കൊല്ലം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ…അന്വേഷണത്തിനായി ആറാഴ്ച അധിക സമയം അനുവദിച്ചതിന് ശേഷമുള്ള ആദ്യ റിപ്പോർട്ടാണ് എസ്ഐടി നാളെ സമർപ്പിക്കുക. കേസിലെ പല കാര്യങ്ങളിലും വ്യക്തത വരുത്തുന്ന ശാസ്ത്രീയ പരിശോധനാ ഫലവും എസ്ഐടി നാളെ ഹൈക്കോടതിക്ക് കൈമാറും. വിഎസ്എസ് സി ലാബിൽ നടത്തിയ പരിശോധനയുടെ ഫലം എസ്ഐടി ഇന്നലെയും ഇന്നുമായി വിലയിരുത്തുകയാണ്. ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവും നിലവിലുള്ള സ്വർണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങൾ വ്യക്തമാവും. അതേസമയം, ഇന്നലെ മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ജയിൽ അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുവരികയാണ്. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും നാളെ എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കും…








































