25.7 C
Kollam
Thursday 25th December, 2025 | 10:41:32 PM
Home Blog Page 944

കാലവർഷക്കാറ്റിൻറെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത

തിരുവനന്തപുരം: അറബികടലിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നു. ഇനിയുള്ളനാല് ദിവസങ്ങൾ കൂടി കാലവർഷ മഴ ഇടവേളകളോടെ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ പൊതുവെയും കാസർഗോഡ് കണ്ണൂർ ജില്ലകളിൽ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ജൂൺ 22ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അഫിയിച്ചു.

ഓറഞ്ച് അലർട്ട്
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

തിരുവനന്തപുരം: കരമന (വെള്ളൈക്കടവ് സ്റ്റേഷൻ-CWC)

പത്തനംതിട്ട : അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കീച്ചേരി (ആലൂർ സ്റ്റേഷൻ)

പാലക്കാട്: കാവേരി(കോട്ടത്തറ സ്റ്റേഷൻ-CWC)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)

കണ്ണൂർ : കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ) & പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ)

അസാധാരണ നടപടി, വിദ്യാഭ്യാസ വകുപ്പിൽ സമഗ്രമാറ്റം, 67732 അധ്യാപകർക്ക് സ്ഥലംമാറ്റം

വിജയവാഡ: ആന്ധ്ര പ്രദേശിൽ 67732 അധ്യാപകർക്ക് സ്ഥലം മാറ്റം. 2025ലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിയായാണ് വലിയ തോതിൽ അധ്യാപക‍‍ർക്ക് സ്ഥലം മാറ്റമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമഗ്രമായ മാറ്റമാണ് ആന്ധ്രയിലേതെന്നാണ് വകുപ്പ് വിശദമാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ വി വിജയരമ രാജുവിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. ജില്ലാ പരിഷത്ത്, മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും സ്ഥലം മാറ്റമുണ്ടായിട്ടുണ്ട്.

67732 അധ്യാപകർക്കാണ് സ്ഥലം മാറ്റം. 4477 പേർക്ക് സ്ഥാനകയറ്റമുണ്ട്. രണ്ടാം ഗ്രേഡിലുള്ള 1494 ഹെഡ്മാസ്റ്റ‍ർമാർക്ക് സ്ഥലം മാറ്റമുണ്ട്. 1375 പേർക്കാണ് ഈ പട്ടികയിൽ നിന്ന് സ്ഥാനകയറ്റമുള്ളത്. 5717 മോഡൽ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റർമാർക്ക് ട്രാൻസ്ഫറുണ്ട്. സ്കൂൾ അസിസ്റ്റന്റുമാർ അടക്കമുള്ളവർക്ക് നടപടിയിൽ സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. 27804 സ്കൂൾ അസിസ്റ്റന്റുമാർക്കാണ് സ്ഥലം മാറ്റമുള്ളത്.

സ്ഥലം മാറ്റം നേരിട്ടവരിൽ 31174 സെക്കണ്ടറി ഗ്രേഡ് അധ്യാപകരും 1199 ഭാഷാ അധ്യാപകരപം 344 ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുമുണ്ട്. ഈ വിഭാഗത്തിൽ ആർക്കും സ്ഥാനക്കയറ്റമില്ല. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടർന്നാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തിൽ സോണൽ ലെവലുകളാക്കി കമ്മിറ്റി തിരിച്ചായിരുന്നു പട്ടിക തയ്യാറാക്കിയത്.

ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസ്; ഹർഭജൻ സിംഗ്, യുവ് രാജ് സിംഗ്, സോനു സൂദ് അടക്കം പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

ചെന്നൈ: ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസിൽ പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ത്യൻ മുൻ താരങ്ങളായ ഹർഭജൻ സിംഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല തുടങ്ങിയവരെയാണ് ഇഡി ചോദ്യം ചെയ്തത്.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളുമായുള്ള സഹകരണത്തിന്‍റെ പേരിലാണ് നടപടി. വിവിധ ആപ്പുകൾ കള്ളപ്പണ നിയമവും വിദേശനാണ്യചട്ട നിയമവും ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം നിയമവിരുദ്ധ നടപടികളുമായി ഇവർക്ക് ബന്ധം ഉണ്ടോ എന്നതടക്കം കാര്യങ്ങൾ താരങ്ങളോട് ചോദിച്ചതായാണ് സൂചന. മാധ്യമങ്ങളോട് പ്രതികരിക്കാൻ താരങ്ങൾ വിസമ്മതിച്ചു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.

തെലങ്കാനയിൽ അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ തെലങ്കാന പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വ്യവസായിയായ ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണുപ്രിയ, പത്മാവതി, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നീ താരങ്ങളുടെ പേരും എഫ്ഐആറിലുണ്ട്.

തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്.
ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവന്‍ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടലുകളുള്ളത്. അതേസമയം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്ണാനഗറിലെ ഭക്ഷണശാലയില്‍ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

കൊച്ചി ടസ്‌കേഴ്‌സിന് ബിസിസി 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു സീസണ്‍ കളിച്ച ടസ്‌കേഴ്‌സിനെ കരാര്‍ ലംഘനം ആരോപിച്ചാണ് 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍നിന്നു പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളില്‍നിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടര്‍ച്ചയാണ് ഈ വിധിയും.
കേരള ടസ്‌കേഴ്‌സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎല്‍ പ്രവേശനത്തിനു ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ആറു മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യ വിശ്വാസികൾ ആർഎസ്എസുമായി സഹകരിച്ചുവെന്ന് മോഹൻ ജോർജ്

നിലമ്പൂർ. അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യ വിശ്വാസികൾ ആർഎസ്എസുമായി സഹകരിച്ചുവെന്ന് ഉപതിരഞ്ഞെടുപ്പ് NDA സ്ഥാനാർഥി മോഹൻ ജോർജ് പറഞ്ഞു. ആർഎസ്എസുമായി സഹകരിചെന്നുള്ള ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യ വിശ്വാസികൾ ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ട്

അത് കഴിഞ്ഞിട്ട് സാഹചര്യങ്ങൾ മാറി. ആര്യാടൻ മുഹമ്മദിനായി കോൺഗ്രസും സി പി എം സഹകരിച്ചിട്ടില്ലേ, ബിജെപിയുമായി സഹകരിക്കാൻ മാത്രം സിപിഎം ഇല്ല. സ്ഥാനാർത്ഥി ദുർബലമാണെന്ന വിമർശനം. മറ്റ് സ്ഥാനാർത്ഥികളെന്താ രാജകുടുംബത്തിൽ ജനിച്ചവരാണോ? എന്നും മോഹന്‍ജോര്‍ജ്ജ് ചോദിച്ചു

രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞത് അമ്മയോ അമ്മാവനോ,പുതിയ നീക്കവുമായി പൊലീസ്

തിരുവനന്തപുരം.ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന സംഭംവം. ദേവേന്ദുവിൻ്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് പ്രതിയുടെ മൊഴി. റൂറൽ എസ്.പിക്കാണ് മൊഴി നൽകിയത്. ജയിൽ സന്ദർശനത്തിന് പോയപ്പോൾ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചു. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമെന്ന് കണ്ട് ഇയാള്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീതുവാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്ന വെളിപ്പെടുത്തലാണ് പ്രതി ഹരികുമാര്‍ നല്‍കുന്നത്.

പൂർണ്ണ ശേഷിയും കടന്ന് നാലുപാടും കവിഞ്ഞൊഴുകി പവായി തടാകം; നഗരത്തിൽ കനത്ത മഴ തുടരുന്നു, മുംബൈയിൽ ഗതാഗത തടസവും

മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ പവായി തടാകം കവിഞ്ഞൊഴുകി. തടാകം അതിന്റെ പൂർണ്ണ ശേഷിയിൽ എത്തി. വെള്ളം പുറത്തേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈയിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പവായി തടാകം നിറഞ്ഞു കവിഞ്ഞത്. ‘പൂർണ്ണ ശേഷിയിൽ എത്തി’ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.

ഈ ആഴ്ച ആദ്യം മുതൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ ഇത് ഗതാഗതക്കുരുക്കിനും കാരണമായി. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രധാന കൃത്രിമ ജലസംഭരണികളിലൊന്നായ പവായി തടാകം ബുധനാഴ്ച പുലർച്ചെ മുതലാണ് കവിഞ്ഞൊഴുകാൻ തുടങ്ങിയത്.

545 കോടി ലിറ്റർ (5.45 ബില്യൺ ലിറ്റർ) സംഭരണ ശേഷിയുള്ള ഈ തടാകത്തിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നില്ല. ഇത് പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കും ആരെ മിൽക്ക് കോളനിയിലെ മറ്റ് ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്ത മഴയെ തുടർന്നാണ് തടാകം പൂർണ്ണ ശേഷിയിലെത്തി കവിഞ്ഞൊഴുകുന്നതെന്നും നിലവിൽ ജലനിരപ്പ് 195.10 അടിയാണെന്നും തങ്ങളുടെ ഔദ്യോഗിക ‘എക്സിൽ ഒരു വീഡിയോ പങ്കുവെച്ച് കോര്‍പ്പറേഷൻ അറിയിച്ചു.

തുടർച്ചയായ പേമാരി നഗരത്തിലെ ഗതാഗത ശൃംഖലയെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ലൈനുകളിലെ സബർബൻ ട്രെയിൻ സർവീസുകൾക്ക് കാലതാമസം നേരിട്ടു. രാവിലെ തിരക്കേറിയ സമയങ്ങളിൽ 20 മുതൽ 30 മിനിറ്റ് വരെ ട്രെയിനുകൾ വൈകിയതായി യാത്രക്കാർ റിപ്പോർട്ട് ചെയ്തു.

ഭീകരത മനുഷ്യരാശിയുടെ ശത്രു,പിന്തുണക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും ,മോദി

ആല്‍ബര്‍ട.G7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇത് എതിരാണിത്. ഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കിൽ, അതിന് അവർ വലിയ വില നൽകേണ്ടിവരും.

റോഡിൽ മലിനജലം കെട്ടികിടക്കുന്നു; യാത്ര ദുഷ്ക്കരം, പരാതി നൽകി കേരള കോൺഗ്രസ്

കുന്നത്തൂർ: നെടിയവിള ക്ഷേത്രജംഗ്ഷനിൽ നിന്നും പടിഞ്ഞാറെ ജംഗ്ഷനിലേക്ക് പോകുന്ന പഞ്ചായത്ത്‌ റോഡ് മഴക്കാലമായാൽ മലിനജലം നിറഞ്ഞ് യാത്ര ദുഷ്കരമാകുന്നു. നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂൾ,ഗവണ്മെന്റ് എൽ പി എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കുന്നത്തൂർ മൃഗാ ശുപത്രി, തുരുത്തിക്കര, നെടിയവിള പടിഞ്ഞാറെ ജംഗ്ഷൻ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നവർക്കും പ്രയാസമുണ്ടാക്കുന്ന പ്രശ്നത്തിന് അടിയന്തിരപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് തോട്ടംജയൻ, മണ്ഡലം പ്രസിഡന്റ്‌ കുന്നത്തൂർ അശ്വനികുമാർ, നിയോജക മണ്ഡലം കമ്മിറ്റി അംഗം ഡി. മുരളീധരൻ എന്നിവർ കുന്നത്തൂർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകി.