ആലപ്പുഴ. പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്. അതിനിടെ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വസതിയിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് വിവരം.
also read :
സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം.
അങ്ങനെ മത്സരിക്കുന്നുണ്ടെങ്കില്‍ സുധാകരനോടൊപ്പം പ്രവര്‍ത്തകരും കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ജി സുധാകരന്‍ ആരംഭിച്ചിട്ടുണ്ട്. സുധാകരന്‍ പല നേതാക്കളെയും ബന്ധപ്പെട്ടത് പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം പാര്‍ട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാര്‍ട്ടി വിട്ട് പോകില്ലെന്നും ധാര്‍മിക, ആശയപരമായ മൂല്യങ്ങള്‍ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. സുധാകരനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തുവന്ന നേതാക്കള്‍ എന്താണ് സംസാരിച്ചത് എന്ന കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുധാകരനെ കണ്ടുവെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമാണ് നേതാക്കള്‍ പറഞ്ഞത്.
അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ചേരും. അതിനു മുൻപ് നേതാക്കൾ ജി സുധാകരന്റെ വീട്ടിലെത്തി. 7 നേതാക്കളാണ് ജി സുധാകരന്റെ വീട്ടിൽ ചർച്ച നടത്തുന്നത്
നാളത്തെ വാർത്താസമ്മേളനം മാറ്റി വയ്പ്പിക്കാനാണ് ചർച്ച. വാർത്താസമ്മേളനം ഉപേക്ഷിക്കില്ല. നിലപാടിൽ ഉറച്ച് ജി സുധാകരൻ
നേതാക്കളെ വീട്ടിൽ കയറ്റിയില്ല. ചർച്ച നടന്നത് വീടിന് പുറത്ത്. സിറ്റൗട്ടിൽ വച്ചാണ് നേതാക്കളുമായി സംസാരിച്ചത്. ഏതായാലും നാളെ ഇരു കൂട്ടര്‍ക്കും നിര്‍ണായകം. സുധാകരന്‍ പുറത്തോ, ആര്‍ഭാടമായി അകത്തോ നാളെയറിയാം



































