തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സ്‌റ്റെതസ്കോപ്പ് ഉൾപ്പടെ ധരിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്. സീനിയർ ന്യൂറോ സർജനെന്ന് പറഞ്ഞെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാന്റീൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇവർ കറങ്ങിനടന്നിരുന്നതായി വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്നും മുങ്ങിയ ഇവരെ കണ്ടെത്താനായില്ല.
പിന്നീട് വേഷം മാറി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്ന് ഓട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് വനിതാ സെക്യൂരിറ്റി ജീവനക്കാർ യുവതിയെ പിടികൂടിയത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. യുവതിയുടെ യഥാർത്ഥ പേര് വ്യക്തമല്ല. ഇവർ പല പേരുകൾ മാറ്റി പറയുന്നുണ്ട്. ഭർത്താവ് ശ്രീചിത്രയിൽ ജോലിചെയ്യുന്നുവെന്ന് പറഞ്ഞെങ്കിലും അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല. വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
































