ന്യൂഡെല്‍ഹി. അച്ചടക്കമുള്ള പാര്‍ട്ടി അംഗമായി കെ സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഷ്ട്രീയ കേരളത്തെ ഒട്ടാകെയും മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്‍ മല്‍സരിക്കാനുള്ള ശ്രമം അവസാനിപ്പിച്ച് ഡെല്‍ഹി വിടുന്നു. സുധാകരന്‍റെ തീരുമാനമറിയാന്‍ കാറിനുമുന്നിലേക്ക് തിങ്ങിക്കൂടിയ മാധ്യമ പ്രവര്‍ത്തകരോട് വിമതനാകാനില്ലെന്നും പാര്‍ട്ടിവിട്ടു താനെവിടെപോകാനെന്നും പാര്‍ട്ടി എത്രയോ വലുത് താന്‍ എത്രയോ ചെറുത് എന്നുമാണ് പ്രതികരിച്ചത്. സ്വതന്ത്രനായോ വിമതനായോ മല്‍സരിക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഒരു തരത്തിലെ വിമതനീക്കത്തെയും പ്രോല്‍സാഹിപ്പിക്കാനില്ലെന്നും വ്യക്തമാക്കി.
also read:
ദിവസങ്ങള്‍ നീണ്ട തട്ടുപൊളിപ്പന്‍ നാടകത്തിന് ശുഭപര്യവസാനമായെന്നുവേണം കരുതാന്‍. കണ്ണൂരില്‍ കെ സുധാകരനുവേണ്ടി ബഹളമനുണ്ടാക്കിയവരെയെല്ലാം നിരാശപ്പെടുത്തി സമാശ്വാസത്തിന്‍റെയും പക്വതയുടെയും നിറകുടമായാണ് സുധാകരന്‍ വൈകിട്ട് കാണപ്പെട്ടത്. ഒരുകാര്യവുമില്ലാതെ കോണ്‍ഗ്രസിനെ അവമതിപ്പിലാക്കിയ മണിക്കൂറുകള്‍ കാറ്റില്‍ കാര്‍മേഘം പോലെ നീങ്ങിയത് കേരളത്തിലെ നേതൃനിരക്ക് ചില്ലറ ആശ്വാസമല്ല പകരുന്നത്. ഒപ്പം തുടക്കം മുതല്‍ പാളാതെനിന്ന വിഡി സതീശന്‍റെ നിലപാടിന് കിട്ടിയ ദേശീയാംഗീകാരം കൂടിയായി ഇത്.

































