26.2 C
Kollam
Saturday 20th December, 2025 | 06:19:08 PM
Home Blog Page 868

അത്രമേൽ വൈകാരികം, ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയുമടക്കം കൂട്ട ശവസംസ്കാര ചടങ്ങ്

ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാനിൽ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ ആണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ 600 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉൾപ്പെട്ടിരുന്നു. അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്.

അതിനിടെ ഇസ്രയേലിൻറെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാൻറെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡൻറ് ട്രംപിൻറെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ ‘രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു’വെന്നും ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ആരോപണങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി മറുപടി നൽകി. ട്രംപ് വ്യാമോഹങ്ങൾ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡൻറിൻറേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും, ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും വ്യക്തമാക്കി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ട്രംപ് അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ ന​ഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പിതാവ് അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസമായി അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ ന​ഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. മകൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിലെ ഹാളിലാണ് മകൻ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്.

ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സ്ഥലം കൗൺസിലർ പ്രതികരിച്ചു. ഇതിന് മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കാലൊടിഞ്ഞിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു. വീടിന് മുന്നിൽ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും മകന് വേണ്ടി ശ്രീനിവാസ പിള്ള വെച്ചിട്ടുള്ളതാണെന്നും കൌണ്‍സിലര്‍ വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; അഞ്ചുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്ത് വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്‌സീനേഷന്‍ എടുത്തു. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും വാക്സിന്‍ നല്‍കുകയുമായിരുന്നു. തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ വാക്സിന്‍ എടുത്ത ശേഷം കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ കണ്ണിന് പരുക്കേറ്റതാണ് രോഗം ഗുരുതരമാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു വയസ്സുകാരന്‍ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം…യാതൊരു വിധ പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങില്‍ ഒരു വയസ്സുകാരന്‍ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹനാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് കോട്ടക്കലില്‍ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് കുഞ്ഞ് മരിച്ചത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞു വീണു മരിച്ചുവെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഇന്ന് രാവിലെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരാതിയുടെ പശ്ചാത്തലത്തില്‍ കുട്ടിയുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിവരും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ അറീറ, അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. വീട്ടില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെള്ളം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെ പെരുവഴിയിലായി….പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചുപൂട്ടി സീല്‍ ചെയ്തു

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹം വെള്ളം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെ പെരുവഴിയിലായി. വാഹനവ്യൂഹത്തിന്റെ ഭാഗമായ 19 വാഹനങ്ങള്‍ പമ്പില്‍ നിന്ന് തള്ളി നീക്കുകയായിരുന്നു. പമ്പില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പണിമുടക്കിയത്. പിന്നാലെ പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ഒരു പരിപാടിയില്‍ അകമ്പടിയായി ചെല്ലേണ്ട വാഹനങ്ങള്‍ക്കാണ് പണി കിട്ടിയത്. രത്ലം ജില്ലയിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോറില്‍ നിന്ന് വന്ന വാഹനങ്ങള്‍ രത്ലമിലെ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനങ്ങള്‍ തകരാറിലായി. ചില വാഹനങ്ങള്‍ പമ്പില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ റോഡില്‍ വച്ചാണ് പണിമുടക്കിയത്. മറ്റ് ചില വാഹനങ്ങള്‍ ഇന്ധനം നിറച്ചതിന് പിന്നാലെ പമ്പില്‍ നിന്ന് അനങ്ങുന്നതുപോലും ഉണ്ടായിരുന്നില്ല. ഈ വാഹനങ്ങള്‍ ഡ്രൈവര്‍മാരും പെട്രോള്‍ പമ്പ് ജീവനക്കാരും ചേര്‍ന്ന് തള്ളിമാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വ്യവസായ വകുപ്പിനെതിരെ സി പി ഐ

ആലപ്പുഴ. ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിലാണ് വ്യവസായ വകുപ്പിനെതിരെ പരാമർശമുള്ളത്. കയർ വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ കടുത്ത അനാസ്ഥ കാണിച്ചു. കയർ വ്യവസായത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് വ്യവസായ വകുപ്പ് മുഖം തിരിച്ചു. ജില്ലയിലെ വ്യവസായ മേഖല പുനരുദ്ധരിക്കണം എന്ന ആവശ്യത്തോടും സർക്കാർ നീതി കാട്ടിയില്ല. ജില്ലയിൽ കോടിക്കണക്കിനു രൂപയുടെ കരിമണൽ കടത്ത് നടക്കുന്നതായും വിമർശനം

വാക്സിനേഷന്‍ മറികടന്ന് പേ വിഷബാധ, ഒരു മരണം കൂടി

കണ്ണൂര്‍. പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളുടെ മകനാണ്. നായയുടെ കടിയേറ്റപ്പോൾ വാക്സിനേഷൻ എടുത്തിരുന്നു.

കഴിഞ്ഞ 12 ദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്നു. മെയ് 31ന് ആയിരുന്നു പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് തെരുവുനായയുടെ കടിയേറ്റത് മുഖത്ത് കടിയേറ്റിരുന്നു

വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൻ അച്ഛനെ വെടിവെച്ചുകൊന്നു

ന്യൂ ഡെൽഹി. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൻ അച്ഛനെ വെടിവെച്ചുകൊന്നു.
വിരമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സുരേന്ദ്ര സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. 26 കാരനായ മകൻ ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കൻ ഡൽഹിയിലെ തിമാർപ്പൂരിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ആറുമാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗം കുടുംബവും
ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ ഒരുങ്ങുകയായിരുന്നു.
ടെമ്പോ വാൻ വാടകയ്ക്ക് എടുത്താണ് സാധനങ്ങൾ കയറ്റിയത്.
ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കും എന്നതിനെ ചൊല്ലി സുരേന്ദ്രയും ദീപക്കം തമ്മിൽ തർക്കമായി.
വാഹനത്തിന്റെ മുൻ സീറ്റിലിരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ അക്രമാസക്തനായ ദീപക്ക്
പിതാവിന്റെ ലൈസൻസ് ഉള്ള തോക്ക് എടുത്ത് വെടിവെക്കുകയായിരുന്നു.
പെട്രോളിങ് നടത്തുകയായിരുന്നു പോലീസുകാർ വെടിവെച്ച കേട്ട് സ്ഥലത്തെത്തി.
നാട്ടുകാരും ഓടിക്കൂടിയിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും തോക്ക് നാട്ടുകാർ ബലമായി പിടിച്ചു വാങ്ങി.
പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും
കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പ്രദീപ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

റേഞ്ച് റോവർ കാർ അപകടം മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്

കൊച്ചി.വാഹന ഷോറും തൊഴിലാളിയുട മരണത്തിനിടയാക്കിയ റേഞ്ച് റോവർ കാർ അപകടം മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്.മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കൊച്ചിയിൽ റേഞ്ച് റോവർ കാർ അപകടത്തിന് കാരണം വാഹനത്തിന്റെ തകരാറാണ് എന്ന് ട്രോഡ് യൂണിയൻ വാദം തള്ളുകയാണ് മോട്ടോർ വാഹന വകുപ്പ്.അപകടത്തിന് പിന്നാലെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയില്ല.യന്ത്ര തകരാറോ,സാങ്കോതിക തകരാറോ വാഹനത്തിന് ഇല്ലെന്നാണ് മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട്.അപകടത്തിന്റെ കാരണം ട്രാൻസ്പോർട്ടർ വാഹനത്തിൽ നിന്ന് കാർ ഇറക്കിയ ട്രേഡ് യൂണിയൻ തൊഴിലാളിക്ക് സംഭവിച്ച പിഴവാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ ട്രേഡ് യൂണിയൻ തൊഴിലാളിയായ അൻഷാദിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.അതേസമയം അപകടത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ഡീലേഴ്സിന് എത്തുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

കേരളത്തിലെ ഡീലേഴ്സിനെത്തുന്ന വാഹനം ഇറക്കുന്നതിന് ട്രേഡ് യൂണിയനുകൾ പരിശീലനം ലഭിക്കാത്ത ആളുകളെയാണ് നിയോഗിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.ഷോറും ജീവനക്കാർ വാഹനം ഇറക്കിയാൽ നോക്കുകൂലി അവശ്യപ്പെടുന്നുവെന്നും ഡീലേഴ്സ് പറയുന്നു.

ചാരക്കേസിന് പിന്നിലെന്തായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം

തിരുവനന്തപുരം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വാർത്ഥ താല്പര്യമായിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. ചാരം എന്ന പേരിൽ പുതുതായി പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. ചാരവൃത്തി നടന്നിട്ടില്ലെന്നും സംഭവത്തെ വിവാദമാക്കിയതാണെന്നും ജോൺ മുണ്ടക്കയം പറയുന്നു..

ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ പിന്നാമ്പുറ കഥകളാണ് ചാരം എന്ന പുസ്തകം. മൂന്ന് പതിറ്റാണ്ട് മുമ്പ് വിവാദ കാലത്തെ മനോരമ ലേഖകനായിരുന്ന ജോൺ മുണ്ടക്കയം ആണ് കേസിന് പിന്നിലെ നാൾവഴികൾ വിവരിക്കുന്നത്.

ഐ ബി മുതൽ രാഷ്ട്രീയക്കാർവരെ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി കേസിനെ ഉപയോഗിച്ചു. ചാരവൃത്തി നടന്നിട്ടില്ല. ഐ ബി ഉദ്യോഗസ്ഥനായ എസ് വിജയൻറെ വീഴ്ചകളാണ് കേസിന് ആധാരം. ചാരക്കേസിൽ ഐജി രമൺ ശ്രീവാസ്തവയെ കരുവാക്കി. ഇതുവഴി കെ.കരുണാകരൻ മന്ത്രിസഭയെ അട്ടിമറിക്കാൻ പ്രതിപക്ഷവും കോൺഗ്രസിലെ ഒരു വിഭാഗവും ചാരക്കേസിനെ ഉപയോഗിച്ചുവെന്നും പുസ്തകം പറയുന്നു

ചാര കേസുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകൾ പുസ്തകത്തിൻ്റെ അവസാന പേജിൽ ചേർത്തിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്തും വായിക്കാം