തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ ഏഴാം പ്രതിയാണ് ബൈജു.കേസിൽ നാലാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ല്‍ വ്യാജ മഹസര്‍ തയ്യാറാക്കുന്ന സമയത്തും സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണര്‍. കേസില്‍ ബൈജുവിനും നിര്‍ണായകപങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് എസ്ഐടി അറസ്റ്റ് ചെയ്തിരിക്കുന്നത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.
Home News Breaking News ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും






































