കൊച്ചി. എറണാകുളത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴയിൽ ബൈക്ക് ട്രക്കിന്റെ പുറകിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലാരിവട്ടം ബൈപ്പാസിലുണ്ടായ അപകടത്തിൽ സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് മരിച്ചത്.
മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് അർധരാത്രിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ കർണാടക സ്വദേശി മുത്തു രാജു, തമിഴ്നാട് സ്വദേശി ശരവണൻ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിയുടെ പുറകിലിടിച്ചതോടെ ഇരുവരും റോഡിലേക്ക് തലയടിച്ചുവീണു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോറി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മരിച്ച രണ്ടുപേരും മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
രാവിലെ ആറിനായിരുന്നു പാലാരിവട്ടം ബൈപ്പാസിൽ പൊന്നുരുന്നിക്ക് സമീപം രണ്ടാമത്തെ അപകടം. സ്കൂട്ടർ യാത്രികനായ വൈറ്റില ജനത സ്വദേശി സോമനാണ് മരിച്ചത്. അപകടമുണ്ടായ സ്ഥലത്തിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് സോമൻ. രാവിലെ ജോലിക്ക് പോകുമ്പോളായിരുന്നു അപകടം. ഹൈവേയിൽ യുടേൺ എടുക്കുന്നതിനിടെ പിക്കപ്പ് വാൻ സോമനെ ഇടിച്ച് തെറിപ്പിച്ചു. സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടറിനൊപ്പം തിരിഞ്ഞ ഓട്ടോയും അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം പതിവായ പ്രദേശത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും സംവിധാനങ്ങളില്ല. അഞ്ച് വർഷം മുൻപ് രണ്ട് മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതും ഇതിന് സമീപത്താണ്.


































