കാസര്‍കോട്: മഞ്ചേശ്വരത്ത് പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലിരുന്ന ബന്ധുവും മരിച്ച സംഭവത്തില്‍ നടുങ്ങി നില്‍ക്കുകയാണ് നാട്. എത്രയൊക്കെ ശ്രമിച്ചിട്ടും പടരുന്ന മയക്കുമരുന്ന് അതുപയോഗിക്കാത്തവരുടെ കൂടി ജീവിതത്തിന് ഭീഷണിയാകുന്ന നൂറുകണക്കിന് കേസുകളാണ് പെരുകുന്നത്. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി 16 വയസുകാരി മറിയം ജുമൈലയാണ് പിതാവ് ഉമർ ഫാറൂഖിന്റെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. ഷേഖ് അബ്ബയും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഷേഖ് അബ്ബയെ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ ജുമൈലക്ക് വെട്ടേറ്റത്.
പ്രതിയായ ഉമ്മര്‍ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം.
ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ക്രൂരകൊലപാതകം ഉണ്ടായത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കാണുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഉമര്‍ സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സമൂഹത്തില്‍ നിത്യമെന്നോണം പെരുകുന്ന മയക്കുമരുന്നു അനുബന്ധ കുടുംബപ്രശ്നങ്ങളും സാധാരണ കേസുകളായാണ് നിയമവ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. മയക്കുമരുന്നിന് അടിമയായി വന്യമൃഗത്തെപ്പോലെ പെരുമാറുന്നവരെയും ജാമ്യം നല്‍കി സമൂഹത്തിലേക്കു തുറന്നുവിടുന്നതായാണ് കാണുന്നത്. അവര്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കിയാലും പുതിയ കേസായി കണ്ട് സാധാരണ നടപടികളിലേക്കാണ് പോകുന്നത്. മാരക ശക്തിയായി മയക്കുമരുന്ന് സമൂഹത്തില്‍ പടരുന്നതിനെപ്പറ്റി ഉപരിപ്ളവമായ പ്രസംഗങ്ങളല്ലാതെ ഇത് തടയാന്‍ കൂട്ടായ തീരുമാനത്തിലൂടെ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യ ശക്തമാണ്. മയക്കുമരുന്നു അനുബന്ധ പ്രതികളെ താമസിപ്പിക്കാന്നും ചികില്‍സിക്കാനും പ്രത്യേക ആവാസകേന്ദ്രങ്ങള്‍ വരണം, ഇവരെ സമൂഹത്തിലേക്ക് തുറന്നു വിടരുത്. അവര്‍ക്കായി നിയമത്തിന്‍റെ പഴുതുകള്‍ തുറന്നു നല്‍കുന്നത് മറ്റുള്ളവരെക്കൂടി അപകടത്തിലാക്കും. ഇന്നലെ നടന്ന രണ്ട് കൊലപാതകങ്ങളിലും നമ്മുടെ നിയമവ്യവസ്ഥ പ്രതിസ്ഥാനത്തു നില്‍ക്കുന്നതായാണ് ആക്ഷേപമുയരുന്നത്.
































