കോട്ടപ്പടി മേഖലയിൽ നടത്തുന്ന സോളാർ ഫെൻസിംഗ് അശാസ്ത്രീയമെന്ന് നാട്ടുകാർ

Advertisement

കോതമംഗലം.മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ കോട്ടപ്പടി മേഖലയിൽ നടത്തുന്ന സോളാർ ഫെൻസിംഗ് അശാസ്ത്രീയമെന്ന് നാട്ടുകാർ. മരങ്ങൾ മുറിച്ചു മാറ്റാതെയും, വന്യജീവികൾക്ക് സുഖമായി കടന്നുവരാവുന്ന രീതിയിലും ആണ് നിർമ്മാണം എന്നാണ് ആരോപണം. വർഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം എന്ന നിലപാടിലാണ് നാട്ടുകാർ.

മൂന്നരക്കോടി രൂപ മുടക്കിയാണ് കോതമംഗലം കോട്ടപ്പടിക്ക് സമീപം അയ്നിച്ചാൽ മുതൽ പാണിയേലി വരെ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നത്. മലയാറ്റൂർ DFO യുടെ നേതൃത്വത്തിൽ ഡബിൾ ലൈൻ സോളാർ തൂക്ക് വേലികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. എന്നാൽ സുരക്ഷാ വേലിക്ക് സമീപത്തുള്ള വലിയ മരങ്ങൾ മുറിച്ചു മാറ്റാത്തതും, വന്യജീവികൾക്ക് കടന്നു വരാവുന്ന രീതിയിൽ 350 മീറ്റർലേറെ ഫെൻസിങ് ഇല്ലാത്തതും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 15 വർഷത്തിലേറെയായി കോട്ടപ്പടി, മാവേലി, വടക്കുംഭാഗം മേഖലകളിൽ കാട്ടാന കാട്ടുപന്നി തുടങ്ങിയ ജീവികളുടെ ശല്യം രൂക്ഷമാണ്. പ്രശ്നപരിഹാരത്തിന് എന്ന രീതിയിലാണ് വനം വകുപ്പ് സോളാർ വേലി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. എന്നാൽ നാട്ടുകാർ നൽകുന്ന നിർദ്ദേശങ്ങൾ പോലും പാടെ അവഗണിച്ചുകൊണ്ട് അശാസ്ത്രീയ നിർമ്മാണം നടക്കുന്നു എന്നാണ് ആരോപണം. പ്രദേശത്തെ അടിക്കാടുകൾ പോലും വെട്ടാത്തതും, ഇരുചക്രവാഹനക്കാർക്ക് ഇടയിലേക്ക് പോലും കാടുപിടിച്ചു കിടക്കുന്ന ഇടങ്ങളിൽ നിന്ന് വന്യമൃഗങ്ങൾ ചാടി വീഴുന്നതും അപകടങ്ങൾ പതിവാകാൻ കാരണമാകുന്നു. ശാസ്ത്രീയവും ഫലപ്രദവുമായ നടപടികൾ വനം വകുപ്പ് കൈക്കൊണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരം എന്നതാണ് നാട്ടുകാരുടെ നിലപാട്.

Advertisement