Home Blog Page 909

വിമാനാപകടം: രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും, രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു.

ഈ സാഹചര്യത്തിൽ വിമാനാപകടത്തിൽ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്പിൾ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.

ഇതുവരെ 247 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മലയാളിയായ നഴ്സ് രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയത് അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേർ മരിച്ചു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അതിനിടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു.

ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് മൂന്ന് ആണവ കേന്ദ്രങ്ങളിൽ

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.

അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- ‘സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ’ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്.

ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു പോയതെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്. 200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്.

ഇറാൻ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും നടപ്പാക്കാൻ യുഎസ് സൈന്യം തയാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഗ്വാമിലേക്കു ബി–2 സ്റ്റെൽത്ത് ബോംബറുകൾ നീങ്ങിത്തുടങ്ങിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് വൈകാതെ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൽ രണ്ടാഴ്ച സമയമാണ് ഇറാന് ട്രംപ് നൽകിയിട്ടുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷം ചർച്ച ചെയ്യാൻ ഉടൻ ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേരും.

മത്സരമുണ്ടായാൽ ഒരു പദവിയിലേക്കുമില്ല, മോഹൻലാൽ തുടരും, അമ്മ യോഗം ഇന്ന്

കൊച്ചി.താരസംഘടനയായ അമ്മയുടെ 31-ാം വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്റായി മോഹൻലാൽ തുടർന്നേക്കും. മത്സരമുണ്ടായാൽ ഒരു പദവിയിലേക്കുമില്ലെന്ന് മോഹൻലാൽ അഡ്ഹോക് കമ്മറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മറ്റി അംഗങ്ങളെ തന്നെ പദവികളിലേക്ക് കൊണ്ടുവരാനാണ് നീക്കം. സിദ്ദിഖ് ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെത്തുമെന്നത് ശ്രദ്ധേയമാകും. ഉണ്ണി മുകുന്ദൻ ഒഴിഞ്ഞ ട്രഷറർ പദവിയിലേക്കും പുതിയ അംഗത്തെ തിരഞ്ഞെടുത്തേക്കും. രാവിലെ 10ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം

മിസൈൽ വേഗത്തിൽ തേങ്ങ വില

കൊച്ചി. സംസ്ഥാനത്ത് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുകയാണ്. മാസങ്ങളുടെ വ്യത്യാസത്തിൽ 100 രൂപയിലധികമാണ് വെളിച്ചെണ്ണയ്ക്ക് കൂടിയത്. തേങ്ങയ്ക്കാകട്ടെ ഒറ്റ വർഷത്തിനിടയിൽ വില ഇരട്ടിയായി.
തേങ്ങയും വെളിച്ചെണ്ണയും ഇല്ലാതെ ഒരു മലയാളി അടുക്കള ചിന്തിക്കാൻ കഴിയുന്നതല്ല. പക്ഷേ സാധാരണക്കാർ ഇപ്പോൾ ഇത് രണ്ടും ഉപയോഗിക്കാൻ പലതവണ ചിന്തിക്കും. വില കുതിക്കുന്നത് മിസൈൽ വേഗത്തിൽ

ഇന്നലെ ഒറ്റ ദിവസം കൊണ്ട് വെളിച്ചെണ്ണയ്ക്ക് ക്വിൻ്റലിന് കൂടിയത് 1500 രൂപയാണ്. അതായത് ഒരു ലിറ്ററിന് 15 രൂപ കൂടി. ഈ വർഷം തുടങ്ങുമ്പോൾ വെളിച്ചെണ്ണ ലിറ്ററിന് ഉണ്ടായിരുന്നത് 240 രൂപയാണ്. ആറുമാസം പിന്നിടുമ്പോൾ ഇന്നത്തെ വില 420 രൂപ. മാസം പത്തും പതിനഞ്ചും എന്ന കണക്കിനാണ് വില വർധന തുടങ്ങിയത്. ഇപ്പോൾ പ്രതിമാസം 50 രൂപയിൽ അധികമാണ് വർധന. കൊപ്ര ക്ഷാമമാണ് വിലവർധനയ്ക്ക് കാരണം. കേരളത്തിലെങ്ങും ഇപ്പോൾ തേങ്ങ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പ്രതിസന്ധിയും വർദ്ധിച്ചു.


കൂടംകുളം, കാങ്കയം , പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കൊപ്ര എത്തുന്നത്. മുൻപ് ആഴ്ചയിൽ 5 ടൺ കൊപ്ര വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നര ടൺ മാത്രമാണ് വരുന്നത്.

തേങ്ങയ്ക്കും പൊള്ളുന്ന വിലയാണ്. 70 മുതൽ 80 വരെയാണ് വില. പൊറുതിമുട്ടിയത് സാധാരണക്കാരും.

ഓണത്തോടനുബന്ധിച്ച് വില 500 കടന്നേക്കാമെന്നാണ് വിലയിരുത്തൽ. ആറുമാസം കൂടി തേങ്ങയുടെയും എണ്ണയുടെയും വില മുകളിലേക്ക് തന്നെയാവും.

നേമത്ത് രാത്രി ഭാരതാംബ vs ശിവൻകുട്ടി

നേമം. ഭാരതാംബ ചിത്ര വിവാദത്തെ തുടർന്നുള്ള ബിജെപി – സിപിഐഎം ഏറ്റുമുട്ടൽ തെരുവിലേക്ക്. മന്ത്രി വി ശിവൻകുട്ടിയുടെ നേമത്തെ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്പാർച്ചന നടത്തി. മന്ത്രി വി ശിവൻകുട്ടിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി സിപിഐഎം പ്രതിരോധം. രണ്ടു മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.

ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ നേമത്തെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.ഓഫീസിനു മുന്നിൽ, അഖണ്ഡ ഭാരത ഭൂപട പശ്ചാത്തലത്തിൽ കാവിക്കൊടിയേന്തിയ
ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് പുഷ്പാർച്ചനയും നടത്തി

MLA ഓഫീസ് പരിസരത്ത് സംഘടിച്ച സിപിഐഎം പ്രവർത്തകർ തിരികെ മുദ്രാവാക്യം ഉയർത്തി

പിന്നാലെ വി ശിവൻകുട്ടിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർത്തി കാട്ടി പ്രകോപനം.

കൂക്കിവിളിച്ച ബിജെപി പ്രവർത്തകർ ഭാരതാംബയുടെ ചിത്രം തിരികെ ഉയർത്തി തിരിച്ചടിച്ചു.


സിപിഐഎം പ്രവർത്തകരും കൂക്കി വിളിച്ചതോടെ സ്ഥലത്തെ സംഘർഷ സാഹചര്യം മൂർച്ഛിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് പാപ്പനംകോട്  തമ്പടിച്ചിരുന്നത്. സംഘർഷം ഒഴിവാക്കാൻ പോലീസ് നന്നേ പണിപ്പെട്ടു. സമാന സാഹചര്യം തുടരുമെന്ന് പ്രഖ്യാപിച്ച് നേതാക്കളും.

പ്രതിഷേധ പ്രകടനം നടത്തിയാണ് ഇരു വിഭാഗവും പിരിഞ്ഞത്.

തിരുവനന്തപുരം തമ്പാനൂരിൽ മന്ത്രി വി ശിവൻകുട്ടിയെ തടയാനെത്തിയ യുവമോർച്ചക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി

തിരുവനന്തപുരം: ഭാരതാംമ്പ ചിത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരും അവരെ നേരിടാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്പാന്നൂരിൽ ഏറ്റുമുട്ടി. രാത്രി 10.40 ഓടെ
കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിനിൽ വന്ന മന്ത്രിയെ തമ്പാന്നൂർ കെഎസ്ആർറ്റിസിക്ക് മുന്നിൽ കാത്ത് നിന്ന യുവമോർച്ചക്കാർ കരി കൊടി കാണിക്കാൻ തുടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായത്. മന്ത്രിയെ പിന്തുണച്ചെത്തിയ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ യുവമോർച്ച, എ ബി വി പി പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. വൻ പോലീസ് സന്നാഹത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ പൊരിഞ്ഞ അടി നടന്നത്.പരിക്കേ ചില യുവമോർച്ചക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി കൂടി ട്രെയിനിൽ എത്തുന്നതോടെ തമ്പാന്നൂർ പരിസരത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു.

വിജയാഘോഷ കച്ചവടത്തിന് നിലമ്പൂരിലേക്ക് കൊണ്ട് വന്ന വ്യാജമദ്യം പിടികൂടി

നിലമ്പൂർ: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യം കടത്തിയ കേസിൽ ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് വടകരയിൽ വച്ച് എക്സൈസിന്‍റെ പിടിയിലായത്. 150 കുപ്പി വിദേശമദ്യവുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയെ രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് പിന്തുടർന്നത്.

മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും.
ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ലെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. വസ്‌തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ്‌ പ്രസ്‌താവന നടത്തിയിട്ടുള്ളത്‌. ഈ അവാസ്‌തവ പ്രസ്‌താവന തള്ളിക്കളയണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഏതാണ്ട്‌ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്‌. ഇത്‌ ദിവസങ്ങൾ എടുത്താണ്‌ പൂർത്തീകരിക്കുന്നത്‌. എല്ലാ മാസവും ഒന്നു മുതൽ 15 ഗുണഭോക്താക്കൾക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാൻ അവസരമുണ്ട്‌. ഇത്തരത്തിൽ മസ്‌റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ്‌ 15–നുശേഷം അതാത്‌ മാസത്തെ ഗുണഭോകൃത്‌ പട്ടിക അന്തിമമാക്കുന്നത്‌. തുടർന്ന്‌ പഞ്ചായത്ത്‌ ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തുക അനുവദിച്ച്‌ ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും.

തിരുവനന്തപുരം കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം

തിരുവനന്തപുരം: കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ അടുക്കളയിലെ ടൈല്‍സും കബോര്‍ഡുകളുമടക്കം തകര്‍ന്നുതരിപ്പണമാവുകയായിരുന്നു.
അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ടു.

ഇതോടെ ഉടൻ ഇവർ പുറത്തിറങ്ങി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഇതോടെ അടുക്കളയിലേക്ക് തീപടര്‍ന്നു. അടുക്കളയിലെ ടൈല്‍സും മറ്റു സാധനങ്ങളുമെല്ലാം തകര്‍ന്നു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് അനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്തില്‍. ചിത്രത്തിന്റെ റിലീസ് അനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം, പേര് മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ആണ് നിര്‍മ്മാതാക്കള്‍. ഇതോടെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂണ്‍ 27 നാണു സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്‌സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ ഫനീന്ദ്ര കുമാര്‍ ആണ്.