ഹെർണിയ ഓപ്പറേഷന് തീയതി കിട്ടാൻ 2000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറെ കൈയ്യോടെ പൊക്കി വിജിലൻസ്

Advertisement

കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രി ഡോക്ടർ വിജിലൻസ് പിടിയിലായി. കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർ വെങ്കിടഗിരിയാണ് പിടിയിലായത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടൻറ് ആണ് ഡോക്ടർ. വെങ്കിടഗിരി. ഹെർണിയയുടെ ഓപ്പറേഷന് തീയതി അനുകൂലമായി നൽകാമെന്ന് വാദ്ഗാനം ചെയ്ത് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്ടർ അറസ്റ്റിലായത്.

കാസർഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെർണിയയുടെ ചികിത്സയ്ക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിലെ ജനറൽ സർജനെ കണ്ടിരുന്നു. അദ്ദേഹം ഓപ്പറേഷന് നിർദ്ദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി പരാതിക്കാരൻ ഡോക്ടർ വെങ്കിടഗിരിയെ വീണ്ടും കണ്ടു. എന്നാൽനേരത്തെ ഓപ്പറേഷൻ നടത്തണമെങ്കിൽ 2,000/- രൂപ കൈക്കൂലി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരുന്നു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000/- രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കയ്യോടെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡി.വൈ.എസ്.പി. യെ കൂടാതെ ഇൻസ്പെക്ടർ സിനുമോൻ. കെ, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ, ഇ. വി. സതീശൻ, വി.എം. മധുസൂദനൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുഭാഷ്, പ്രേംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, രാജീവൻ, എന്നിവരും ഉണ്ടായിരുന്നു.

Advertisement