കാസർഗോഡ്. കുംബഡാജെ സ്വദേശി പുഷ്പലതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. പുഷ്പലതയുടെ നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്.
പുഷ്പലതയുടെ മരണത്തിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് ദുരൂഹത സംശയിച്ചിരുന്നു. മോഷണത്തിനിടയുള്ള കൊലപാതകം എന്നായിരുന്നു പോലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മാസം 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്കും നാലു മണിക്കുമിടയിൽ പുഷ്പലത കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മുഖം പൊത്തി ശ്വാസംമുട്ടിച്ചത് മരണകാരണം ആവാം എന്നും റിപ്പോർട്ടിലുണ്ട്.പുഷ്പലതയുടെ മുഖത്തും കഴുത്തിലുമുള്ള പാടുകൾ പിടിവലിയ്ക്കിടയിൽ ഉണ്ടായതെന്നാണ് നിഗമനം. വയോധികയുടെ നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. മൃതദേഹത്തിനടുത്ത് പാത്രത്തിൽ വെള്ളം കണ്ടതും മാല മോഷണമെന്ന സംശയത്തിലേക്ക് പോലീസിനെ നയിക്കുന്നുണ്ട് . ഒറ്റപ്പെട്ട സ്ഥലം ആയതിനാൽ സമീപവാസികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാണ്. അതിർത്തി മേഖല ആയതിനാൽ കൃത്യത്തിന് ശേഷം പ്രതി കർണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.








































