ഗുവഹത്തി.രാജ്യത്തെ ഏറ്റവും വലിയ വാഹനകള്ളക്കടത്ത്കേസിൽ മുഖ്യ സൂത്രധാരനെ ഭൂട്ടാൻ അതിർത്തിയിൽ നിന്ന് കസ്റ്റംസ് പിടികൂടി. ഓപ്പറേഷൻ നുംകോറിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ എഞ്ചിനീയറായ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസാണ് പിടിയിലായത്. അസമിലെ ട്രാൻസ്പോർട്ട് ഓഫീസറടക്കം നാലുപേരും രാജ്യവ്യാപകമായ അന്വേഷണത്തിൽ പിടിയിലായി.
കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റ് തുടങ്ങിവെച്ച അന്വേഷണമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹനകള്ളക്കടത്ത് മാഫിയയെ മറ നീക്കി പുറത്ത് കൊണ്ടുവന്നത്. ഭൂട്ടാനിൽ നിന്ന് അതിർത്തികടന്നെത്തിയ വാഹനങ്ങൾ കൈവശം വെച്ചിരുന്നത് മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളും ബിസിനസുകാരും. ഇവരിൽ നിന്നായിരുന്നു ഓപ്പറേഷൻ നുംകോറിന്റെ തുടക്കം. അന്വേഷണം നാല് മാസം പിന്നിടുമ്പോൾ സംഘത്തിലെ മുഖ്യ സൂത്രധാരൻ തന്നെ കസ്റ്റംസിന്റെ വലയിലായി. വിപ്രോയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സീനിയർ എൻജിനീയറായ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസായിരുന്നു ഇടപാടുകളുടെ സൂത്രധാരൻ. ബൂട്ടാൻ അതിർത്തിയോട് ചേർന്നുളള ജൽപായ്ഗുരി സ്വദേശിയാണ്. ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെയും എസ്എസ്ബിയുടെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. ബിശ്വദീപിനൊപ്പം മാഫിയയുടെ കണ്ണികളായ നാലുപേർ അസമിൽ നിന്നും പിടിയിലായി. അസം ട്രാൻസ്പോർട്ട് വകുപ്പിലെ ഡി.ടി.ഒ ദീപക് പട്ടോവരി,
അയൂബ് അലി, മുഹമ്മദ് മുസ്തഫ അഹമ്മദ്,
ജലാൽ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഷില്ലോങ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായത്തോടെ ഗുവാഹത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് 450 ലേറെ വാഹനങ്ങളാണ് ഇവർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. വിദേശ നിർമ്മിത വാഹനങ്ങളും, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ശേഷം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളുമാണ് ഈ സംഘം പ്രധാനമായും ഇടപാട് നടത്തിയിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കാർ കള്ളക്കടത്ത്, വ്യാജ രജിസ്ട്രേഷൻ കേസാണ് ഓപ്പറേഷൻ നുംകോർ. ഒരേ ചേസിസ് , എഞ്ചിൻ നമ്പറുകളുള്ള പതിനയ്യായിരത്തിലേറെ വാഹനങ്ങൾ വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന സിഎജി റിപ്പോർട്ടും തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.






























