കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ദീപക് ജീവനൊടുക്കിയത് അധിക്ഷേപത്തെ തുടർന്നെന്നും കുടുംബം പറയുന്നു. ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്ന് ബന്ധു പറയുന്നു. ആ അച്ഛനും അമ്മയ്ക്കും മറ്റാരുമില്ല. കണ്ടന്‍റ് ക്രിയേറ്റ് ചെയ്യാൻ യുവതി ശ്രമം നടത്തുന്നതായിട്ടാണ് കാണാൻ സാധിച്ചതെന്ന് സുഹൃത്ത് ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഇവിടുത്തെ വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരാണ് ദീപക്. അതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകേണ്ടി വരാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. അന്ന് ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ഇന്നലെ രാത്രിയും ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചത്. ദീപകുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളോ കേസോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയും പറയുന്നു. 7 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് ദീപക്. ദൃശ്യങ്ങള്‍ പ്രചരിച്ചതിൽ ദീപക് മനോവിഷമത്തിലായിരുന്നുവെന്നും മരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണമിതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)







































