27.6 C
Kollam
Wednesday 17th December, 2025 | 09:27:50 PM
Home Blog Page 880

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍

തിരുവനന്തപുരം.ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള നാല്‍പതിലേറെ വിമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.നിരവധി യാത്രക്കാരാണ് സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 ഫ്‌ലൈറ്റുകള്‍ റദാക്കി. റദ്ദാക്കിയതില്‍ അധികവും എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകളാണ്. ബഹറിനിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചതിന് പിന്നാലെ യാത്രക്കാരുമായി കൊച്ചിയില്‍ തിരിച്ച് ലാന്‍ഡ് ചെയ്തു. മുന്നറിയിപ്പുണ്ടായിരുന്ന 17 വിമാനങ്ങള്‍ രാവിലെ റദ്ദാക്കിയതോടെ യാത്രക്കാര്‍വലഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 8 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ വിമാനവുമാണ് റദ്ദാക്കിയത്.

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 8 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 6 സര്‍വീസുകളും ഇന്‍ഡിഗോയുടെ രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, ജിദ്ദ, റാസല്‍ഖൈമ, ബഹ്‌റൈന്‍ സര്‍വീസുകളും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുംബൈ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിലേക്കുള്ള അബുദാബി,റിയാദ്, ദമാം, ദുബായ്, ഷാര്‍ജ, ജിദ്ദ, മസ്‌കറ്റ് സര്‍വീസുകളും റദ്ദാക്കി.

അന്‍വറില്ലാതെ പറ്റില്ലേ കോണ്‍ഗ്രസിന്

നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയതോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് പിവി അൻവറിന്റെ യു. ഡി. എഫ് പ്രവേശനം. പി വി അൻവറിന്റെ UDF പ്രവേശനം മുന്നണി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്
പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ഇനിയും അയഞ്ഞിട്ടില്ല.

അൻവർ നിലമ്പൂരിൽ ഒരു ഫാക്ടർ ആണെന്ന് പിടിച്ചെടുത്ത ഇരുപതിനായിരം വോട്ടിൽ വ്യക്തം. അത് UDF നേതാക്കൾ പരസ്യമായി തന്നെ അംഗീകരിച്ച് കഴിഞ്ഞു. ഇതോടെയാണ് ഒരിക്കൽ വഴിയടഞ്ഞ അൻവറിന്റെ യുഡിഎഫ്
പ്രവേശനം വീണ്ടും സജീവ ചർച്ചയാകുന്നത്. പാതിമനസ്സുണ്ടെന്ന് സൂചന നൽകി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.

വി ഡി സതീശനുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞ അൻവർ
ഇന്നലെ തന്നെ യുഡിഎഫുമായി അനുരഞ്ജനത്തിന് തയ്യാറൊന്ന് വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവ് നോകമന്റ്‌ എന്ന നിലപാടിലാണ്.അൻവർ വിഷയത്തിൽ വി ഡി സതീശന്റെ നിലപാട് തന്നെയാണ് ആര്യാടൻ ഷൗക്കത്തിനു മുള്ളത്.

നിലമ്പൂരിലെ പ്രാദേശികമായ വിജയസാധ്യതകാണുന്നവര്‍ അന്‍വറിനെകിട്ടിയാല്‍ കൊള്ളാം എന്നു കരുതുന്നുണ്ടെങ്കിലും സംസ്ഥാനമൊട്ടാകെ അത് കോണ്‍ഗ്രസിന്‍റെ വാല്യൂ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് സതീശന് ഒപ്പമുള്ളവര്‍. പിസി ജോര്‍ജ്ജിനെപ്പോലെ എന്ന ഉദാഹരണവും ഇവര്‍ വയ്ക്കുന്നു. സാമുദായികമായും അന്‍വറിനേക്കാള്‍ സ്വാധീനമുള്ളവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടല്ലോ എന്ന ചോദ്യവുമുണ്ട്. വലിയ ഒരു തലവേദനയാവും അന്‍വര്‍ എന്ന വിലയിരുത്തലുള്ളവരേറെയാണ്. പിണറായി എന്ന വലിയ നേതാവിനെപ്പോലും നേര്‍ക്കുനേരെ നിന്ന് വെല്ലുവിളിച്ച അന്‍വര്‍ പിന്നിലൊരു മുന്നണിയുണ്ടെന്നുവന്നാല്‍ കോണ്‍ഗ്രസിലെ ഏതുനേതാവിനെയും കൂസാത്ത വലിപ്പമാര്‍ജ്ജിക്കും. മാത്രമല്ല ലീഗിനെപ്പോലും അപ്രസക്തരാക്കി വിലപേശാന്‍ തുടങ്ങിയേക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അന്‍വര്‍ തല്‍ക്കാലം പുറത്തുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ അന്തസിന് നല്ലതെന്നാണ് വിലയിരുത്തല്‍.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് അൻവറിനെ കൂടി മുന്നണിയുടെ ഭാഗമാക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ ചർച്ചകൾക്ക് ആരും മുൻകൈ എടുക്കും എന്ന കാര്യത്തിലാണ് ആശയകുഴപ്പം. ലീഗിന്റെ കൂടി നിലപാട് പരിഗണിച്ചായിരിക്കും തീരുമാനം.അപകടകാരി എന്നതിനാല്‍ ലീഗ് അന്‍വറിനെ ചൂടുചേമ്പ് ആയി കരുതുമെന്നാണ് സൂചന.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിൽ ജി സുധാകരന് ക്ഷണമില്ല

ആലപ്പുഴ.സിപിഐഎം പരിപാടിയിൽ ജി സുധാകരന് വീണ്ടും അവഗണന.
ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥ വാർഷികാചരണ പരിപാടിയിലാണ് ക്ഷണമില്ലാത്തത്. വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി ജി സുധാകരൻ രംഗത്ത്.

വിഎസ് അച്യുതാനന്ദനും എസ് രമചന്ദ്രൻ പിള്ളക്കും പുറമെ ആലപ്പുഴയിൽ ജീവിച്ചിരിക്കുന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാളാണ് ജി സുധാകരൻ. ഈ പശ്ചാതലം അവഗണിച്ചാണ് പാർട്ടി പരിപാടിയിൽ ക്ഷണമില്ലാത്തത്. സിപിഐഎം നേതാവ് അഡ്വ. കെ അനിൽകുമാറാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണ പരിപാടിയിൽ മുഖ്യപ്രഭാഷകൻ. അമ്പലപ്പുഴയി ജി സുധാകരൻ്റെ വീടിന് സമീപത്താണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയെ കുറിച്ച് അറിവില്ലെന്ന് ജി സുധാകരൻ.

കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പരിപാടിയിൽ ക്ഷണിക്കാത്ത നടപടിയിൽ പരോക്ഷ വിമർശനം

എല്ലാം ഓർക്കുന്നതാണ് മാനവ സംസ്കാരം, നേരിട്ട് അറിവില്ലാത്തവർ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നു…എന്ന് സുധാകരന്‍പ്രതികരിച്ചു. വിവാദത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി പ്രതികരിച്ചില്ല.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന്  ഡോണള്‍ഡ് ട്രംപ്…. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന്  ഡോണള്‍ഡ് ട്രംപ്…. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

21 നും 30 വയസിനും ഇടയിലുള്ള ബിരുദധാരികളാണോ നിങ്ങൾ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2900 ഓഫിസർ ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസർ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂൺ 21 മുതൽ ജൂൺ 30 വരെ അപേക്ഷിക്കാം. 2,600 റെഗുലർ തസ്തികകളും 364 ബാക്ക്‌ലോഗ് തസ്തികകളും ഉൾപ്പെടെ ആകെ 2,964 ഒഴിവുകളാണ് നിലവിലുള്ളത്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിലോ റീജിയണൽ റൂറൽ ബാങ്കുകളിലോ ഓഫീസർ തലത്തിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

അപേക്ഷകർ ബിരുദധാരികളായിരിക്കണം, കൂടാതെ ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർമാരായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 2025 ഏപ്രിൽ 30-ന് 21 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ബാധകമാണ്. എസ്‌സി/എസ്ടിക്ക് 5 വർഷം, ഒബിസി (എൻ‌സി‌എൽ)ക്ക് 3 വർഷം, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 10 മുതൽ 15 വർഷം വരെ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ഓണ്‍ലൈന്‍ പരീക്ഷ, തുടര്‍ന്ന് സ്‌ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവ ഉള്‍പ്പെടുന്നു.

ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ഇടയിലുള്ള 75:25 എന്ന അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്.
ഇംഗ്ലീഷ് ഭാഷ (30 മാർക്ക്), ബാങ്കിംഗ് നോളജ് (40 മാർക്ക്), ജനറൽ അവയർനെസ്/ഇക്കണോമി (30 മാർക്ക്), കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (20 മാർക്ക്) എന്നിങ്ങനെ 120 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ പരീക്ഷ.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ അടിസ്ഥാന ശമ്പളം 48,480 രൂപയാണ്. കൂടാതെ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളും ഉൾപ്പെടുന്നു. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് അപേക്ഷകർക്ക് അപേക്ഷാ ഫീസ് 750 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി അപേക്ഷകർക്ക് അപേക്ഷ ഫീസ് ഇല്ല.

വാർത്താനോട്ടം

2025 ജൂൺ 24 ചൊവ്വ

🌴കേരളീയം🌴

🙏 നിലമ്പൂരിലെ ആവേശപ്പോരാട്ടത്തില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശതമാന കണക്കിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയമുറപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്.

🙏 നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാര്‍ത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന – ജില്ലാ ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. അന്‍വര്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും എംഎ ബേബി പ്രതികരിച്ചു.

🙏 നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🙏 നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

🙏 അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നും സംസ്‌കാരം ഇന്ന് നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

🙏 കൊല്ലം അഞ്ചലില്‍ 4 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് സെക്രട്ടറി ഷൈന്‍ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി.

🙏 അമ്പലപ്പുഴ പുന്നപ്രയില്‍ ഡോള്‍ഫിന്റെ ജഡമടിഞ്ഞു. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോള്‍ഫിന്റെ ജഡം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

🙏 സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

🙏 കുടുംബാംഗങ്ങളോ
ടൊപ്പം വീടിനടുത്തുള്ള കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍ – മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് ദാരുണമായി മരണപ്പെട്ടത്.

🙏 മയക്കുമരുന്ന് വ്യാപനം തടയാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷന്‍ ഡി-ഹണ്ടി’ന്റെ ഭാഗമായി 105 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍. സമാനകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും, ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തി.

🙏 അഹമ്മദാബാദ് വിമാന അപകടത്തില്‍ ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി സമിതി. അടുത്തമാസം ആദ്യ ആഴ്ച നടക്കുന്ന യോഗത്തില്‍ ബോയിംഗ് അധികൃതരെ വിളിപ്പിക്കും. വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേതാണ് നടപടി.

🙏 ഇതര മതത്തില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ മകള്‍ക്ക് മരണാനന്തര ക്രിയകള്‍ ചെയ്ത് കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയത്.

🙏 കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തെ മനഃപൂര്‍വ്വം ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് കോടതി വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 71 വയസുകാരനായ ശോഭ്‌നാഥ് രാജേശ്വര്‍ ശുക്ലക്കെതിരെയാണ് വിധി വന്നിരിക്കുന്നത്. ജീവപര്യന്തം കഠിന തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

🙏 ഡല്‍ഹിയില്‍ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാതെ തിരികെ പറന്നു. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഐ.എക്സ് 2564 ആണ് ജമ്മുവില്‍ ഇറങ്ങാതെ തിരികെ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജിപിഎസ് സിഗ്നലുകളില്‍ തടസ്സം നേരിട്ടത് കാരണം മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് കമ്പനി വക്താവ് പിന്നീട് അറിയിച്ചു

🇦🇽 അന്തർദേശീയം 🇦🇽

🙏 ഖത്തറിലെയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം പത്തോളം മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

🙏 ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചര്‍ച്ച ആരംഭിക്കാമെന്നും യുഎസ് ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

🙏 സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈല്‍ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. വടക്ക് കിഴക്കന്‍ സിറിയയിലെ ഹസക്കയുടെ വടക്കന്‍ മേഖലയിലെ അല്‍ ദാര്‍ബാസിയായിലെ അമേരിക്കന്‍ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏 അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോര്‍ദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിന്‍ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇറേനിയന്‍ സ്റ്റേറ്റ് പ്രക്ഷേപണ നിലയവും ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🙏 ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രത്യേക കത്തുമായി ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ കൂടുതല്‍ സഹായം തേടിയുള്ള ഈ നിര്‍ണായക സന്ദര്‍ശനം.

🙏 പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും. ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇറാനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

🙏 ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണെങ്കിലും തങ്ങള്‍ ഇറാനെ സഹായിക്കാനായി നേരിട്ട് ഇറങ്ങില്ലെന്ന്് റഷ്യ. എന്തുവന്നാലും ഇറാന് ആണവായുധം നല്‍കില്ലെന്നും റഷ്യ വ്യക്തമാക്കി. അതേസമയം ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച റഷ്യ, അമേരിക്കയുടെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അഭിപ്രായപ്പെട്ടു.

🙏 ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റിത്തുടങ്ങിയതോടെ ശക്തി പ്രാപിച്ച് യുഎസ് ഡോളര്‍ . യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും കാരണം ഇന്ത്യന്‍ രൂപയും കൂപ്പുകുത്തി.

🏏 കായികം 🏏

🙏ഇന്ത്യാ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാമിന്നിംഗ്സില്‍ വെറും ആറ് റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്സ് 364 ല്‍ അവസാനിച്ചു. രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 137 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 118 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്സില്‍ 364 റണ്‍സെടുത്ത് 371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍വെച്ചു.

🙏 333 ന് 4 എന്ന ശക്തമായ നിലയില്‍ നിന്ന് 31 റണ്‍സ് നേടുന്നതിനിടെ അവസാന 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 364 ന് പുറത്താകുകയായിരുന്നു. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്. അവസാന ദിനത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് കൂടി വേണം. ഇന്ത്യയ്ക്ക് 10 വിക്കറ്റും

വയറ്റിലെ ക്യാൻസർ; രാവിലെ കാണുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

വയറ്റിലെ ക്യാൻസർ അഥവാ ആമാശയ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനം പ്രതി കൂടി വരികയാണ്. ഇത് ആമാശയ പാളിയിൽ വികസിക്കുന്ന ഒരു മാരകമായ ട്യൂമറാണ്. മിക്ക ആമാശയ ക്യാൻസറുകളും ആമാശയത്തിന്റെ ആന്തരിക പാളിയിലെ കോശങ്ങളിൽ ആരംഭിക്കുന്ന അഡിനോകാർസിനോമകളാണ്. അധികം ആളുകളും വെെകിയാകും രോ​ഗം കണ്ടെത്തുന്നത്. വയറ്റിലെ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിതാ…

വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത

വയറ്റിലെ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് വയറ്റിലെ വേദനയോ അസ്വസ്ഥതയോ ആകാം. പ്രത്യേകിച്ച് രാവിലെ. എഴുന്നേൽക്കുമ്പോൾ വയറിന്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെടാം. ചിലപ്പോൾ ഈ വേദന ദഹനക്കേടോ നെഞ്ചെരിച്ചിലോ പോലെ തോന്നാം. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ വയറുവേദന എല്ലാ ദിവസവും രാവിലെ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

ഓക്കാനം അനുഭവപ്പെടുക

വയറ്റിലെ പല പ്രശ്നങ്ങളുടെയും സാധാരണ ലക്ഷണങ്ങളാണ് ഓക്കാനം, ഛർദ്ദി എന്നിവ. എന്നാൽ രാവിലെ പതിവായി അസുഖം അനുഭവപ്പെടുകയോ ഛർദ്ദിക്കുകയോ ചെയ്താൽ അത് വയറ്റിലെ ക്യാൻസറിന്റെ സൂചനയായിരിക്കാം. ഓർക്കുക, ഓക്കാനം, ഛർദ്ദി ക്യാൻസറിന്റെ മാത്രമല്ല മറ്റ് പല രോ​ഗങ്ങളുടെയും ലക്ഷണം കൂടിയാണ്.

രാവിലെ ഛർദ്ദിക്കുന്നത് രാത്രിയിൽ വയറ്റിൽ ആസിഡ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കാം. രക്തം ഛർദ്ദിക്കുകയോ, ഛർദ്ദിയിൽ ഇരുണ്ട നിറത്തിലുള്ള കാപ്പിപ്പൊടി പോലുള്ള വസ്തുക്കൾ കാണുകയോ ചെയ്താൽ, എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.

വിശപ്പില്ലായ്മ

രാവിലെ വിശപ്പ് തോന്നുന്നില്ലെങ്കിലോ അല്ലെങ്കിൽ കുറച്ച് കഴിച്ചതിനുശേഷവും പെട്ടെന്ന് വയറു നിറയുകയാണെങ്കിൽ, ചെയ്താൽ അത് ആമാശയ കാൻസറിന്റെ ലക്ഷണമായിരിക്കാം. ഇത് പതിവിലും വേഗത്തിൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഈ വിശപ്പില്ലായ്മ പലപ്പോഴും ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.

ഭാരം കുറയുക

വയറ്റിലെ അർബുദം ബാധിച്ച പലർക്കും ശരീരഭാരം കുറയുകയും ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു. പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ക്യാൻസർ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

മലത്തിൽ രക്തം അല്ലെങ്കിൽ മലത്തിലെ നിറ വ്യത്യാസം

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണം മലത്തിൽ രക്തം കലർന്നതോ അല്ലെങ്കിൽ മലം വളരെ ഇരുണ്ടതോ പോലെയോ കാണപ്പെടുന്നു എന്നതാണ്. ട്യൂമർ ആമാശയത്തിനുള്ളിൽ രക്തസ്രാവമുണ്ടായാൽ ഇത് സംഭവിക്കാം.

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ക്യാൻസറിന്റെത് തന്നെയാകണമെന്നില്ല. മറ്റ് പല രോ​ഗങ്ങളുടെ കൂടിയാകാം. ലക്ഷണങ്ങൾ കണ്ടാൽ ക്യാൻസർ അല്ലെന്ന് ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും വേണം.

ഖത്തറിൽ വ്യോമഗതാഗതം താത്കാലികമായി നിർത്തി വെച്ചു

ദോഹ. ഖത്തറിൽ വ്യോമഗതാഗതം താത്കാലികമായി നിർത്തി വെച്ചു .മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഖത്തറിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചേർന്ന് സംഭവവികാസങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യമായ അപ്‌ഡേറ്റുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സജീവ അഗ്നിപർവ്വതം കാണാനുള്ള യാത്രയിൽ അപകടം, അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ് 26കാരി, രക്ഷാപ്രവ‍ർത്തനം തുടരുന്നു

ലോംബോക്ക്: സജീവ അഗ്നിപർവ്വതിലേക്കുള്ള ട്രെക്കിംഗിനിടെ അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ 26കാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലാണ് സംഭവം. ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് ബ്രസീൽ സ്വദേശിയായ 26കാരി അഗ്നിപർവ്വത മേഖലയിൽ വീണത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് എന്ന 26കാരി വീണത്. ശനിയാഴ്ച പുലർച്ചെ 6.30ഓടെയാണ് യുവതി അഗ്നിപ‍ർവ്വത മുഖത്തേക്ക് വീണത്.

കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥകളും നിമിത്തം തെരച്ചിൽ സാവധാനത്തിലാണ് പുരോഗമിക്കുന്നത്. സഹായത്തിന് വേണ്ടി നിലവിളിക്കുന്ന യുവതിയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റെങ്കിലും ജീവന് ആപത്ത് സംഭവിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഒപ്പമുണ്ടായിരുന്ന സംഘം ശനിയാഴ്ച ഡ്രോൺ സഹായത്തോടെ എടുത്ത ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ള്. ചാരനിറത്തിലുള്ള മണ്ണിൽ അനങ്ങാനാവാതെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗ് പാതയിൽ നിന്ന് വളരെയധികം താഴ്ചയിലാണ് യുവതി നിലവിലുള്ളത്. രക്ഷാപ്രവർത്തകർ 984 അടി താഴ്ചയിൽ വരെ എത്തി നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്താനായിട്ടില്ല. എന്നാൽ യുവതിയുടെ നിലവിളി രക്ഷാപ്രവർത്തകർക്ക് കേൾക്കാൻ സാധിച്ചിട്ടുണ്ട്.

എന്നാൽ ഞായറാഴ്ച കനത്ത പുക മൂടിയ അന്തരീക്ഷത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കണ്ടെത്തിയ മേഖലയിൽ യുവതിയെ കണ്ടെത്താനായില്ലെന്നാണ് രക്ഷാപ്രവ‍ർത്തകർ വിശദമാക്കുന്നത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള കനത്ത ചൂട് ഡ്രോൺ പ്രവർത്തനത്തേയും ഞായറാഴ്ച ബാധിച്ചിരുന്നു. തിങ്കളാഴ്ച പുല‍ർച്ചെ ആരംഭിച്ച തെരച്ചിലിൽ യുവതിയെ വീണ്ടും കണ്ടെത്താൻ സംഘത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ താഴ്ചയിലേക്ക് വീണ നിലയിലാണ് 26കാരിയുള്ളത്. 250 മീറ്റർ താഴ്ചയിൽ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടുള്ളത്. ഇനിയും 350 മീറ്ററോളം താഴ്ചയിലേക്ക് എത്താനായാല് യുവതിയുടെ സമീപത്തേക്ക് എത്താനാവൂയെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.

അതേസമയം അപകടത്തിന് ശേഷവും മേഖലയിൽ വിനോദസഞ്ചാരികളെ അനുവദിക്കുന്നതിൽ മൗണ്ട് റിൻജാനി പാർക്ക് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മൗണ്ട് റിൻജാനി പാർക്ക് സന്ദ‍ർശിക്കാനെത്തിയ യുവതിക്ക് അപകടം സംഭവിച്ച് ഇനിയും രക്ഷിക്കാനാവാത്ത സാഹചര്യത്തിലും വിനോദ സഞ്ചാരം അനുവദിക്കുന്നതിലാണ് വിമ‍ർശനം ഉയരുന്നത്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപർവ്വതത്തിനുള്ളിലാണ് യുവതി കുടുങ്ങിയിട്ടുള്ളത്.