Home Blog Page 951

ചുമതലയേറ്റിട്ട് 4 ദിവസം; ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേല്‍; ഖമീനിയുടെ വിശ്വസ്തൻ

ടെഹ്റാൻ: നാലുദിവസം മുൻപ് നിയമിതനായ ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേല്‍. ഇറാൻ മിലിട്ടറി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറല്‍ അലി ഷാദെമാനിയാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) അവകാശപ്പെട്ടു.

ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ അലി ഷാദെമാനിയുടെ മുൻഗാമിയായ മേജർ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ‘ഖതം അല്‍-അൻബിയ സെൻട്രല്‍ ഹെഡ് ക്വാർട്ടേഴ്സ്(ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)’ മേധാവിയായി മേജർ ജനറല്‍ അലി ഷാദെമാനിയെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമീനി നിയമിച്ചത്. എന്നാല്‍, ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെയും വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധസേന ചൊവ്വാഴ്ച അവകാശപ്പെട്ടത്.

ഇറാന്റെ മുതിർന്ന സൈനിക കമാൻഡറും പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷാദെമാനി. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് ഇറാന്റെ ‘വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ്’ ആയി ചുമതലയേറ്റെടുത്ത അലി ഷാദെമാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് പറഞ്ഞു. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതില്‍ അലി ഷാദെമാനി പ്രധാന പങ്കുവഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചു.

നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിന് മണ്ഡലത്തെ ഇളക്കിമറിച്ച കൊട്ടിക്കലാശം. മൂന്നാഴ്ചയോളം നീണ്ട പ്രചാരണത്തിന്റെ കലാശത്തിന്റെ ആവേശത്തെ കോരിച്ചൊരിഞ്ഞ മഴയ്ക്കും കെടുത്താനായില്ല. നിലമ്പൂര്‍ അങ്ങാടിയിലാണ് സമാപന ഘോഷയാത്രകള്‍ നടന്നത്. റോഡ് ഷോയുമായി മൂന്ന് സ്ഥാനാര്‍ഥികളും അണികളുടെ അകമ്പടിയോടെ നഗരത്തിലേക്ക് പ്രവേശിച്ചതോടെ കൊട്ടിക്കലാശം കൊഴുത്തു.
സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് എംഎല്‍എമാര്‍ തുടങ്ങിയവര്‍ യുഡിഎഫ് സംഘത്തിലുണ്ടായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനൊപ്പം എത്തി. പി.കെ. കൃഷ്ണദാസ്, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് ബിജെപി സാരഥി മോഹന്‍ ജോര്‍ജിനൊപ്പം കലാശക്കൊട്ടിനെത്തിയത്. അതേസമയം, പി.വി. അന്‍വര്‍ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ വോട്ടര്‍മാരെ നേരിട്ടു കാണാന്‍ ഉപയോഗപ്പെടുത്തി.

ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത ട്രയിനിംഗുമായി സർക്കാർ

തിരുവനന്തപുരം.ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത ട്രയിനിംഗുമായി സർക്കാർ.. നാളെ ഉച്ചവരെ രണ്ട് ബാച്ചുകളായി തിരിഞ്ഞ് ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ച് NHM ഇന്ന് ഉത്തരവ് ഇറക്കി. സമരയാത്രയുടെ സമാപനം പൊളിക്കാനുള്ള സർക്കാർ നീക്കും അംഗീകരിക്കിലെന്ന് സമരക്കാർ അറിയിച്ചു

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ
45 ദിവസമായി നടത്തിവരുന്ന രാപകൻ സമര യാത്ര നാളെ മഹാറാലിയായി സമാപിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം നാളെ എല്ലാ ആശമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം.. 10:30 മുതൽ 12: 30 വരെ രണ്ട് ബാച്ചായി തിരിഞ്ഞ് എല്ലാ ജില്ലകളിലെയും ആശമാർ പരിശീലനത്തിൽ പങ്കെടുക്കണം.. സ്വന്തം ലോഗിൻ ഐഡി ഉപയോഗിച്ച് ഓൺലൈനായിട്ടാണ് പരിശീലനത്തിൽ പങ്കെടുക്കേണ്ടത്.. മഹാറാലി പൊളിക്കാനുള്ള സർക്കാർ നീക്കം നടപ്പാകില്ലെന്ന് സമരക്കാർ പ്രതികരിച്ചു

നാളെ പണിമുടക്ക് പ്രഖ്യാപിച്ച് KAHWA ജൂൺ 5 ന് NHM ഡയറക്ടർക്ക് നോട്ടീസ് നൽകിയിരുന്നു… നേരത്തെ സമരക്കാർ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ അത് പൊളിക്കാൻ പാലിയേറ്റീവ് പരിശീലനം NHM നിശ്ചയിച്ചിരുന്നു..

ഇന്ത്യന്‍ നാടന്‍ വാറ്റായ ‘മണവാട്ടി’ക്ക് രാജ്യാന്തര അംഗീകാരം

ആഗോളതലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ഇന്ത്യന്‍ നാടന്‍ വാറ്റായ ‘മണവാട്ടി’ക്ക് രാജ്യാന്തര അംഗീകാരം. ലോക മദ്യവിപണിയിലെ പ്രധാനപ്പെട്ട ശൃംഖലകളില്‍ ഒന്നായ െബവറജസ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോമ്പറ്റീഷന്‍ 2025-ല്‍ വെങ്കല മെഡലും ഇന്റര്‍നാഷണല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോമ്പറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ ‘സ്പിരിറ്റ് ബ്രോണ്‍സ് 2025’പുരസ്‌കാരവും ഇത് സ്വന്തമാക്കി. കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണിത് നിര്‍മിക്കുന്നത്.

നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, അണികളെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ, നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം: മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉൾപ്പടെ നേതാക്കൾ ആവേശവുമായെത്തി. പികെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിന്റെ കലാശക്കൊട്ടിനെത്തി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ എല്ലാം. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് എത്തും. ജൂണ്‍ 23 നാണ് വോട്ടെണ്ണൽ.

പെരുമഴയിലും അണ മുറിയാത്ത ആവേശത്തോടെ കലാശക്കൊട്ട് മുന്നണികള്‍ ശക്തിപ്രകടനമാക്കി മാറ്റി. വിജയം ഉറപ്പെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊടുങ്കാറ്റ് വന്നാലും വോട്ട് പെട്ടിയില്‍ വീഴുമെന്നായിരുന്നു പി വി അൻവറിന്‍റെ വാക്കുകള്‍. അവസാന നിമിഷവും പെന്‍ഷൻ ചര്‍ച്ചയാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സംസാരിച്ചത്. ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്‍റെ ആരോപണത്തോട്, കൈക്കൂലി എന്ന് പറഞ്ഞവരോട് നാട് കണക്ക് ചോദിക്കുമെന്നായിരുന്നു എം സ്വരാജിന്‍റെ പ്രതികരണം.

ബോയിംഗ് ഡ്രീംലൈനർ എങ്ങനെ അപകടത്തിൽപ്പെട്ടു? ‘റാറ്റ്’ പ്രവർത്തന രീതി ചർച്ചയാവുന്നു, അന്വേഷണ ഫലത്തിനായി കാത്തിരിപ്പ്

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞയാഴ്ച അഹമ്മദാബാദിലുണ്ടായത്. 270 പേരോളം ദുരന്തത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകളടക്കം പൂ‍‌ർത്തിയാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ ഏറെ ച‌ർച്ചയാകുന്നത് എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ 787 തകരാനുള്ള കാരണമെന്താണ് എന്നതിനെപ്പറ്റിയുള്ള വാദങ്ങളാണ്. അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും, ഇതിൽ പ്രധാനം റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് (RAT System) ഡിപ്ലോ‍യ് ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇതു സംബന്ധിച്ച് എഞ്ചിനീയറും മാധ്യമ പ്ര‌വർത്തകനുമായ ജേക്കബ് കെ ഫിലിപ് ഫേസ്ബുക്കിൽ പങ്കുവക്കുന്ന പോസ്റ്റുകളും വലിയ ശ്രദ്ധ നേടുന്നുണ്ട്. ‌റാറ്റ് വിമാനങ്ങളിൽ എപ്പോഴൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് ഈ പോസ്റ്റിൽ വിശദീകരിക്കുന്നു.

ജേക്കബ് കെ ഫിലിപ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:

ജൂൺ 12നുണ്ടായ അപകടത്തിന്റെ പുറത്തു വരുന്ന ദൃശ്യങ്ങളിലും ശബ്ദങ്ങളിലും റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് ഡിപ്ലോ‍യ് ചെയ്തിട്ടുണ്ടെന്ന് മനസിലാകുന്നുവെന്നാണ് വിദ​ഗ്ദ‌ർ പറയുന്നത്. വിമാനത്തിലെ എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രമാണ് റാറ്റ് പ്രവ‌ർത്തിക്കുന്നത്. വിമാനത്തിന്റെ താഴ ഭാ​ഗത്ത് ഒരു ചെറിയ പ്രൊപ്പല്ലർ പോലെയാണ് ഇത് കാണാനാകുക. ഡ്രീംലൈന‌ർ ഉ‌യർന്നു പൊങ്ങി 32 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ തന്നെ റാറ്റ് പ്രവ‌ർത്തനക്ഷമമായി എന്നാണ് കണ്ടെത്തൽ.

ഇത് കൂടാതെ യാത്രികരിൽ അതിജീവിച്ച ഒരേയൊരാൾ, രമേഷ് പറയുന്നത് വിമാനം തക‌ർന്നു വീഴുന്നതിനു മുൻപ് അസഹനീയമാം വിധമുള്ള ഒരു ഇരമ്പൽ കേട്ടിരുന്നു എന്നാണ്. അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കാനായി റാറ്റ് ഉപയോ​ഗിക്കുന്നത് വിൻഡ് സ്പീഡ് ആണ്. റാറ്റ് പ്രവ‌‌‌ർത്തനക്ഷമമാകുന്നത് മൂന്ന് സന്ദ‌ർഭങ്ങളിലാണ്. ഡബിൾ എഞ്ചിൻ തകരാറാണ് ഇതിൽ ആദ്യത്തേത്. ഇതു കൂടാതെ പൂർണ്ണമായ ഇലക്ട്രോണിക് തകരാറുകൾ, അതല്ലെങ്കിൽ ഹൈഡ്രോളിക് തകരാറുകൾ വരുമ്പോഴും റാറ്റ് ഡിപ്ലോയ് ചെയ്യാറുണ്ട്. ഇത്തരം സന്ദ‌ർഭങ്ങളിൽ ആരും കൺട്രോൾ ചെയ്യാതെ, വളരെ സ്വാഭാവികമായി റാറ്റ് പ്രവർത്തനക്ഷമമാകും.

അപകടം നടന്ന ആദ്യ ദിവസം തന്നെ പക്ഷികൾ ഒരേ സമയം രണ്ട് എഞ്ചിനുകളിലും ഇടിക്കുക അസാധ്യമാണെന്നും ആ സാധ്യത തള്ളിക്കളയേണ്ടതാണെന്നും ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന പൈലറ്റും വ്യോമയാന വിദഗ്ധനുമായ ക്യാപ്റ്റൻ എഹ്സാൻ ഖാലിദ് പ്രതികരിച്ചിരുന്നു. ഇത് കൂടാതെ റൺവേയിൽ പക്ഷികളുടെ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്താത്തതും, എഞ്ചിനുകൾക്കു ചുറ്റും തീയോ പുകയോ കാണാതിരുന്നതും ഈ സാധ്യത മുഴുവനായി തള്ളാനുള്ള കാരണമായി.

ഇപ്പോഴും വിമാനമെങ്ങനെയാണ് തകർന്നതെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എയർ ഇന്ത്യ, ബോയിങ്, വ്യോമയാന മന്ത്രാലയം തുടങ്ങിയ മുൻനിരയുടെ അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതോടുകൂടി വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാനുമായുള്ള എല്ലാ അതിർത്തി വഴികളും അടച്ച് പാകിസ്ഥാൻ; ഇസ്രായേലിനെ ആക്രമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല, പക്ഷേ പൂർണപിന്തുണ

ഇസ്ലാമാബാദ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്-ഇറാൻ അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കാൽനടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതായി പ്രധാന പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് നൂറുകണക്കിന് പാകിസ്ഥാൻ വിദ്യാർത്ഥികളെയും തീർത്ഥാടകരെയും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കും ഇറാനും ഇടയിലെ നിർണായകമായ ചാഗി ജില്ലയിലെ തഫ്താൻ ക്രോസിംഗ്, ഗ്വാദറിലെ ഗബ്ദ്-റിംദാൻ, പഞ്ച്ഗൂരിലെ ചെഡ്ഗി, ജിറാക്ക്, കെച്ച് ജില്ലയിലെ റിദീഗ് മണ്ട് ക്രോസിംഗ് എന്നീ അതിർത്തി വഴികളാണ് അടച്ചിടുക. ഇരു രാജ്യങ്ങളും തമ്മിലെ ചരക്കുനീക്കമടക്കം വ്യാപര ബന്ധത്തെ അതിർത്തി അടച്ചിടുന്നത് പ്രതികൂലമായി ബാധിക്കും. സുരക്ഷാ ഭീഷണികളും ഇസ്രയേലിന്റെ ആക്രമണത്തെത്തുടർന്നുണ്ടായ അസ്ഥിരമായ സാഹചര്യവും കണക്കിലെടുത്താണ് ഇറാനുമായുള്ള അതിർത്തി അടയ്ക്കാനുള്ള നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിരെ ഇസ്രയേൽ ആണവായുധങ്ങൾ പ്രയോഗിച്ചാൽ ആക്രമണത്തിൽ പാകിസ്ഥാനും പങ്കുചേരുമെന്ന ഇറാന്റെ അവകാശവാദത്തെയും പാകിസ്ഥാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ ഇറാനിൽ ആണവ ബോംബ് പ്രയോഗിച്ചാൽ പാകിസ്ഥാൻ ഇസ്രയേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പറഞ്ഞുവെന്ന് ഐആർജിസി കമാൻഡറും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ ജനറൽ മൊഹ്‌സെൻ റെസായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി പാകിസ്ഥാൻ രം​ഗത്തെത്തിയത്.

പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഈ അവകാശവാദം തള്ളി. പാകിസ്ഥാൻ അത്തരമൊരു ഉറപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നം പ്രാദേശിക സംഘർഷത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. അതേസമയം, സംഘർഷത്തിൽ പാകിസ്ഥാൻ ഇറാന് പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ മുസ്ലീം ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പാകിസ്ഥാൻ ഇറാന്റെ പിന്നിൽ നിൽക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

മുസ്ലീം രാഷ്ട്രങ്ങൾ ഇസ്രയേലിനെതിരെ ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇറാനും പലസ്തീനും അനുഭവിച്ച അതേ വിധി നേരിടേണ്ടിവരുമെന്നും ആസിഫ് വ്യക്തമാക്കി. ഇറാൻ, യെമൻ, പലസ്തീൻ എന്നീ രാജ്യങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങൾ ഇപ്പോൾ ഒന്നിച്ചില്ലെങ്കിൽ, ഓരോന്നിനും ഒരേ വിധി നേരിടേണ്ടിവരുമെന്ന് ആസിഫ് പറഞ്ഞതായി തുർക്കി ടുഡേ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള മുസ്ലീം രാഷ്ട്രങ്ങൾ ബന്ധം വിച്ഛേദിക്കണമെന്നും ഇസ്രയേലിനെതിരെ സംയുക്ത തന്ത്രം രൂപീകരിക്കുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഒരു യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ച് പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ച് പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കഴിഞ്ഞ ഒരാഴ്ചകാലമായി പടിഞ്ഞാറെകല്ലട പഞ്ചായത്ത്‌ നേരിടുന്ന രുക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു പഞ്ചായത്ത്‌ ഭരണസമിതി താലൂക്ക് സഭ ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് അജണ്ടകൾ എടുക്കാതെ ബ്ലോക്ക്‌ പ്രസിഡന്റ് സുന്ദരേശന്റെഅധ്യക്ഷതയിൽ ചേർന്ന താലൂക്ക് സഭ പിരിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ഡോ സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഉപരോധസമരം ഉച്ചക്ക് ഒരു മണിവരെ നീണ്ടു. രണ്ട് മണിയോടെ വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി മുഴുവൻ സ്ഥലങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടികൾ എടുക്കാം എന്ന് തഹസീൽദാർ നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വൈസ് പ്രഡിഡന്റ് എൽ. സുധ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത്‌ അംഗങ്ങളായ ഷീലകുമാരി, സിന്ധു കോയിപ്പുറം, എൻ ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട് അപകടത്തിൽ സ്ത്രീ മരിച്ചു

പാലക്കാട് കല്ലടിക്കോട് ഇരുചക്രവാഹനവും കാറും ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. കളപ്പാറ സ്വദേശിനി ലിസി തോമസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാലക്കാട് കല്ലടിക്കോട് ചുങ്കത്ത് അപകടം നടന്നത്. ദേശീയപാതയിലേക്ക് കയറുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാറിടിച്ച് ഇരുചക്രവാഹനം മറിഞ്ഞു. ദേശീയപാതയിലേക്ക് തെറിച്ചുവീണ ലിസിയുടെ ശരീരത്തിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ കയറിയിറങ്ങി ഗുരുതര പരിക്കേറ്റു. ലിസി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും അപകടത്തിൽ പരിക്കേറ്റു. കാർ നിയന്ത്രണംവിട്ട് റോഡിന് വശത്തെ കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുണ്ട്.

നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട . മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.21 കാരിയായ കുഞ്ഞിന്‍റെ അമ്മ ചെങ്ങന്നൂർ ഉഷ ആശുപത്രിയിൽ ചികിത്സയിൽ… ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടുത്ത വീട്ടിലെ പറമ്പിൽ.. പ്രസവ വിവരം പുറത്തായത് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ..

ഇന്ന് രാവിലെയാണ് ചെങ്ങന്നൂരിലെ ഉഷ ആശുപത്രിയിൽ  21 ചികിത്സ തേടിയത്.. രക്തസ്രാവം എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു..
പിന്നാലെ ഇലവുംതിട്ട പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ  വീടിനു സമീപത്തെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.. 21 കാരി ഗർഭിണിയായ വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്.


രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു..

ബി എ ബിരുദധാരിയായ പെൺകുട്ടിയും ഏറെനാളായി വീട്ടിലാണ്… എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്..

ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി.. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം  പറയാനാകൂ എന്നാണ് പോലീസ് വിശദീകരണം..