പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയിൽ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, വിഡി സതീശന്‍

Advertisement

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന പരാതിയിൽ ലോകായുക്ത വിധിയിൽ ഒരു അദ്ഭുതവുമില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നൽകുന്ന സന്ദേശം. സർക്കാരിന്റെ ഇഷ്ടക്കാരായ ആർക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകും.

പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയിൽ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നീതി നടപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് ഓരോ സിറ്റിങിലും ലോകായുക്ത ശ്രമിച്ചത്. ദുരിതാശ്വാസ നിധി പരാതിയിൽ ഉൾപ്പെട്ട മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകായുക്തമാരും ഈ വിധി പ്രസ്താവത്തിന്റെ ഭാഗമായെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.സതീശന്‍ പറഞ്ഞു.

Advertisement