തൃശൂർ: ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ‘അൽ-അസ’ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ, ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. ബസ് ഇടതുവശത്തേക്ക് പാഞ്ഞുകയറി വെയിറ്റിംഗ് ഷെഡ്ഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.
അപകടത്തിന് പിന്നാലെ ഡ്രൈവറും ബസിലെ മറ്റ് ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാർ ഡ്രൈവറെ പിന്തുടർന്നെങ്കിലും, റോഡരികിലെ മതിൽ ചാടി പറമ്പിലൂടെ അയാൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.