തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ചോദ്യം ചെയ്യാൻ SIT. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അടൂർ പ്രകാശിൽ നിന്ന് ചോദിച്ചറിയുക. കസ്റ്റഡിയിൽ ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിക്കുന്ന മൊഴിയും നിർണായകമാകും.. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന്റെ കൂടുതൽ മൊഴികളും പുറത്തുവന്നു.
SIT അന്വേഷണത്തിലെ മെല്ലെ പോക്കും രാഷ്ട്രീയ ഉന്നതരിലേക്കടക്കം അന്വേഷണം എത്തുന്നില്ലെന്ന ഹൈക്കോടതിയുടെ വിമർശനവും ഏറ്റുപിടിച്ച് പ്രതിപക്ഷം സർക്കാരിനെതിരായ ആക്രമണം ഘടിപ്പിക്കുമ്പോഴാണ് യുഡിഎഫിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി കൺവീനർ തന്നെ ചോദ്യമുനയിലേക്ക് എത്തുന്നത്. ആറ്റിങ്ങൽ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകൻ ആകാൻ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാൻ ഒപ്പം പോയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതുതരത്തിലുള്ള ബന്ധമാണ് അടൂർ പ്രകാശിന് ഉള്ളതെന്നാണ് അന്വേഷണസംഘം ചോദിച്ചറിയുക. സ്വർണ്ണ തട്ടിപ്പിന് എന്തെങ്കിലും സഹായം ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടൂർ പ്രകാശ് നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം സ്വർണ്ണക്കൊളള കേസിൽ കടകംപള്ളി സുരേന്ദ്രന്റെയും പി എസ് പ്രശാന്തിന്റെയും മൊഴിയിൽ വിശദമായ പരിശോധനയിലേയ്ക്ക് അന്വേഷണസംഘം കടന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോട്ട്സർ എന്ന നിലയിൽ ശബരിമലയിൽ വച്ച് കണ്ടുള്ള പരിചയ മാത്രമാണെന്ന് കടകംപള്ളിയുടെ മൊഴി.. കടകംപള്ളിക്കെതിരായ എ പത്മകുമാറിന്റെ മൊഴിയെ തള്ളുന്നതാണിത്. അതേസമയം
വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് ഡി മണി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയയും പ്രവാസി വ്യവസായിയെയും അറിയില്ലെന്നും മണിയും ബാലമുരുകനും ശ്രീകൃഷ്ണനും അന്വേഷണസംഘത്തോടെ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനും അന്വേഷണസംഘം തീരുമാനിച്ചു. ഇതിലൂടെ വിഗ്രഹ കടത്ത് ആരോപണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും SIT ക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്.. അടൂർ പ്രകാശ്..പി എസ് പ്രശാന്ത്. കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായുള്ള ബന്ധത്തെപ്പറ്റി ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴി നിർണായകമാകും..






































