ആലപ്പുഴ. മാവേലിക്കരയിൽ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. ഇന്നലെ വൈകിട്ടാണ് മാങ്കാംകുഴി – ചാരുമ്മൂട് റോഡിൽ അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
അമിത വേഗത്തിലെത്തിയ ബസ് റോഡരികിലൂടെ പോയ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളടേയും അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അപകടമുണ്ടാക്കിയ അനിഴം എന്ന ബസ് കസ്റ്റഡിയിലെടുത്തു. മാങ്കാംകുഴി – ചാരുമ്മൂട് റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സ്ഥിരം സംഭവമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.






































