പട്ടാമ്പി. ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ 21 വയസുകാരൻ പ്രണവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആലത്തൂർ ഗായത്രി പുഴയിൽ പ്രണവിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. മൂന്ന് ദിവസമായി ഫയർഫോഴ്സ് സ്കൂബ ടീം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗായത്രി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ പട്ടാമ്പി നിള ആശുപത്രിക്ക് പുറകുവശത്തായിട്ടാണ് ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ശക്തമായ ഒഴുക്കിൽ മൃതദേഹം ഒഴുകിവന്നതാകാമെന്നാണ് നിഗമനം. പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ആലത്തൂരിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് തിരിച്ചറിഞ്ഞത്. ആലത്തൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്.
എംഎൽഎ ആര്യാടൻ ഷൗക്കത്ത് കുടുങ്ങി
നിലമ്പൂര്‍.നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് വാണിയമ്പുഴ ഉന്നതിയിൽ അകപ്പെട്ടു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹവുമായി ഉന്നതിയിൽ പോയതാണ്. ചാലിയാറിന് കുറുകെ സഞ്ചരിച്ച ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു.
പകരം ഡിങ്കി ബോട്ട് എത്തിയിട്ട് വേണം ഇക്കര കടക്കാൻ.
‘പൂക്കളുടെ പുസ്തകം’, എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസം വിഭാഗത്തിൽ എൻഡോവ്മെന്റ് അവാർഡ്
തൃശൂർ: സി പി എം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെരഞ്ഞെടുപ്പിൽ സ്വരാജ് 11077 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്, സുഹൃത്തിൻ്റെ പുസ്തകത്തിന്റെ പിറകിൽ
പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലെ ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആശിർനന്ദ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നതായി സുഹൃത്ത്. തൻ്റെ ജീവിതം അധ്യാപകർ തകർത്തുവെന്ന് കുറിപ്പിൽ എഴുതിവെച്ചിരുന്നതായും സുഹൃത്ത് അറിയിച്ചു. അധ്യാപകരായ അമ്പിളി, അർച്ചന എന്നിവരുടെ പേര് കൂടി കുറിപ്പിൽ ഉണ്ടായിരുന്നു.
സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞെന്നും സഹപാഠി അറിയിച്ചു. സുഹൃത്തിൻ്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിർനന്ദയുടെ സഹപാഠികൾ പറഞ്ഞു.
അതേ സമയം, മരണത്തിന് മുമ്പ് ആശിർനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആശിർനന്ദയുടെ സുഹൃത്ത് കുറിപ്പ് കൈമാറിയെന്നും നാട്ടുകൽ പൊലീസ് പറഞ്ഞു. മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ വീടും പഠിച്ച ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്ക് കോൺവെൻ്റ് സ്കൂളും ബാലാവകാശ കമ്മിഷൻ നാളെ സന്ദർശിക്കും. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാറാണ് സന്ദർശനം നടത്തുക.
ഇറാന്‍ പരമോന്നത നേതാവിനെ കാണാനില്ല, ആയത്തുല്ല അലി ഖാംനഈ എവിടെയാണ്?
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ്? ഇസ്രായേല്‍ -ഇറാന്‍ യുദ്ധം വെടിനിര്‍ത്തലില്‍ എത്തിയിട്ടും പരമോന്നത നേതാവിനെ ഒരാഴ്ചയിലേറെയായി പുറത്തുകണ്ടിട്ടില്ല. ഇറാനിലെ ഏതു വിഷയത്തിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിനാണ്. സൈന്യത്തിന്റെ പരമോന്നത മേധാവിയും അദ്ദേഹമാണ്. എന്നിട്ടും രാജ്യം അസാധാരണമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച സമയത്തും അദ്ദേഹത്തെ പുറത്തുകണ്ടിരുന്നില്ല. ഖാംനഈയുടെ തിരോധാനം ഇപ്പോള്‍ ഇറാനിലും പുറത്തുമ വലിയ ചര്‍ച്ചയാവുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിന്റെ മധ്യ ഘട്ടത്തിലാണ് അദ്ദേഹത്തെ അവസാനമായി പുറത്തുകണ്ടത്. അതിനുശേഷം ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി, ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇത്രയൊക്കെ നടന്നിട്ടും ഒരാഴ്ചയായി ഇദ്ദേഹത്തെ ആരും കണ്ടിട്ടേയില്ല.
യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഖാംനഈ വാര്‍ത്തയായിരുന്നു. ഖാംനഈയെ വധിക്കരുതെന്ന് ഇസ്രായേലിനോട് താന്‍ ആവശ്യപ്പെട്ടതായി യു എസ് പ്രസിഡന്റ് ട്രംപാണ് പറഞ്ഞത്. തൊട്ടുപിന്നാലെ ഖാംനഈ എളുപ്പത്തില്‍ വധിക്കാനാവുന്ന ടാര്‍ഗറ്റാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതിനു ശേഷം ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിലും ഖാം നഈയെ വധിക്കുമെന്ന കാര്യം ചര്‍ച്ചയായി. ഇതൊക്കെ നടക്കുന്നതിനിടയിലാണ് ഇറാന്‍ പരമോന്നത നേതാവ് പൊതുവിടത്തില്‍നിന്നും അ്രപത്യക്ഷമായത്.
ഇറാനിലാണ് ഇതാദ്യം ചര്‍ച്ചാ വിഷയമായത്. പിന്നീട് ലോകമാകെ ഈ വിഷയം ചര്‍ച്ചയായി. ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ടിവി ചാനലില്‍, പ്രൈം ടൈം പരിപാിടയില്‍ അവതാരകന്‍ ഈ വിഷയം എടുത്തിട്ടു. ചര്‍ച്ചയ്ക്കിടയില്‍, ഖാംനഈയുടെ ആര്‍ക്കൈവ്‌സ് ഓഫീസിന്റെ തലവനായ മെഹ്ദി ഫസേലിയോടാണ് അവതാരകന്‍ ഇക്കാര്യം ആരാഞ്ഞത്. ”പരമോന്നത നേതാവിന്റെ കാര്യത്തില്‍ ആളുകള്‍ ആശങ്കാകുലരാണ്, അദ്ദേഹം എങ്ങനെയുണ്ടെന്ന് ഞങ്ങളോട് പറയാമോ?”-ഇതായിരുന്നു ചോദ്യം. ആയിരക്കണക്കിന് പ്രേക്ഷകര്‍ ഇക്കാര്യം ചോദിച്ച് തങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇതിനു മറുപടി പറഞ്ഞ ഖാംനഈയുടെ ഓഫീസിലെ പ്രമുഖന്‍ എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചില്ല. പകരം, ഇസ്രയേലും അമേരിക്കയും നടത്തിയ ബോംബാക്രമണങ്ങള്‍ക്കു ശേഷം ഖാം നഈയെക്കുറിച്ച് ഉദ്യോഗസ്ഥടക്കം നിരവധി പേര്‍ തന്നോടും ആന്വേഷണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിനായി നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കണം’-മെഹ്ദി ഫസേലി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പരമോന്നത നേതാവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ആളുകള്‍ അവരുടെ ജോലി നന്നായി ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവം അനുവദിച്ചാല്‍, നമ്മുടെ ആളുകള്‍ക്ക് പ്രിയനേതാവിനൊപ്പം വിജയാഘോഷം നടത്താനാവുമെന്നും മെഹ്ദി ഫസേലി പറഞ്ഞു.
ഖാംനഈ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കിടയില്‍ ബങ്കറിലേക്ക് പോയതാണെന്നാണ് നിലവില്‍ കേള്‍ക്കുന്ന വിശദീകരണം. അദ്ദേഹം ബങ്കറില്‍ തുടരുകയാണ്. തനിക്കെതിരായ വധശ്രമങ്ങള്‍ തടയാന്‍ ഇലകേ്‌ട്രോണിക്‌സ് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ ആശയവിനിമയങ്ങളില്‍നിന്നും ഖാംനഈ വിട്ടുനില്‍ക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.
എന്നാല്‍, ഇതിനുശേഷം വെടിനിര്‍ത്തല്‍ അടക്കമുള്ള പരമപ്രധാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഖാംനഈ പൊതു പ്രസ്താവനകള്‍ നടത്തുകയോ റെക്കോര്‍ഡു ചെയ്ത സന്ദേശങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, റിയല്‍ എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിനപത്രമായ ഖാനെമാന്‍ (Khaneman) എഡിറ്റര്‍ മുഹ്‌സിന്‍ ഖലീഫ ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യവും ചര്‍ച്ചയാവുന്നുണ്ട്. ഖാംനഈയുടെ അസാന്നിധ്യം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ആശങ്കയിലാക്കുന്നതായി മുഹ്‌സിന്‍ ഖലീഫ പറഞ്ഞു. ഇതോടൊപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു വാചകവും വലിയ ചര്‍ച്ചയായി. രണ്ടാഴ്ച മുമ്പ് ചിന്തിക്കാന്‍ ആവാതിരുന്ന ഒരു സാധ്യതയാണ് അദ്ദേഹം പറഞ്ഞത്. ”ഖാംനഈ മരിച്ചാല്‍, അദ്ദേഹത്തിന്റെ അവസാന ചടങ്ങുകള്‍ ഗംഭീരവും ചരിത്രപ്രധാനവുമായിരിക്കും’ എന്നാണ് മുഹ്‌സിന്‍ ഖലീഫ പറഞ്ഞത്.
അതിനിടെ, ഈ വിഷയത്തില്‍ മറ്റൊരു വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കോര്‍പ്സ് കമാന്‍ഡറും ഖാംനഈയുടെ സൈനിക ഉപദേഷ്ടാവുമായ ജനറല്‍ യഹ്‌യ സഫാവിയുടെ മകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹംസ സഫാവിയാണ് ഈ വിശദീകരണം നടത്തിയത്. ”വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെങ്കിലും ഈ സമയത്തു പോലും ഇസ്രായേല്‍ ഖാംനഈയെ വധിക്കാന്‍ ശ്രമിക്കുമെന്നാണ് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. അതിനാല്‍, പുറം ലോകവുമായുള്ള ബന്ധം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതടക്കമുള്ള കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ ഖാംനഈ ഉള്ളത്.” പ്രധാന കാര്യങ്ങളില്‍ ഇടപെടാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനെ പോലുള്ള മറ്റ് നേതാക്കളെ അധികാരപ്പെടുത്തിയിട്ടതായും സഫാവി പറഞ്ഞു.
ഖാംനഈയുടെ തിരോധാനം എന്തായാലും വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായിട്ടുള്ളത്. ഇറാന്‍ എഭരണകൂടം എടുക്കുന്ന പുതിയ തീരുമാനങ്ങളില്‍ ഖാംനഈ എത്രത്തോളം ഇടപെട്ടിട്ടുണ്ടെന്ന ചോദ്യമാണ് ഒരു വശത്തുയരുന്നത്. ഖാംനഈ ഇപ്പോഴും രാജ്യത്തിന്റെ ദൈനംദിന മേല്‍നോട്ടം വഹിക്കുന്നുണ്ടോ, അദ്ദേഹത്തിന് പരിക്കേറ്റോ, അദ്ദേഹം രോഗിയായോ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയരുന്നത്. ഖാംനഈ പറയാതെ ഇറാന്റെ യുദ്ധവിജയം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്.
ഭാഷാ വിവാദത്തിൽ നിലപാട് തിരുത്തി അമിത് ഷാ; ‘ഒരു വിദേശഭാഷയും ശത്രുവല്ല, എല്ലാ ഇന്ത്യൻ ഭാഷയുടെയും സുഹൃത്താണ് ഹിന്ദി’
ന്യൂഡൽഹി: ഭാഷാ വിവാദത്തിൽ നിലപാട് തിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വിദേശഭാഷയോടും ശത്രുതയില്ലെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെയും ശത്രുവല്ലെന്നും സുഹൃത്താണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ പറഞ്ഞു.
ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ വൈകാതെ ലജ്ജിക്കേണ്ടിവരുമെന്ന അമിത് ഷായുടെ മുൻ പരാമർശം വിവാദമായിരുന്നു. നമ്മുടെ ഭാഷകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ രാജ്യം മുന്നോട്ടുപോകുമെന്നും ലോകത്തെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇംഗ്ലീഷ് ലജ്ജിപ്പിക്കുകയല്ല, നമ്മെ കൂടുതൽ ശക്തിപ്പെടുത്തുകയെയുള്ളുവെന്ന് രാഹുൽ ഗാന്ധിയടക്കമുള്ളവർ ചൂണ്ടിക്കാട്ടി ഷായുടെ നിലപാടിനെ വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലീഷിനെതിരായ മുൻ നിലപാട് തിരുത്തി, എല്ലാ ഭാഷകളുമായി മുന്നോട്ടുപോകുമെന്നും വിദേശ ഭാഷകളോട് വിരോധമില്ലെന്നുമുള്ള അമിത് ഷായുടെ പ്രതികരണം.
നമ്മുടെ ഭാഷ തന്നെ സംസാരിക്കാനും ഉപയോഗിക്കാനുമുള്ള താത്പര്യം എല്ലാവരിലും ഉണ്ടാകണം. ഭാഷയുടെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ, ഭാഷയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ഇപ്പോള്‍ ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകള്‍ 13 ഭാഷകളിൽ നടത്തുന്നുണ്ട്.
നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു കേന്ദ്ര സായുധ പൊലീസ് സേനയിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റിനുള്ള പരീക്ഷ എഴുതാൻ കഴിയുമായിരുന്നുല്ളു. ഇപ്പോള്‍ 13 ഭാഷകളിൽ ഈ പരീക്ഷ എഴുതാനാകും. 95ശതമാനം ഉദ്യോഗാര്‍ഥികളും ഈ പരീക്ഷ ഇപ്പോള്‍ അവരുടെ മാതൃഭാഷയിലാണ് എഴുതുന്നത്. ഇന്ത്യയിലെ ഭാഷകള്‍ക്ക് വരും നാളുകളിൽ നല്ല ഭാവിയുണ്ടാകുമെന്നാണ് ഇത് തെളിയിക്കുന്നത്.
ഹിന്ദി ഭാഷ മറ്റൊരു ഇന്ത്യൻ ഭാഷയുടെയും ശത്രുവല്ല. എല്ലാ ഇന്ത്യൻ ഭാഷയുടെയും സുഹൃത്താണ് ഹിന്ദി. രാജ്യത്തിന്‍റെ പരമോന്നതമായ ലക്ഷ്യത്തിനായി ഹിന്ദിയും മറ്റു ഇന്ത്യൻ ഭാഷകളും ഒന്നിച്ച് ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞു.
അമേരിക്ക വരെ എത്തുന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ പാകിസ്ഥാൻ, ഭീഷണിയാണെന്ന് വിലയിരുത്തി യുഎസ്
ഇസ്ലാമാബാദ്: അമേരിക്ക വരെ എത്താൻ കഴിയുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാകിസ്ഥാൻ സൈന്യം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയെ തടയുക എന്നതാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് പാകിസ്ഥാൻ വാദിക്കുമ്പോഴും, അമേരിക്കൻ ഐക്യനാടുകളിൽ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തി.
ദീർഘദൂര മിസൈൽ വികസിപ്പിക്കുന്നതിലൂടെ അമേരിക്കയുടെ ഇടപെടലുകളെ തടയാനാണ് പാകിസ്ഥാന്റെ ശ്രമമമെന്നും പറയുന്നു. 5,500 കിലോമീറ്ററിൽ (3,400 മൈൽ) കൂടുതൽ ദൂരപരിധിയുള്ള ഒരു ദീർഘദൂര മിസൈലാണ് ഐസിബിഎം. ന്യൂക്ലിയർ പേലോഡുകൾ, തെർമോ ന്യൂക്ലിയർ വാർഹെഡുകൾ എന്നിവ എത്തിക്കുന്നതിനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, ഇസ്രായേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഇത്തരം മിസൈലുകൾ ഉള്ളത്. ഭൂഖണ്ഡാന്തര മിസൈൽ ശേഷിയില്ലാത്ത ഒരേയൊരു ആണവരാജ്യമായിരുന്നു പാകിസ്ഥാൻ.
അമേരിക്കൻ പ്രദേശങ്ങളെ ലക്ഷ്യം വയ്ക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ വികസിപ്പിക്കുന്നത് പാകിസ്ഥാനെ ഒരു ആണവ ഭീഷണിയായി കാണാൻ അമേരിക്കയെ നിർബന്ധിതമാക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഹരിത കർമ സേനാംഗങ്ങളുടെ 3 ലക്ഷം രൂപ തട്ടി? ബിജെപി കൗൺസിലർക്കെതിരെ ആരോപണം; തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ ബഹളം
തിരുവനന്തപുരം : ഹരിത കർമ സേനാംഗങ്ങളുടെ പണം തട്ടിയെന്നും, ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വൻ ബഹളം. ബിജെപി കൗൺസിലർ മഞ്ജുവിനെതിരെ സിപിഎം അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. അംഗങ്ങൾ ഡയസിൽ കയറി മേയറോട് കലഹിച്ചു.
തിരുവനന്തപുരം നഗരസഭ പുന്നയ്ക്കാ മുകൾ വാർഡ് കൗൺസിലർ മഞ്ചു പി വി ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്ന് മേയർ ആര്യാ രാജേന്ദ്രന് പരാതി ലഭിച്ചിരുന്നു. കൗൺസിലറുടെ സുഹൃത്തും ഹരിത കർമ സേന സെക്രട്ടറിയുമായ ജയലക്ഷ്മി, ഹരിത കർമ സേനാംഗങ്ങളുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം നിലവിലുണ്ട്. പണം തട്ടിയെടുത്തത് പുറത്ത് പറഞ്ഞാൽ നാടുകടത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേതനം നൽകേണ്ട 3ലക്ഷം രൂപയാണ് തട്ടിയത്.
ആരോപണത്തിൽ ബിജെപി കൗൺസിലർ മഞ്ചുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഇടത് അംഗങ്ങളാണ് രംഗത്ത് വന്നത്. മറുവശത്ത് ബിജെപി അംഗങ്ങളും നിലയുറപ്പിച്ചതോടെയാണ് കൗൺസിൽ യോഗം കലഹത്തിലേക്ക് നീങ്ങിയത്. അംഗങ്ങളെ ശാന്തരാക്കാൻ മേയർ പാടുപെടുകയാണ്.
സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ
സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടിക പുറത്ത്. നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. നാലുപേരുടെ പട്ടികയിൽ നിന്ന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരടങ്ങുന്ന ചുരുക്കപ്പട്ടികയാണ് തയാറാക്കിയത്. ഒന്ന്, രണ്ട്, മൂന്ന് റാങ്കിലുള്ളവരെയാണ് യു.പി.എസ്.സി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ മൂന്നുപേരിൽ നിന്ന് ഒരാളെ മന്ത്രിസഭായോഗം ഡി.ജി.പിയായി തെരഞ്ഞെടുക്കും.
പുതിയ പൊലീസ് മേധാവിക്കായുള്ള പട്ടികയിൽ സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാരെ കൂടി സർക്കാർ നിർദേശിച്ചിരുന്നു. എസ്.പി.ജി അഡീഷനൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയൻ മേധാവി എം.ആർ. അജിത് കുമാർ എന്നിവരായിരുന്നു സർക്കാർ നോമിനികൾ. എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചതേയില്ല. പട്ടികയിൽ ആറാംസ്ഥാനത്തായിരുന്നു അജിത് കുമാർ.
നിലവിലെ സാഹചര്യത്തിൽ നിധിൻ അഗർവാളോ റവാഡ ചന്ദ്രശേഖറോ ഡി.ജി.പിയാകാനാണ് സാധ്യതയുളളത്. യോഗേഷ് ഗുപ്ത സർക്കാറുമായി ഇടഞ്ഞുനിൽക്കുകയാണെന്നതിനാൽ അദ്ദേഹത്തെ ഡി.ജി.പിയാക്കാൻ സാധ്യതയില്ല. നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമീഷണറാണ്. നേരത്തേ ബി.എസ്.എഫിന്റെ ഡയറക്ടർ ജനറലായിരുന്നു.
റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. കേന്ദ്ര ഐ.ബി സ്പെഷ്യൽ ഡയറക്ടറാണ് ഇദ്ദേഹം. നിലവിൽ ഡി.ജി.പിയാകാൻ 30 വർഷം സർവീസോ ഡി.ജി.പി റാങ്കോ ഉള്ളവരെയാണ് പൊലീസ് മേധാവിയാകാൻ പരിഗണിക്കുന്നത്.
ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേൽക്കണം.
സംസ്ഥാനത്ത് ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്
ജൂലൈ 8ന് സംസ്ഥാനത്ത് ബസ് സമരം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ജൂലൈ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍ അറിയിച്ചു. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം. നിരക്കു വർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി.ഗോപിനാഥൻ എന്നിവർ പറഞ്ഞു. പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്കു മാത്രമാണെന്നും ഇരുവരും ആരോപിച്ചു.






































