Home Blog Page 901

ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരം, നിലമ്പൂരില്‍ വിയര്‍ത്ത് ബിജെപി

നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിചില്ലായെന്നതും ശ്രദ്ധേയം

2016 ൽ NDA സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകൾ, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്
8595 ആയി . ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപി യുടെ വലിയ ആശ്വാസം .. തുലോം വർദ്ധനവ് ഉണ്ടായത് ബൊണസും.
8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു.പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി.. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാർത്തോമ സഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ കണക്കുകൂട്ടൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം
2021ൽ ലഭിച്ച അത്ര വോട്ടുകൾ കിട്ടാത്തത് ഇതിനുദാഹരണമാണ്. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകൾ കാര്യമായ ശിഥിലമായില്ല . അടിസ്ഥാന വോട്ടുകൾ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ തെല്ലാശ്വാസമല്ല ഇത് നൽകുന്നത്. പക്ഷേ വോട്ട് ഉയർത്താൻ നിലവിലുള്ള സ്ട്രടെജികൾ പോരായെന്നതും വ്യക്തം.

ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പാളിച്ചാ പറ്റിയോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തിൽ ബി ജെ പി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങൾ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ വോട്ട് ബാങ്കിൽ വലിയ കോട്ടമുണ്ടാക്കാത്തത് നേരെ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ അദ്ദേഹത്തെ സഹായിക്കും.പക്ഷെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായി കണക്കാക്കിയ ഉപതിരഞ്ഞെടുപ്പിൽ വോട്ട് നില ഉയർത്താൻ ആകാത്തതിൽ ചോദ്യങ്ങളും ഉയരും. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
നേട്ടം ഉണ്ടാക്കാൻ ബിജെപിക്കും എൻഡിഎയ്ക്കും ഇനിയും ഏറെ പണിയെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല.

മൈനാഗപ്പള്ളിയില്‍ വ്യാപക നായ്ശല്യം

മൈനാഗപ്പള്ളി. രാപകലില്ലാതെ നായ്ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് മൈനാഗപ്പള്ളി. ഇടവഴികളിലും വീട്ടുപറമ്പുകളിലും നായ്ക്കൂട്ടങ്ങള്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. പകല്‍ റോഡുകളാകെ നായ്ക്കൂട്ടം കയ്യടക്കും. പല വഴികളിലും രാത്രി യാത്രക്ക് ജനം ഭയക്കുകയാണ്. ഒറ്റക്ക് യാത്രചെയ്യുന്നതിന് അപകടമുണ്ട്. രാത്രി റോഡില്‍ കിടക്കുന്ന നായ്ക്കള്‍ വാഹനം കണ്ടാല്‍പോലും മാറില്ല. ഇരു ചക്രവാഹനയാത്രക്കാര്‍ക്കു നേരെ കൂട്ടത്തോടെ കുരച്ചുവരുന്നത് കാണാം. പ്രഭാത നടത്തക്കാര്‍ക്കും നായ്ക്കൂട്ടം ഭീഷണിയായിട്ടുണ്ട്. പഞ്ചായത്തില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. മൃതദേഹം നാളെ സ്വന്തം നാടായ പത്തനംതിട്ടയില്‍ എത്തിക്കും. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ഇപ്പോള്‍ ശരീരം കണ്ടെത്തിയത്. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തില്‍ ഉള്‍പ്പെട്ടത്.

മയക്കുമരുന്ന് കേസിൽ നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍

നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നുങ്കമ്പാക്കം പൊലീസാണ് താരത്തെ കസ്റ്റഡയിലെടുക്കുന്നത്. മുന്‍ എഐഎഡിഎംകെ അംഗത്തെ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്ന വ്യക്തിയില്‍ നിന്നുമാണ് ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ പിടികൂടിയിരുന്നു. പ്രദീപിനെ പ്രസാദ് ശ്രീകാന്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നതായാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടരുകയാണ്. മയക്കുമരുന്ന് കേസില്‍ നടന്റെ പേര് ഉയര്‍ന്ന് വന്നതോടെ തമിഴ് സിനിമാ ലോകം അമ്പരപ്പിലാണ്. അതേസമയം വാര്‍ത്തകളോട് താരത്തിന്റെ ടീം ഇതുവരേയും പ്രതികരിച്ചിട്ടില്ല. സിനിമാ ലോകത്തെ ലഹരി ഉപയോഗത്തിന് തടയിടുന്നതിന്റെ ഭാഗമാണ് ശ്രീകാന്തിനെതിരായ നടപടിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഷൗക്കത്തിനെ ഒക്കത്തെടുത്ത് നിലമ്പൂര്‍

നിലമ്പൂര്‍. കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്തിന് 11432 വോട്ടിന്‍റെ ലീഡുനേടി അഭിമാന വിജയം. ഇടതുപക്ഷത്തിന്‍റെ പക്കലിരുന്ന ഒരു സീറ്റ് പിടിച്ചെടുത്താണീ വിജയം. അത് തങ്ങള്‍പ്രഖ്യാപിച്ച് പതിനായിരത്തിന്‍റെ ലീഡുനേടിയെന്ന അഭിമാനം യുഡിെഫ് നേതാക്കള്‍ക്കുമുണ്ട്.

ശക്തികേന്ദ്രങ്ങളില്‍പോലും മങ്ങിയെന്നത് ഇടതിനേറ്റ അടിയാണ്.എട്ടുപഞ്ചായത്തിലും ഷൗക്കത്തിനാണ് ലീഡ്. ഷൗക്കത്ത് 76493 വോട്ടും സ്വരാജ് 65061വോട്ടും നേടിയപ്പോള്‍ വിജയം അവകാശപ്പെട്ടിരുന്ന പിവി അന്‍വര്‍ 19946വോട്ടുനേടി മൂന്നാം സ്ഥാനം നേടി. 8706 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്ജിന്‍റേത്.

നിലമ്പൂരിലെ യുഡിഎഫ് വിജയം; ആര്യാടൻ ഹൗസിൽ വൈകാരിക നിമിഷങ്ങൾ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷിയായത്. രാവിലെ മുതൽ തന്നെ ആര്യാടൻ ഹൗസ് പ്രവര്‍ത്തകരാൽ നിറഞ്ഞിരുന്നു. 

വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് ഉറപ്പിച്ചുകൊണ്ടുള്ള ഷൗക്കത്തിന്‍റെ മുന്നേറ്റത്തിൽ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ആഘോഷിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം അണപ്പെട്ടി. ആര്യാടൻ ഹൗസിലെ വീട്ടിലെ മുകളിൽ നിലയിൽ നിന്ന് നേതാക്കള്‍ക്കിടയിൽ നിന്ന് താഴേക്ക് വന്ന ഷൗക്കത്ത് ആദ്യം പോയത് ഉമ്മയുടെ മുറിയിലേക്കാണ്. 

അവിടെ മൊബൈലിൽ ഫല പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുന്ന ഉമ്മയെ ഷൗക്കത്ത് വാരിപ്പുണര്‍ന്നു. സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ ഷൗക്കത്ത് തന്‍റെ വിജയം കാണാൻ പിതാവ് ആര്യാടൻ മുഹമ്മദ് ഇല്ലാത്തതിന്‍റെ വേദനയാണ് പങ്കുവെച്ചത്.

തന്‍റെ പിതാവിന് ഏറ്റവും സങ്കടമുണ്ടായ കാര്യമാണ് നിലമ്പൂര്‍ നഷ്ടപ്പെട്ടതെന്ന് ആര്യാടൻ ഷൗക്കത്ത് പറ‍ഞ്ഞു. നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇനി നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ വിജയം അദ്ദേഹത്തിന് കാണാനായില്ലലോ എന്ന ഒരു വേദനയാണുള്ളത്.

അദ്ദേഹത്തിന്‍റെ ആത്മാവ് ഇത് അറിയുന്നുണ്ടാകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇതാ വരുന്ന ബാപ്പൂട്ടി, ആര്യാടന്‍റെ പിന്‍ഗാമി, ആര്യാടാ നേതാവേ.. ഇല്ലായില്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഷൗക്കത്തിലൂടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ഷൗക്കത്തിനെ പ്രവര്‍ത്തകര്‍ വരവേറ്റത്. 

വൈകാരിക നിമിഷങ്ങള്‍ക്കുശേഷം വീട്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് ഷൗക്കത്ത് യുഡിഎഫ് ഓഫീസിലേക്ക് പോയത്. ഘോഷയാത്രയായി പ്രവര്‍ത്തകരൊന്നടങ്കം ഷൗക്കത്തിന് പിന്നാലെ അണിനിരന്നു.

നിലമ്പൂരില്‍ യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍

നിലമ്പൂര്‍.രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് ഉറപ്പായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ട് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. 62284 വോട്ടുകളോടെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്. 55036വോട്ടുമായി എം സ്വരാജ് പിന്നിലുണ്ട്. എന്നാല്‍ സ്വരാജിനെ അതരിപ്പിച്ചതില്‍ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. 16965 വോട്ടുമായി പിവി അന്‍വര്‍ മൂന്നാമതുണ്ട്. 6957 വോട്ടുനേടിയ എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ്ജിന് അതിശയങ്ങളൊന്നും കാണിക്കാനായിട്ടില്ല

ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാനായിട്ടില്ല.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികള്‍. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും ഉണ്ടെന്ന് യുഡിഎഫ് പറയുന്നു. ലീഗിന്റെ സര്‍വ്വസന്നാഹങ്ങളും ഇറങ്ങി ഇളക്കി മറിച്ച് പണിയെടുത്തുവെന്നതും മുന്നണിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

അതേസമയം മറുവശത്ത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എം സ്വരാജിന്റെ വരവോടെ പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന് നേതൃത്വം കരുതുന്നു. നേരിയ വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും 55 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് നേതൃത്വം പുലര്‍ത്തുന്നത്. അവസാന നിമിഷവും 75,000 വോട്ട് നേടുമെന്ന് ആവര്‍ത്തിക്കുകയാണ് പിവി അന്‍വര്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ക്രോസ് വോട്ട് ചെയ്തുവെന്നും 10,000ത്തോളം വോട്ടുകള്‍ സ്വരാജിന് ലഭിച്ചെന്നും അന്‍വര്‍ ആരോപിച്ചു. എന്നിരുന്നാലും തനിക്ക് വിജയം സുനിശ്ചിതമാണെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്

കൈയില്‍ ബിരുദമുണ്ടോ? കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 453 ഒഴിവുകള്‍

കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷനടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം.

453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റുകേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്സ് ആരംഭിക്കും. എൻസിസി-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

യോഗ്യത: മിലിട്ടറി അക്കാദമി/ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം/ തത്തുല്യം.നേവൽ അക്കാദമി: എൻജിനിയറിങ് ബിരുദം.

എയർഫോഴ്സ് അക്കാദമി: ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.

അപേക്ഷ www.upsconline.nic.in വഴി അപേക്ഷിക്കാം. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: www.upsc.gov.in | അവസാനതീയതി: ജൂൺ 17.

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴ്തട്ടിൽ സൂക്ഷിക്കരുത്; കാരണം ഇതാണ്

അടുക്കളയിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. വേവിച്ചതും ബാക്കിവന്നതുമായ ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് തന്നെ വേണം. ഫ്രിഡ്ജിന്റെ ഓരോ തട്ടിനും വെവ്വേറെ ഉപയോഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തെയും തണുപ്പ് മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഓരോ ഭക്ഷണവും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ സൂക്ഷിക്കാൻ പാടില്ല. ചൂട് കൂടുമ്പോൾ, താഴത്തെ ഭാഗങ്ങളെക്കാളും മുകൾ ഭാഗത്ത് തണുപ്പ് കൂടുതലായിരിക്കും. ഇവിടെ വേവിച്ച് വെച്ച ഭക്ഷണങ്ങളാണ് സൂക്ഷിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ സൂക്ഷിക്കുന്നുണ്ടോ, എങ്കിൽ ഉടൻ മാറ്റിക്കോളൂ.

ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിന്റെ താഴെത്തട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് മുകൾ ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

വേവിച്ച മുട്ടകൾ

വേവിച്ച മുട്ടകൾ ഒരിക്കലും വേവിക്കാത്ത മുട്ടയോടൊപ്പം സൂക്ഷിക്കാൻ പാടില്ല. ഇത് വേവിച്ച മുട്ട കേടുവരാൻ കാരണമാകുന്നു. തോട് കളഞ്ഞതോ അല്ലാത്തതോ ആയ മുട്ടകൾ ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഒരാഴ്ച്ചയോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു.

വേവിച്ച ഇറച്ചി

പൂർണമായും വേവിച്ച ഇറച്ചി ഫ്രിഡ്ജിന്റെ മുകൾ തട്ടിൽ സൂക്ഷിക്കാവുന്നതാണ്. വേവിക്കാത്ത ഇറച്ചി ഫ്രിഡ്ജിന്റെ അടിത്തട്ടിലും സൂക്ഷിക്കാം. അതേസമയം വേവിക്കാത്ത ഇറച്ചി മറ്റ് ഭക്ഷണത്തോടൊപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കണം.

ഔഷധസസ്യങ്ങൾ

ഒരു ഗ്ലാസ് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഔഷധസസ്യങ്ങൾ ഇട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഫ്രിഡ്ജിന്റെ മേൽത്തട്ടിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതേസമയം ഓരോ ദിവസവും വെള്ളം മാറ്റുന്നത് നല്ലതായിരിക്കും.

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ

കടയിൽ നിന്നും വാങ്ങുന്ന റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. ഇത് ഫ്രിഡ്ജിന്റെ മേൽത്തട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

ഇറാനിലേക്ക് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചോ? ആരോപണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളില്‍ നടത്തിയ ആക്രമണത്തിന് (ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍) ഇന്ത്യന്‍ വ്യോമപാത യുഎസ് സേനകള്‍ ഉപയോഗിച്ചതായുള്ള പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളടക്കം ഇറാനിലേക്ക് വിന്യസിച്ചത് എന്നായിരുന്നു ഇറാന്‍ ടൈംസിന്‍റെ ഉള്‍പ്പടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇന്ത്യ വ്യോമപാത അമേരിക്കയ്ക്ക് അനുവദിച്ചതായി പാകിസ്ഥാന്‍ അനുകൂല എക്‌സ് അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു.

ഇറാനിലെ ഫോര്‍ഡോ ആണവ നിലയത്തിലടക്കം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ബി-2 സ്‌പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ സഞ്ചാരപാതയൊരുക്കി എന്നായിരുന്നു ഇറാന്‍ അനുകൂല എക്സ് അക്കൗണ്ടുകളിലെ പ്രചാരണം. പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സമാന ആരോപണമുയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെയാണ് യുഎസിന്‍റെ ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു.