ഇടുക്കി. മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്തു. പാമ്പൻമല എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്ന പശുക്കളെയാണ് കടുവ പിടിച്ചത്.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് നാലു പശുക്കളെ മൂന്നാർ പാമ്പൻ മല എസ്റ്റേറ്റിൽ കടുവ ആക്രമിച്ചത്. പാമ്പൻ മല സ്വദേശികളായ വിനായക്, അരുണാചലം എന്നിവരുടെ പശുക്കളെ എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്നു. പശുക്കളെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ 3 ജഡം കണ്ടെത്തി. തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു പശുവിനെ കടുവ ആക്രമിച്ചത്.
പ്രദേശത്ത് മുൻപും കടുവയുടെ ആക്രമണത്തിൽ പശു ചത്തിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമം അല്ലെന്നും പരാതി. അടിയന്തരമായി കൂടുൾപ്പെടെ സ്ഥാപിക്കണമെന്നാണ് ആവശ്യം. അതേസമയം കടുവയുടെ സാന്നിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.






































