തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ വെച്ച് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്. അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്ത കേസാണ്. കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.
കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകിയത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും 5 പോക്സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്. ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പരാതി ഉയർന്ന സാഹചര്യത്തിൽ കലാമണ്ഡലത്തിൽ നിന്നും കനകകുമാറിനെ പുറത്താക്കുകയും ചെയ്തിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ചെന്നൈയിൽ നിന്നും ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.





































