീയ ഐക്യമുന്നണി ആണ്. എല്ലാ വർഗീയതയുമായും യുഡിഎഫ് സന്ധിചെയ്യുന്നു. മതന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുന്ന നാടാണ് കേരളം. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കിയ ഒരു ദശാബ്ദമാണ് കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ നുണ പറയുന്നയാളാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. നുണ ആവർത്തിച്ച് പറഞ്ഞ് സത്യത്തെ മറയ്ക്കുന്നു. ഇതുകൊണ്ടൊന്നും എൽഡിഎഫിന്റെ വിജയത്തെ തടയാനാവില്ല. എല്ലാ മേഖലയിലും വികസനം നടപ്പാക്കിയ സർക്കാരാണ് കേരളത്തിലേത് – വിജയ രാഘവൻ പറഞ്ഞു. എൽഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ ശിവശങ്കരൻ നായർ അധ്യക്ഷനായി. സെക്രട്ടറി പി കെ ഗോപൻ ,എം ഗംഗാധരകുറുപ്പ്, ടി ആർ ശങ്കരപിള്ള, ബി ശശി, ഉഷാലയം ശിവരാജൻ, ദിലീപ് കുമാർ, സാബു ചക്കുവള്ളി എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here