തിരുവനന്തപുരം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയിൽ യുഡിഎഫ് നേതാവും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്തു. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ 40 സെന്റ് ഭൂമിയുണ്ട്. ഇവിടെ ഫ്ലാറ്റ് നിർമിച്ച് വിൽക്കുന്നതിന് ആന്റ നിർമാണ കമ്പനിയുമായി ധാരണാപത്രവും തയ്യാറാക്കി. 2020ൽ ആന്റ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. പണം നൽകുമ്പോൾ ഷിബു ബേബി ജോണും ഉണ്ടായിരുന്നു. എന്നാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമാണം മുന്നോട്ടുപോയില്ല. തുടർന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
താനോ കുടുംബമോ പണം വാങ്ങിയിട്ടില്ലെന്നും പരാതിക്കാരനെ കണ്ടിട്ടില്ലെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.


































