64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ തകർക്കുകയാണ്. സ്വർണകപ്പിനായുള്ള വാശീയേറിയ പോരാട്ടമാണ് ഒരോ ഇനവും കഴിയും തോറും കാണുന്നത്. 249 മത്സര വിഭാഗങ്ങളിൽ 58 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. 63 ഇനങ്ങളുടെ മത്സര ഫലം പുറത്തുവന്നു.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 101 മത്സര ഇനങ്ങളാണ് ഉള്ളത് ഇതിൽ 28 എണ്ണം പൂർത്തിയായി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ആകെ യുള്ള 110 മത്സര ഇനങ്ങളിൽ 21 എണ്ണം അരങ്ങേറി. അറബിക്, സംസ്കൃത കലോത്സവങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. അറബിക് കലോത്സവത്തിൽ ആകെ 19 ഇനങ്ങളുണ്ട്. ഇതിൽ 4 ഇനങ്ങൾ പൂർത്തിയായി. സംസ്കൃത കലോത്സവം 19 മത്സര ഇനങ്ങളിൽ 5 എണ്ണം പൂർത്തിയായി.
കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ രണ്ടാം ദിനം 250 പോയിന്റുകളുമായി കണ്ണൂരാണ് മുന്നിൽ. വീറും വാശിയും ഒട്ടും കുറയാതെ 248 പോയിന്റുകളുമായി കോഴിക്കോട് തൊട്ട് പിന്നാലെയുണ്ട്. രണ്ട് പോയിന്റ് വ്യത്യാസത്തിൽ 246 പോയിന്റോടെ തൃശൂരും മുന്നേറുന്നു. പാലക്കാടും(238), തിരുവനന്തപുരവും (237) യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.


































