Home Blog Page 904

യുഎസിന് തിരിച്ചടി, ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ വരുംദിവസങ്ങളിൽ ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യത്തിലാണ് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുന്നത്. യുക്രൈൻ റഷ്യ യുദ്ധത്തോടെ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചുതുടങ്ങിയതാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ കൂടുതൽ രാജ്യങ്ങളെത്തിയത്.

ജൂണിൽ റഷ്യയിൽനിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാൾ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.

മേയിൽ, ദിവസം 19 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. നേരത്തേ ഇന്ത്യയുടെ ഇറക്കുമതിയുടെ ഒരുശതമാനത്തോളമായിരുന്നു റഷ്യയിൽനിന്നുമുണ്ടായിരുന്നത്. അത് പിന്നീട് 40-45 ശതമാനമായി ഉയർന്നു. യുഎസിൽനിന്നുള്ള എണ്ണ ഇറക്കുമതിയിലും വർധനയുണ്ട്. മേയിൽ 2,80,000 ബാരലാണ് ദിവസവും വാങ്ങിയിരുന്നതെങ്കിൽ ജൂണിലെ ഇറക്കുമതി 4,39,000 ബാരലായി ഉയർന്നിരുന്നു. മുൻപ്‌ ഇറക്കുമതിയുടെ ഭൂരിഭാഗവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു.

അമേരിക്കൻ ആക്രമണത്തിൽ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം, അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി യു‌എന്നിൽ

ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു‌എൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐ‌എ‌ഇ‌എ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ നിർവ്യാപന ഉടമ്പടി പ്രകാരം ഇറാന് അത് ചെയ്യാൻ കഴിയുമെന്നും റാഫേൽ ഗ്രോസി യുഎൻ സെക്യൂരിറ്റി കൗൺസിലിനെ അറിയിച്ചു.

അതേ സമയം, ആക്രമണത്തെ യു എൻ സെക്യൂരിറ്റി കൗണ്‍സിലിൽ ന്യായീകരിക്കുകയാണ് അമേരിക്ക.

പശ്ചിമേഷ്യയിലെ സംഘർഷം പുതിയതലത്തിലേക്ക് മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ലോക രാജ്യങ്ങളും ആശങ്കയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ കയറ്റുമതി നടക്കുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. കടലിടുക്ക് അടക്കുകയാണെങ്കിൽ എണ്ണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു, കുത്തിയത് ഇപ്പോഴുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിൻറെ ഭർത്താവ് മുരളിയാണ് റൂഫസിനെ കുത്തിയത്. ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.

വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം…. പ്രതീക്ഷയോടെ സ്ഥാനാർഥികൾ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 8ന് ചുങ്കത്തറ മാർത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. results.eci.gov.in എന്ന വെബ്‌സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.
ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്.

ഒമ്പതു വയസ്സുകാരിയെ 8 മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഐവർകാല സ്വദേശി പിടിയിൽ

ആറന്മുള.ഒമ്പതു വയസ്സുകാരിയെ 8 മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 2 പേർ പിടിയിൽ

കൊല്ലം ഐവർകാല സ്വദേശി അനിൽകുമാർ പീഡനത്തിന് പ്രതിയെ സഹായിച്ച ലത എന്നിവരാണ് അറസ്റ്റിലായത്

പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതികളെ പിടികൂടിയത്

പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്

വാഴച്ചാലിൽ  ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം


തൃശ്ശൂർ വാഴച്ചാലിൽ  ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം.
വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വച്ചാണ് സംഭവം.
സംഘത്തിലെ ഇരിങ്ങാലക്കുട സ്വദേശി മനുവിന് ആനയുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7 പേരിടുന്ന സംഘമാണ് ട്രക്കിങ്ങിനു  പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് ആനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. പാറപ്പുറത്ത് വീണ  യുവാവിനെ ചുമന്ന് വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ ജീപ്പിൽ പെരിങ്ങൽകുത്ത് ഡാമിന് മുകളിലേക്കും, ശേഷം  ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി.

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ ലോകം

ഇറാനിലെ അമേരിക്കൻ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.    അമേരിക്കൻ നടപടിയെ ഐക്യരാഷ്ട്ര സംഘടന ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ അടിയന്തര യോഗം നാളെ ചേരും

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ ലോകം.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷസ്കി യാനുമായി സംസാരിച്ചു. പുതിയ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ നരേന്ദ്ര മോദി പ്രശ്ന പരിഹാരത്തിന് ചർച്ചയാണ് മാർഗമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശിപാർശ ചെയ്ത പാകിസ്ഥാൻ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്ന് നൽകിയിരുന്നു. അമേരിക്കൻ ആക്രമണത്തെ അപലപിച്ച പാകിസ്താൻ  പ്രതിരോധത്തിന് ഇറാന് അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു.റഷ്യ, ചൈന ,തുർക്കി , സൗദി അറേബ്യ, ഒമാൻ, ഇറാഖ്, ക്യൂബ ,വെനിസ്വേല, ചിലെ എന്നീ രാജ്യങ്ങളും യുഎസ് ആക്രമണത്തിനെതിരെ രംഗത്തു വന്നു. ഇറാൻ്റെ ആണവ പരിപാടികൾ ലോകത്തിന് ഭീഷണിയാണെന്നും ഇതില്ലാതാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തിയതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞു. ഓസ്ട്രേലിയയും ജർമനിയും  അമേരിക്കൻ ആക്രമണത്തെ ന്യായീകരിച്ചു. സമാധാനം കാത്തു സൂക്ഷിക്കാൻ ഖത്തറും ജപ്പാനും ഇറ്റലിയും ന്യൂസിലാൻഡും  ആഹ്വാനം ചെയ്തു.പ്രശ്നം ചർച്ച ചെയ്യാൻ രാജ്യാന്തര ആണവോർജ ഏജൻസി നാളെ അടിയന്തര യോഗം ചേരും. യൂറോപ്യൻ യൂണിയനും നാളെ യോഗം ചേരുന്നുണ്ട്. 

സിറിയയിലെ ചാവേറാക്രമണം: ക്രൈസ്‌തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു

ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്ത ഈ ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയ തലസ്ഥാനമായ ദമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽ തന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പള്ളിയിലേക്ക് കയറിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിവെപ്പിലും സ്ഫോടനത്തിലുമായാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

ചൊവൂർ ബസ് അപകടം ,ബസ് ഡ്രൈവർ സ്ഥിരം അപകടമുണ്ടാക്കുന്ന ആൾ

തൃശ്ശൂർ. ചൊവ്വൂരിൽ ബസ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവം

ബസ് ഡ്രൈവർ റിമാൻഡിൽ

ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്

ബസ് ഡ്രൈവർ നാസർ 2010ലും 2019ലും അപകടം ഉണ്ടാക്കിയ കേസുകളിൽ പ്രതി

2019ൽ നാസർ ഓടിച്ചിരുന്ന വാഹനമിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു

ബസ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി ഇന്നലെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

വേങ്ങറ,  മാലുമേൽ തിരുപാണ്ഡവത്ത് വീട്ടിൽ പി കെ ഗോപിനാഥൻ പിള്ള  അന്തരിച്ചു

കരുനാഗപ്പള്ളി: വേങ്ങറ,  മാലുമേൽ തിരുപാണ്ഡവത്ത് വീട്ടിൽ പി കെ ഗോപിനാഥൻ പിള്ള (92) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണിയമ്മ.  മുൻ കെപിസിസി മെമ്പർ, ഡിസിസി  എക്സിക്യൂട്ടീവ് മെമ്പർ, എൻഎസ്എസ് താലൂക്ക് യൂണിയൻ അംഗം, വേങ്ങറ 352 നമ്പർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ:
ശ്രീകുമാർ (Late),
മോഹൻകുമാർ (ബിസിനസ്),
പ്രവദ (Rtd H.M രാമപുരം),
പ്രശാന്തി (അധ്യാപിക കേന്ദ്രീയ വിദ്യാലയ കൊച്ചി),
പ്രപഞ്ചേന്ദ്ര ലാൽ (SCPO വള്ളികുന്നം ).
മരുമക്കൾ: ശ്രീലത. ആർ, അജിത്കുമാർ, ശ്രീനാരായണകുമാർ,
ജിജി രാമചന്ദ്രൻ ( അധ്യാപിക GLPS പുഴവാത് ചങ്ങനാശ്ശേരി). സഞ്ചയനം 29ന് രാവിലെ എട്ടിന്.