വയനാട് .പുൽപള്ളി വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. 2016 ൽ ആണ് ഈ കടുവയെ ആദ്യമായി കാണുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ 48 ആം നമ്പർ ആൺകടുവയാണിത്. മാരൻ കൊല്ലപ്പെടുന്നതിന് മുമ്പ് ചീയമ്പത്ത് പോത്തിനെ കൊന്നതും ഈ കടുവയാണ്.
വണ്ടിക്കടവിന് സമീപം കന്നാരം പുഴയുടെ ഓരത്ത് വച്ചാണ് മാരനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കടുവ പിടിയിലായതോടെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
മേഖലയിൽ ഒന്നിൽ കൂടുതൽ കടുവകളുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരീക്ഷണം തുടരണമെന്നാണ് ആവശ്യം. നാലു കൂടുകളും ക്യാമറ ട്രാപ്പുകളും ഒരുക്കിയാണ് കടുവയെ വനം വകുപ്പ് പിടികൂടിയത്
.




































