കൊല്ലം. പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.
മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ വള്ളിപ്പടര്‍പ്പ് ചുറ്റിയ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.
also read:
ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ വിരട്ടി മാറ്റിയ ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.


































