Home Blog Page 855

‌ധരംശാലയിൽ ആഘോഷം; പുതിയ ദലൈലാമയ്ക്കായി കാത്തിരിപ്പ്; പുതിയ ലാമയെ ഞങ്ങൾ പ്രഖ്യാപിക്കുമെന്ന് ചൈന

ഇടതടവില്ലാത്ത മഴയും മലനിരകളെ മൂടുന്ന മഞ്ഞും അവഗണിച്ച് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ആഘോഷത്തിലാണ്. ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളിൽനിന്നുള്ള ആയിരങ്ങൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ തന്റെ 90–ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം; ടിബറ്റൻ കലണ്ടർ അനുസരിച്ച് ഇക്കഴിഞ്ഞ തിങ്കൾ.

നൂറിലധികം സന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ദലൈലാമയുടെ വിഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിക്കും. 1959 ൽ ടിബറ്റിൽനിന്ന് ഇന്ത്യയിൽ അഭയം നേടിയെത്തി ധരംശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദലൈലാമയുടെ പിൻഗാമി ആരെന്നറിയാൻ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു പിൻഗാമികളുണ്ടാകില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് മനസ്സുമാറ്റുകയായിരുന്നു. പുതിയ പുസ്തകത്തിൽ ഇതു സംബന്ധിച്ചു നൽകിയ സൂചനയിൽ അദ്ദേഹം കഴിഞ്ഞ ദിവസം അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ കൂടുതൽ വ്യക്തത വരുത്തി. ‘സ്വതന്ത്രമായ ദേശത്തു’ നിന്നാകും പുതിയ ലാമ എന്നായിരുന്നു വിശദീകരണം.

പുതിയ ദലൈലാമയെ നിശ്ചയിക്കാനും അവരോധിക്കാനും ഒരു നടപടിക്രമം ആവശ്യമാണെന്നും അതേക്കുറിച്ചായിരിക്കും ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി. 1935 ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ പൂർവാശ്രമത്തിലെ പേര് ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമയെങ്കിലും 2011 ൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസർക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്‌വഴക്കം ലംഘിച്ചിരുന്നു. 1989 ൽ സമാധാനത്തിനുള്ള നൊബേലിന് അർഹനായി.

ദലൈലാമമാരെ അവതാര പുരുഷൻമാരായാണ് അനുയായികൾ കണക്കാക്കുന്നത്. ദേശ വ്യത്യാസങ്ങൾ മറന്നു വൻ ജനാവലിയാണ് ധരംശാലയിൽ ഒത്തുകൂടിയിരിക്കുന്നത്. തവിട്ടും മഞ്ഞയും കലർന്ന ടിബറ്റൻ സന്യാസവസ്ത്രങ്ങൾ അണിഞ്ഞവരെപ്പോലെ മറ്റു വേഷക്കാരും ധാരാളം. പുതിയ നേതാവ് സ്ഥാനമേൽക്കുമെങ്കിലും നിലവിലെ ലാമ, അദ്ദേഹം പ്രവചിച്ചതുപോലെ 113 വയസ്സുവരെ ജീവിക്കുമെന്നാണ് അനുയായികളുടെ വിശ്വാസം. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർഥന നടത്തുന്നത്.

ഗാസയിൽ വെടിനിർത്തലെന്ന് ട്രംപ്; 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡൊണാൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡൊണാൾഡ്‌ ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

ഗാസയിൽ ഏതാണ്ടൊരു കൂട്ടക്കൊല തന്നെയാണ് നടക്കുന്നത്. ജൂൺ 13 ന് ഇറാനിൽ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 12 ദിവസത്തിനിടെ മാത്രം 860 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്ന നിരായുധരായ സാധാരണക്കാരെ കൂട്ടമായി വെടിവച്ചുവീഴ്ത്തുക, എന്നിട്ട് അന്വേഷിക്കാമെന്ന് പറയുക. അതൊരു പതിവായിരിക്കുന്നു. തിങ്കളാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 74 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ഏഴ് ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. കവചിത വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് മരണം.

അതേസമയം, ഇസ്രയേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകണം. ഗാസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഇതിന് യുഎന്‍ അംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ആവശ്യം. ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴാണ് ഈ നിലപാട്. വെടിനിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു, വസ്ത്രം വലിച്ചു കീറി’: ‘മാംഗോ മിശ്ര’യെ ഭയന്ന് പഠനം പോലും ഉപേക്ഷിച്ച് പെൺകുട്ടികൾ

കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർഥി നേതാവ് മനോജിത് മിശ്രയ്ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ഇയാൾ മുൻപും നിരവധി പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ഭയം കാരണം ആരും പുറത്തുപറയാത്തതാണെന്നും മറ്റൊരു പെൺകുട്ടി വെളിപ്പെടുത്തി. പതിനഞ്ചോളം പെൺകുട്ടികൾ മിശ്രയുടെ ക്രൂരതകൾക്ക് ഇരയായിട്ടുണ്ടെന്നും രണ്ടു വർഷം മുൻപ് തനിക്കു നേരെ അക്രമം നടന്നതായി വെളിപ്പെടുത്തിയ പെൺകുട്ടി, ഭയം കാരണം പരാതി നൽകിയില്ലെന്നും പറഞ്ഞു.

‘മാംഗോ മിശ്ര’ എന്ന് അറിയപ്പെടുന്ന മനോജിത് വിദ്യാർഥിനികൾക്കിടയിൽ പേടിസ്വപ്നമായിരുന്നെന്നും ഇയാളുടെ മുന്ന‍ിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകളിൽ കയറാതിരിക്കുമായിരുന്നെന്നും പറയുന്നു. പാതിവഴിയിൽ പഠനം നിർത്തിയവരും നിരവധിയാണ്.

‘‘ഭയം തങ്ങി നിൽക്കുന്നതായിരുന്നു ആ ക്യാംപസ് അന്തരീക്ഷം. അയാൾ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അത് വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമായിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കും. അയാൾ കാരണം വിദ്യാർഥിനികൾ ക്ലാസുകളിൽ കയറാൻ പോലും ഭയപ്പെട്ടിരുന്നു.’’– ലോ കോളജിലെ മറ്റൊരു പൂർവ വിദ്യാർഥിനി ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

‘‘മിശ്രയ്‌ക്കെതിരെ കൊൽക്കത്തയിൽ ഉടനീളം നിരവധി പരാതികളുണ്ട്. 2019ൽ ഇയാൾ കോളജിൽവച്ച് ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തിരുന്നു. 2024ൽ ഇയാൾ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും കോളജ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. മോഷണക്കേസുകളും ഇയാൾക്കെതിരെയുണ്ട്. നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും രാഷ്ട്രീയ പിടിപാടു കാരണം ആരും നടപടിയെടുക്കാൻ മുന്നോട്ടുവന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ സംരക്ഷണത്തിന്റെ ബലത്തിലാണ് ഇയാൾ എല്ലാ ക്രൂരതകളും കാട്ടിക്കൂട്ടുന്നത്. മാതാപിതാക്കൾ പോലും ഇയാളെ ഉപേക്ഷിച്ചിരുന്നു. ’’– യുവതി വെളിപ്പെടുത്തി.

ഒന്നാം വർഷം നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മനോജിത് മശ്ര ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് കൽക്കട്ട ലോ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ജൂൺ 25നാണ് കൂട്ടബലാത്സംഗത്തിനിരയായത്.ഒരു അപേക്ഷ നൽകാനായി കോളജിലെത്തിയപ്പോഴാണു പീഡനമുണ്ടായത്. വിവാഹാഭ്യർഥന വിദ്യാർഥിനി തള്ളിയതിനെ തുടർന്നാണ് മനോജ് മിശ്ര വിദ്യാർഥികളുടെ ഒത്താശയോടെ പെൺകുട്ടിയെ രണ്ട് മണിക്കൂറോളം പീഡനത്തിനിരയാക്കിയത്.

300 പവൻ എവിടെയെന്ന് ചോദിച്ചായിരുന്നു പീഡനം; വിവാഹം കഴിഞ്ഞ് 15ാം ദിവസം മുതൽ പ്രശ്നം തുടങ്ങിയെന്ന് റിധന്യയുടെ കുടുംബം

തിരുപ്പൂർ: വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുതൽ മകൾക്ക് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടിവന്നുവെന്ന് ജീവനൊടുക്കിയ യുവതിയുടെ അച്ഛൻ. ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനം നേരിടേണ്ടി വന്നു എന്നാണ് റിധന്യയുടെ അച്ഛൻ പറഞ്ഞത്. 300 പവൻ സ്വർണം കൊണ്ടുവന്നില്ല എന്ന് പറഞ്ഞായിരുന്നു ഉപദ്രവം എന്നും അദ്ദേഹം വിശദീകരിച്ചു. ഭർത്താവിൻറെയും ഭർതൃ വീട്ടുകാരുടെയും പീഡനം വിശദീകരിക്കുന്ന സന്ദേശം അച്ഛന് അയച്ചു കൊടുത്താണ് റിധന്യ ജീവനൊടുക്കിയത്. എന്നാൽ സ്ത്രീധന പീഡനത്തെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങളിൽ, ആർഡിഒ അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്താൽ മാത്രമേ പ്രതികൾക്കെതിരെ ആ കുറ്റം ചുമത്തൂ എന്ന് പൊലീസ് പറഞ്ഞു.

റിധന്യയും കവിൻകുമാറും തമ്മിലെ വിവാഹം ഏപ്രിലിലാണ് നടന്നത്. 200 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോൾവോ കാറുമാണ് റിധന്യയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. 500 പവൻ സ്വർണമാണ് കവിൻറെ കുടുംബം ഗാർമെൻറ്സ് ബിസിനസ് നടത്തുന്ന റിധന്യയുടെ പിതാവിനോട് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് ശേഷം വെറും രണ്ടര മാസം മാത്രം കഴിഞ്ഞപ്പോഴാണ് 27 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കും മുൻപ് ഭർതൃ വീട്ടിൽ അനുഭവിച്ച കൊടിയ പീഡനം വിവരിക്കുന്ന ഏഴ് ഓഡിയോ സന്ദേശങ്ങൾ റിധന്യ അച്ഛന് അയച്ചിരുന്നു. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവ് കവിൻകുമാർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഭർത്താവിൻറെ അച്ഛൻ ഈശ്വരമൂർത്തിയും അമ്മ ചിത്രദേവിയും മാനസികമായി പീഡിപ്പിച്ചെന്നും സന്ദേശത്തിൽ പറയുന്നു. താനുമായുള്ള കവിൻറെ വിവാഹം സ്ത്രീധനം കിട്ടാനുള്ള അവരുടെ പദ്ധതി മാത്രമായിരുന്നുവെന്നും റിധന്യ പറയുന്നുണ്ട്.

“അവരുടെ പീഡനം താങ്ങാനാവുന്നില്ല. ഇത് ആരോട് പറയണമെന്ന് എനിക്കറിയില്ല. ജീവിതം ഇങ്ങനെയാണെന്നും ഒത്തുപോവാൻ ശ്രമിക്കണമെന്നുമാണ് ഞാൻ സംസാരിച്ച എല്ലാവരും പറഞ്ഞത്. ആർക്കും എന്നെ മനസ്സിലാവുന്നില്ല. ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്നോ ഇങ്ങനെയായതെന്നോ എനിക്കറിയില്ല. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ജീവിതം മടുത്തു. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുമ്പോൾ വീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയാണ്. എനിക്ക് ഈ ജീവിതം തുടരാനാവില്ല”- എന്നാണ് റിധന്യ അയച്ച സന്ദേശങ്ങളിലുള്ളത്.

ഒടുവിൽ ജീവനൊടുക്കുന്നതിന് മുമ്പ് റിധന്യ മാതാപിതാക്കളോട് ക്ഷമ ചോദിച്ചു- “അച്ഛനും അമ്മയുമാണ് എൻറെ ലോകം. എന്റെ അവസാന ശ്വാസം വരെ നിങ്ങളായിരുന്നു എൻറെ പ്രതീക്ഷ, പക്ഷെ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. നിങ്ങളുടെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്നോട് ക്ഷമിക്കണം അച്ഛാ, എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.”

ജൂൺ 28-ന് തിരുപ്പൂരിലെ അവിനാശിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സേവൂരിനടുത്തുള്ള ചെട്ടിപ്പുതൂരിൽ റോഡരികിൽ നിർത്തിയിട്ട കാറിലാണ് റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ വളരെ നേരം റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മരണത്തെക്കുറിച്ച് റെവന്യൂ ഡിവിഷണൽ ഓഫീസർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം

സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.

കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്.
കിലോയ്ക്ക് 42-47 നിരക്കില്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.

ന്യൂ ജനറേഷന്‍ തൊഴിലവസരങ്ങള്‍ ഏതെന്നറിയാമോ

കഷ്ടപ്പെട്ട് പഠിച്ച് ഉയര്‍ന്ന മാര്‍ക്കുനേടിയ സര്‍ട്ടിഫിക്കറ്റും ആയി അവസരങ്ങള്‍ തേടി നിരാശരാകേണ്ടി വരരുത്. പുതിയ ലോകത്തിന് ആവശ്യമുള്ളവ പഠിച്ചാലേ പെട്ടെന്ന് മെച്ചപ്പെട്ട തൊഴില്‍ നേടാനാകൂ. അത്തരം തൊഴില്‍ പഠിച്ചവര്‍ക്ക് ദേശത്തും അതിലുപരി വിദേശത്തും വലിയതൊഴില്‍ സാധ്യതയാണ് വരുന്നത് ഇവ പരിചയപ്പെടാം

എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണം

എഐ സഹായത്തോടെ ആരോഗ്യ സംരക്ഷണ മേഖല വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ ഡിവൈസുകള്‍, ഇലക്ട്രോണിക് ആരോഗ്യ റെക്കോര്‍ഡുകള്‍ (EHR), ടെലിമെഡിസിന്‍, ബിഗ് ഡാറ്റ വിശകലനം എന്നിവ ഉപയോഗിച്ച് രോഗ നിര്‍ണയവും ചികിത്സയും കൂടുതല്‍ കൃത്യവും വേഗതയേറിയതുമാകുന്നു. എഐ അധിഷ്ഠിതമായ ചാറ്റ്ബോട്ടുകള്‍ രോഗികള്‍ക്ക് 24/7 പിന്തുണ നല്‍കുന്നു, മാത്രമല്ല സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് റോബോട്ടിക് സഹായം ലഭ്യമാണ്. ഈ മേഖലയില്‍ ഡാറ്റ സയന്റിസ്റ്റുകള്‍, എഐ എഞ്ചിനീയര്‍മാര്‍, ഹെല്‍ത്ത്കെയര്‍ ടെക് വിദഗ്ധര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകും.

ജനറ്റിക് എഞ്ചിനീയറിംഗ്

ജനറ്റിക് എഞ്ചിനീയറിംഗ് മേഖലയില്‍ കൃത്യമായ മരുന്നുകള്‍ (precision medicine), വാക്സിനുകള്‍, ജീന്‍ തെറാപ്പി (gene therapy), ബയോസെന്‍സറുകള്‍ എന്നിവ വികസിപ്പിക്കുന്നു. CRISPR പോലുള്ള ടെക്നോളജികള്‍ ജനറ്റിക് അസുഖങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നു. ഈ മേഖലയില്‍ ജനറ്റിസിസ്റ്റുകള്‍, ബയോടെക് റിസര്‍ച്ചര്‍മാര്‍, ക്ലിനിക്കല്‍ ട്രയല്‍ വിദഗ്ധര്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും. ദുബായ് ഈ മേഖലയില്‍ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഭാവി തൊഴില്‍ വിപണി വിപുലമാകും.

3D ബയോപ്രിന്റിംഗ്

3D ബയോപ്രിന്റിംഗ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ (ത്വക്ക്, എല്ലുകള്‍, ടിഷ്യൂകള്‍, ഇംപ്ലാന്റുകള്‍, പ്രോസ്‌തെറ്റിക്സ്) പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. AI ഈ പ്രക്രിയയില്‍ രൂപകല്പനയും സാമഗ്രി തിരഞ്ഞെടുപ്പും ഓപ്റ്റിമൈസ് ചെയ്യാന്‍ സഹായിക്കുന്നു. എന്നാല്‍ ടെക്‌നീഷ്യന്മാര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍, 3D മോഡലിംഗ് വിദഗ്ധര്‍ എന്നിവര്‍ക്ക് ഈ മേഖലയില്‍ നേരിട്ടുള്ള പങ്ക് വഹിക്കേണ്ടതുണ്ട്. ദുബായിലെ ആശുപത്രികളും ഗവേഷണ കേന്ദ്രങ്ങളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസനം ലക്ഷ്യമിടുന്നു.

പ്രോപ്ടെക് (PropTech)

സ്വത്ത് വാങ്ങല്‍, വില്‍പ്പന, വാടക, മാനേജ്‌മെന്റ് എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതോടെ പ്രോപ്ടെക് മേഖലയും വളര്‍ച്ച കൈവരിക്കുന്നു. എഐ അധിഷ്ഠിതമായ ടൂള്‍സ്, വെര്‍ച്വല്‍ ടൂറുകള്‍, സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ എന്നിവ ഈ മേഖലയെ അടിമുടി മാറ്റി മറിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഡാറ്റ അനലിസ്റ്റുകള്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും.

കണ്‍സ്ട്രക്ഷന്‍ ടെക്

റെസിഡന്‍ഷ്യല്‍, കമേഴ്സ്യല്‍ പദ്ധതികള്‍ക്കായി കെട്ടിട രൂപകല്പന, പ്ലാനിംഗ്, പുനരുദ്ധാരണം എന്നിവ സാങ്കേതികവിദ്യയിലൂടെ പൂര്‍ത്തിയാക്കുന്നു. ഡ്രോണ്‍ സര്‍വേ, ബിഐഎം (Building Information Modeling), 3D പ്രിന്റിംഗ് എന്നിവ ഉപയോഗിച്ച് നിര്‍മ്മാണം വേഗത്തിലാക്കുന്നു. സിവില്‍ എഞ്ചിനീയര്‍മാര്‍, പ്രോജക്ട് മാനേജര്‍മാര്‍, ടെക് ഇന്‍ടഗ്രേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഈ മേഖലയില്‍ ഡിമാന്‍ഡ് ഉയരും.

ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍

IoT, APIs, ബ്ലോക്ക്ചെയ്ന്‍, ഡിജിറ്റല്‍ കറന്‍സികള്‍ എന്നിവയിലൂടെ അന്താരാഷ്ട്ര ഇടപാടുകള്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകുന്നു. ക്രിപ്റ്റോകറന്‍സി വിദഗ്ധര്‍, ബ്ലോക്ക്ചെയ്ന്‍ ഡെവലപ്പര്‍മാര്‍, സൈബര്‍ സെക്യൂരിടി വിദഗ്ധര്‍ എന്നിവര്‍ക്ക് ഈ മേഖലയില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഡൊമസ്റ്റിക് പേയ്മെന്റുകള്‍

എഐ, ടോക്കനൈസേഷന്‍, ബയോമെട്രിക് ആധികാരികത, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് പേയ്മെന്റ് സംവിധാനങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമാകുന്നു. ഈ മേഖലയില്‍ എഐ എഞ്ചിനീയര്‍മാര്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, സെക്യൂരിടി വിദഗ്ധര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകും.

നെക്സ്റ്റ്-ജനറേഷന്‍ ട്രാന്‍സ്‌പോര്‍ട്ട്

റോബോ-ടാക്‌സികള്‍, ഹൈപ്പര്‍ലൂപ്പുകള്‍, ഓട്ടോണമസ് വാഹനങ്ങള്‍ എന്നിവയായിരിക്കും അടുത്ത ജനറേഷനിലെ പ്രധാന ഗതാഗത മാര്‍ഗ്ഗം. എഐ അധിഷ്ഠിത ട്രാഫിക് മാനേജ്‌മെന്റ്, ഓട്ടോമാറ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ എന്നിവ ഈ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നു. ഓട്ടോമോട്ടീവ് എഞ്ചിനീയര്‍മാര്‍, എഐ സ്‌പെഷ്യലിസ്റ്റുകള്‍, ട്രാന്‍സ്‌പോര്‍ട്ട് പ്ലാനര്‍മാര്‍ എന്നിവര്‍ക്ക് ഡിമാന്‍ഡ് ഉണ്ടാകും.

സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ്

സ്മാര്‍ട്ട് പോര്‍ട്ടുകള്‍, ബ്ലോക്ക്ചെയ്ന്‍-നിയന്ത്രിത സപ്ലൈ ചെയ്ന്‍സ്, ഓട്ടോണമസ് ഷിപ്പിംഗ് എന്നിവ പോലുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ ലോജിസ്റ്റിക്‌സ് മേഖലയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ലോജിസ്റ്റിക്‌സ് മാനേജര്‍മാര്‍, ഡാറ്റ അനലിസ്റ്റുകള്‍, ബ്ലോക്ക്ചെയ്ന്‍ വിദഗ്ധര്‍ എന്നിവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.

ഇടവനശ്ശേരി വിളയിൽ തെക്കതിൽ (പാറപ്പുറത്ത്) കൊച്ചു വേലു നിര്യാതനായി

മൈനാഗപ്പള്ളി . ഇടവനശ്ശേരി വിളയിൽ തെക്കതിൽ (പാറപ്പുറത്ത്) കൊച്ചു വേലു (88) നിര്യാതനായി.
സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ .
ഭാര്യ: രമണി.

കേരള മീഡിയ അക്കാദമിയില്‍ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം.0484-2422275, 04842422068.

ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തിക

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയും ഒപ്പം ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം നാൽപ്പത് വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം. കവറിനു മുകളിൽ “ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേയ്ക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2422275/ 0484 2422068.

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ, കെപിസിസി യോഗം ഇന്ന്

തിരുവനന്തപുരം. രാഷ്ട്രീയ കാര്യ സമിതിക്ക് ശേഷമുള്ള കെ.പി.സി.സി യോഗം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. മുഴുവൻ കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡി.സി.സി അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുനസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും. ക്യാപ്റ്റൻ – മേജർ വിളികൾ സംബന്ധിച്ച് കെ.പി.സി.സി ഭാരവാഹികൾ വിമർശനം ഉന്നയിച്ചേക്കും. ശശി തരൂർ വിഷയവും യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന.