Home News Breaking News കെ.ടി ജലീലിനെ പൂട്ടാൻ വി.എസ് ജോയ്;  തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ; മേൽക്കെ തവനൂരിൻ്റെ മനസിൽ...

കെ.ടി ജലീലിനെ പൂട്ടാൻ വി.എസ് ജോയ്;  തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ; മേൽക്കെ തവനൂരിൻ്റെ മനസിൽ ഇത്തവണ ആര് കുടിയേറും?

Advertisement

മലപ്പുറം:തവനൂരിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് അരങ്ങിലൊരുങ്ങുന്നത്. ജില്ലയിൽ എൽ.ഡി.എഫിന് വേരോട്ടം ഉണ്ടായ മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വരുന്നതും. എന്നാൽ, ഇത്തവണ അതിനു മാറ്റം വരുമെന്നാണ് മണ്ഡലത്തിൽ ശക്തനായ വി.എസ് ജോയിയെ മത്സരത്തിനിറക്കി യുഡിഎഫ് വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയാണ് തവനൂരെങ്കിലും വി.എസ് ജോയിയെ കളത്തിലിറക്കി പുതിയ പരീക്ഷണം കൂടിയാണ് കോൺ​ഗ്രസ് മണ്ഡലത്തിൽ പ്രയോ​ഗിക്കുന്നത്. ജോയിക്ക് തവനൂരിൽ കിട്ടുന്ന ജനകീയത കൂടിയാണ് കോൺ​ഗ്രസിനെ ഇത്തരം പരീക്ഷണത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതും.

മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്റാണ് വി.എസ് ജോയ്. കൂടാതെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട യുവ രാഷ്ട്രീയ നേതാവ് കൂടിയാണ്. അതേസമയം, ഇടതുപക്ഷത്തിന് ജലീൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 2011 മുതൽ ഇടത് കോട്ടയായി തന്നെ നിലനിർ‍ത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. കൃത്യമായി പറഞ്ഞാൽ അത് ജലീൽ മാജിക്കിൽ പിറന്ന വിജയം എന്നും പറയാം. എന്നിരുന്നാലും 2021-ലെ തെരഞ്ഞടുപ്പിൽ 2,185 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് ജലീലിന് ജയിക്കാൻ കഴിഞ്ഞത്. ഒന്നാം പിണറായി സർക്കാരിലെ മന്ത്രി കൂടിയായിരുന്നുവെങ്കിലും കനത്ത പോരാട്ടമായിരുന്ന അന്ന് യു‍‍‍ഡിഎഫ് കാഴ്ച്ചവെച്ചത്. സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപ്പറമ്പിലായിരുന്നു സ്ഥാനാർ‍ത്ഥി.

വളരെ സെക്കുലർ സ്വഭാവം നിലനിർത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. വി.എസ് ജോയിയുടെ സ്ഥാനാർ‍ത്ഥിത്വവും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വേണം പറയാൻ. ക്രൈസ്തവ സമുദായത്തിന് പേരിനുള്ള സ്വാധീനം മാത്രമാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷ സാമുദായിക ഘടകങ്ങളിൽ വി.എസ് ജോയിക്ക് കിട്ടു‌ന്ന സ്വീകാര്യത മുതൽ മുടക്കായി എടുക്കുകയാണെങ്കിൽ ഈ സെക്കുലർ സ്വഭാവം തവനൂരിനെ മാറ്റി മറിക്കാൻ സാധ്യതയുമുണ്ട്. മറിച്ച് ലീ​ഗിന്റെ പിൻബലം കൂടിയാകുമ്പോൾ ജോയിക്ക് വിജയത്തിലേക്ക് ഒരു പക്ഷേ കടക്കാൻ സാധിക്കും.

അതേസമയം, എൽഡിഎഫിന് തങ്ങളുടെ സ്റ്റാർ ക്യാന്‍ഡിഡേറ്റ് ജലീൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഒപ്പം സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസനവും പ്രചാരണമാക്കിയാണ് കളത്തിലിറങ്ങുന്നത്. എന്നിരുന്നാലും വെള്ളാപ്പള്ളി നടത്തിയ മലപ്പുറം പരാമർശവും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ജില്ലയിയെക്കുറിച്ചുള്ള പരാമർശവും ഇത്തവണ മണ്ഡലത്തിൽ ജലീലിനെ ഏതു തരത്തിൽ ബാധിക്കുമെന്നത് ഒരു ചോദ്യമാണ്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ കനത്ത തിരിച്ചടിയായിരുന്നു ഇടതുപക്ഷത്തിന് ലഭിച്ചത്. മാത്രമല്ല കയ്യിലിരുന്ന മണ്ഡലത്തിലെ പഞ്ചായത്തുകളിലും നേരിട്ട തോൽവി കനത്ത സമ്മർദത്തിലാക്കിയിരുന്നുതാനും. ഇത് നിയമസഭയിലെ ഭാവി തുലാസിലാക്കുമോ എന്നതും കാര്യമായി തന്നെ പരിഗണിക്കപ്പെടും. എൽ.ഡി.എഫിനൊപ്പം നിന്ന തവനൂർ, പുറത്തൂർ, എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകൾ കൂടി തദ്ദേശ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതോടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മേൽക്കൈ.
എന്നിരുന്നാലും ലീഗിൽ നിന്നും പടവെട്ടി പുറത്തുവന്ന കെ.ടി ജലീൽ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറുമ്പോഴും തവനൂരുകാർ ജലീലിനെ കൈവിട്ടില്ലായിരുന്നു. എതിർ സ്ഥാനാർത്ഥി ശക്തനാണെങ്കിലും വ്യക്തി ബന്ധങ്ങളും നിഷ്പക്ഷ വോട്ടുകളും ഇത്തവണയും ജലീലിനെ തുണക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here