Home Blog Page 854

അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിർവശത്തു നിന്ന് ബസ്, പെട്ടെന്ന് വെട്ടിച്ച ഇന്നോവ തലകീഴായി മറിഞ്ഞത് ഏഴ് തവണ

ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കർണാടകയിലെ ദൊഡ്ഡബല്ലപ്പൂർ ജില്ലയിലാണ് ദാരുണമായ അപകടമുണ്ടായത്. എട്ട് സുഹൃത്തുക്കൾ ചേർന്ന് ക്ഷേത്ര ദർശനത്തിനായി നടത്തിയ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു യാത്ര.

രാവിലെ 10.45ഓടെ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം 50നും 75നും ഇടയിൽ പ്രായമുള്ള സുഹൃത്തുക്കളാണ്. വാടകയ്ക്കെടുത്ത കാറിൽ ക്ഷേത്ര ദർശനത്തിനായി പോകവെ ഇടുങ്ങിയ റോഡിലെ വളവിൽ വെച്ച് കാർ ഒരു ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. കാർ നല്ല വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഓവർടേക്ക് ചെയ്ത് മുന്നിൽ എത്തുന്നതിന് മുമ്പ് എതിർദിശയിൽ നിന്ന് ഒരു ബസ് വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയും വാഹനം ഇടതു വശത്തേക്ക് പെട്ടെന്ന് വെട്ടിത്തിരിക്കുകയുമായിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞു. ഏഴ് തവണയോളം കാർ തലകീഴായി മറിഞ്ഞുവെന്നാണ് പരിസരത്തുണ്ടായിരുന്നവർ പറയുന്നത്. അപകടം നടന്ന രണ്ട് വരി പാതയിൽ ഡിവൈഡറുകൾ ഉണ്ടായിരുന്നില്ല. യാത്രക്കാർ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് റോഡിലും പരിസരത്തും പല ഭാഗത്തായി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന എട്ട് പേരിൽ നാല് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിച്ച് മിനിറ്റുകൾക്കകം മരിച്ചു. മറ്റ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകട സാധ്യതയുള്ള വളവുകളിലും മറ്റും വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ബത്തേരി ഹേമചന്ദ്രൻ്റെ മരണം: കൊലപാതകമല്ല ആത്മഹത്യയാണെന്നും മൃതദേഹം മറവു ചെയ്യാൻ മൂന്ന് പേര് ഉണ്ടായിരുന്നു എന്നും ഗൾഫിലുള്ള പ്രതി നൗഷാദിൻ്റെ വെളിപ്പെടുത്തൽ

കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്നും കേസിലെ മുഖ്യപ്രതി നൗഷാദ്. നിലവിൽ വിദേശത്തുള്ള നൗഷാദ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. താൻ ഒളിച്ചോടിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് ഗൾഫിലേക്ക് വന്നതെന്നും തിരിച്ചെത്തിയാൽ പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വീഡിയോയിൽ പറഞ്ഞു.

താനും സുഹൃത്തുക്കളുമടക്കം 30-ഓളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നു. ഈ പണം തരാമെന്ന് പറഞ്ഞ് ഹേമചന്ദ്രൻ തങ്ങളെ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്നാൽ, പണം കിട്ടില്ലെന്ന് മനസിലായപ്പോൾ ഹേമചന്ദ്രനിൽനിന്ന് ഒരു കരാർ എഴുതി ഒപ്പിട്ടുവാങ്ങി അയാളെ വീട്ടിൽ കൊണ്ടുവിട്ടു. അയാളെ വീട്ടിൽ കൊണ്ടുവിട്ടതിന്റെ ലൊക്കേഷൻ തെളിവ് പോലീസിന്റെ കൈയിലുണ്ട്. എന്നാൽ, അതിനുപിന്നാലെ മൈസൂരുവിൽനിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രൻ തങ്ങളുടെ അടുത്തേക്ക് വന്നു. ഒരുദിവസം ബത്തേരിയിലെ വീട്ടിൽ കിടക്കാൻ അനുവാദം ചോദിച്ചു. അയാൾക്ക് ഭക്ഷണംവരെ താൻ വാങ്ങിനൽകി. അവിടെ കിടത്തി. എന്നാൽ, രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രൻ ആത്മഹത്യചെയ്തനിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി മനഃപൂർവം അയാൾ അങ്ങോട്ടുവന്നതായിരുന്നു. രാവിലെ ഇത് കണ്ടപ്പോൾ താൻ സുഹൃത്തിനോട് പറഞ്ഞു. കുഴിച്ചിടുകയല്ലാതെ മറ്റുവഴിയില്ലെന്ന് സുഹൃത്തും പറഞ്ഞു. അങ്ങനെ തങ്ങൾ മൂന്നുപേരും കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പറഞ്ഞു.

ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് നൗഷാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. എന്നാൽ, ഹേമചന്ദ്രനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്. അയാൾ ആത്മഹത്യചെയ്തതാണ്. അതിനാൽ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറല്ല. നല്ല സൗമ്യമായരീതിയിൽ പൈസ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. ഹേമചന്ദ്രനുമായി അത്രയും നല്ല സുഹൃദ്ബന്ധമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

അതേസമയം, വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്കിൽ മറ്റൊരു കുറിപ്പും കൂടി നൗഷാദ് പോസ്റ്റ് ചെയ്തു. ഗൾഫിൽവന്നത് വിസിറ്റിങ് വിസയിൽ അല്ലെന്നും ജോബ് വിസയിലാണെന്നും പോലീസുകാർ തന്നെ അങ്ങോട്ട് എത്തിക്കുന്ന സമയംകൊണ്ട് ജോലികഴിഞ്ഞ് അവിടെ തിരിച്ചെത്താനാകുമെന്നും ഇയാൾ കുറിപ്പിൽ പറഞ്ഞു. ഹേമചന്ദ്രന്റെ ശരീരത്തിലുള്ള മുറിവുകൾ തങ്ങൾ മർദിച്ചതല്ല. ഹേമചന്ദ്രൻ ചിട്ടിനടത്തിപ്പുകാരനല്ല, കള്ളപ്പണ ഇടപാടുകാരനാണെന്നും ഇയാൾ ആരോപിച്ചു. ഇങ്ങനെ ചെയ്താൽ മതിയെന്ന ഐഡിയ പറഞ്ഞുതന്നത് അറസ്റ്റിലായ രണ്ടുപേരും അല്ല, നാലാമത്തെ ഒരാളാണെന്നും തന്റെ മൊബൈൽനമ്പർ ഓഫാക്കിവെച്ചിട്ടില്ലെന്നും നൗഷാദ് ഫെയ്സ്ബുക്കിൽ പറഞ്ഞു.

ഒന്നരവർഷം മുൻപ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഗൾഫിലുള്ള നൗഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്.

ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

തൊണ്ട, മൂക്ക്, ചെവി, വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ എന്ന് പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന വില്ലന്‍. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം.

നാക്ക്, കവിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകൾ, മാറാത്ത വായ്പ്പുണ്ണ്, വിട്ടുമാറാത്ത തൊണ്ടവേദന, തൊണ്ടവീക്കം, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, വായിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുന്നത്, മോണയില്‍നിന്ന് രക്തം പൊടിയുക, മൂക്കില്‍ നിന്നും രക്തം വരുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക, നാവിനും കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം എന്നിവയൊക്കെ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

അതുപോലെ തന്നെ ശ്വാസതടസം, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, കഴുത്തുവേദന, വായ്നാറ്റം, ചെവി വേദന, ചര്‍മ്മത്തിലെ നിറവ്യത്യാസം, പല്ലു കൊഴിയുക, വായിലെ വെളുത്ത പാടുകള്‍, ചുണ്ടിലെ മുഴ എന്നിവയൊക്കെ രോഗ ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

‘സിനിമ കാണാൻ ഹൈക്കോടതി’ ; ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിൽ അസാധാരണ നീക്കവുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ചിത്രം കണ്ട ശേഷം ബുധനാഴ്ച കേസ് വീണ്ടും പരിണിക്കുമെന്ന് ജസ്റ്റീസ് എൻ നഗരേഷ് ഉത്തരവിട്ടു.

നിർമ്മിതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ അസാധാരണ നടപടി.
സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെയായിരുന്നു നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി ടീസർ പുറത്തിറങ്ങിയിട്ട്. സ്ക്രീനിങ് കമ്മിറ്റി സിനിമ കണ്ടു. അവർ അംഗീകരിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

അഞ്ച് ടി.വികൾ, 14 എ.സി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ ടെണ്ടർ വിളിച്ച് സർക്കാർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് പൊതുമരാമത്ത് വകുപ്പ്. രാജ് നിവാസ് മാർഗിലെ ബംഗ്ലാവ് നമ്പർ ഒന്നിൽ ഇലക്ട്രിക് ഉപകരണങ്ങൾ സജ്ജീകരിക്കുന്ന ജോലികളാണ് പ്രധാനമായും ടെണ്ടറിലുള്ളത്. ജൂലെ നാലിന് ടെണ്ടർ തുറന്നാൽ ജോലി എൽപ്പിക്കപ്പെടുന്ന കരാറുകാർ രണ്ട് മാസത്തിനകം എല്ലാം പൂർത്തിയാക്കണം.

രാജ് നിവാസ് മാർഗിലെ ഒന്നും രണ്ടും ബംഗ്ലാവുകൾ രേഖ ഗുപ്തയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഒന്നാം ബംഗ്ലാവിൽ താമസിക്കുകയും രണ്ടാമത്തേത് ക്യാമ്പ് ഓഫീസായി ഉപയോഗിക്കുകയും ചെയ്യും. ജൂൺ 28ന് പുറത്തിറക്കിയ ടെണ്ടർ അനുസരിച്ച് 9.3 ലക്ഷം രൂപയ്ക്ക് അഞ്ച് ടെലിവിഷനുകൾ, 7.7 ലക്ഷത്തിന് 14 എ.സികൾ 5.74 ലക്ഷത്തിന് 14 സിസിടിവി ക്യാമറകൾ എന്നിവയും രണ്ട് ലക്ഷം രൂപയ്ക്ക് യുപിഎസ് സംവിധാനവും സ്ഥാപിക്കണം.

ഇവയ്ക്ക് പുറമെ 1.80 ലക്ഷത്തിന് 23 സീലിങ് ഫാനുകൾ, 85,000 രൂപയുടെ ഒ.റ്റി.ജി ഓവൻ, 77,000 രൂപയുടെ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, 60,000 രൂപയുടെ ഡിഷ് വാഷർ, 63,000 രൂപയുടെ ഗ്യാസ് സ്റ്റൗ, 32,000 രൂപയുടെ ഓവനുകൾ, 91,000 രൂപയ്ക്ക് ആറ് ഗീസറുകൾ എന്നിവയും സ്ഥാപിക്കണം. ഇതിന് പുറമെ 115 ലൈറ്റുകൾ, വാൾ ലൈറ്റുകൾ, ഹാഹിങ് ലൈറ്റുകൾ എന്നിങ്ങനെയുള്ള അലങ്കാര വിളക്കുകൾ വേറെയും. ഇവയെല്ലാം കൂടി 6.03 ലക്ഷം രൂപയാണ് ടെണ്ടറിൽ പറയുന്നത്. നിലവിൽ ഷാലിമാർ ബാഗ് ഹൗസിലാണ് രേഖ ഗുപ്ത താമസിക്കുന്നത്.

നേരത്തെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്ന് അധികാരമേറ്റ ശേഷം രേഖ ശർമ പ്രഖ്യാപിച്ചിരുന്നു. ഈ വസതിയിലെ ആ‍ഡംബര സൗകര്യങ്ങളുടെ പേരിൽ ബിജെപി കെജ്രിവാളിനെ വിമർശിക്കുകയും ചെയ്തിരുന്നു.

വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ

മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സ‍ർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാ‍ർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി പാമ്പിനെ കണ്ടതോടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ യാത്ര വൈകുകയായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. ചൊവ്വാഴ്ച വിർജിൻ ഓസ്ട്രേലിയ വിമാനത്തിൽ കയറാനായി എത്തിയ യാത്രക്കാരാണ് വിമാനത്തിൽ പാമ്പിനെ കണ്ടത്.

മെൽബണിൽ നിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിഎ 337 വിമാനത്തിനുള്ളിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. പിന്നാലെ തന്നെ വിമാനത്താവള അധികൃതർ പാമ്പ് പിടുത്തക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. കാർഗോ ഹോൾഡിലെ പാനലിന് പിന്നിലായി പതിഞ്ഞ് കിടക്കുകയായിരുന്നു പാമ്പ്. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളുള്ള സ്ഥലങ്ങളിലൊന്നായതിനാൽ അതീവ ശ്രദ്ധയോടെയാണ് പാമ്പ് പിടിക്കാനെത്തിയ ജീവനക്കാരൻ പെരുമാറിയത്.

ആദ്യ ശ്രമം പാളിയാൽ പാമ്പ് വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയേക്കാനുള്ള സാധ്യതകൾ ഏറെയായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ പിന്നീട് ബോയിംഗ് 737 ബോർ‍ഡ് ചെയ്ത ആളുകളെ ഇറക്കിയ ശേഷം അഴിച്ച് പരിശോധിക്കേണ്ട അവസ്ഥ നേരിടുമായിരുന്നു. അരമണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് പാമ്പിനെ പിടികൂടാൻ സാധിച്ചത്. ബ്രിസ്ബേനിൽ സാധാരണമായി കാണാറുള്ള ഗ്രീൻ ട്രീ പാമ്പിനെയാണ് രക്ഷിച്ചത്. രണ്ട് അടിയോളമായിരുന്നു ഇതിന് നീളമുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ആരോ രഹസ്യമായി ലഗേജിൽ കടത്തിയ പാമ്പ് വെളിയിൽ ചാടിയതായാണ് സംശയിക്കപ്പെടുന്നത്.

കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. 2021-ൽ നൽകിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂടത്തായിയിൽ 2002 മുതൽ 2016വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റോയ് തോമസിന്റേത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നൽകിയിരുന്നു.

റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷാജുവിൻറെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം

ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

2021 ജൂൺ 2ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഖദര്‍ തറയിലിട്ടാല്‍ മതി

തിരുവനന്തപുരം.യുവതലമുറയ്ക്ക് ഖദറിനോട് എന്താണ് ഇത്ര നീരസം എന്ന അജയ് തറയലിന്റെ ചോദ്യം വിവാദമായി. അജയ് തറയിലിന് മറുപടിയുമായി കെ.എസ് ശബരിനാഥൻ രംഗത്ത്. ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിൻ്റെ പ്രതീകമായി ഖദറിനെ ഇപ്പോൾ കാണാൻ കഴിയില്ല. ഖദർ സാധാരണ പോലെ വീടുകളിൽ കഴുകി ഇസ്തിരി ഇടാൻ പ്രയാസം. ഒരു ഖദർ ഡ്രൈ ക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തു കിട്ടും. വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്നും കെ.എസ് ശബരിനാഥൻ പറഞ്ഞു.

“ഐ ലവ് യു” പറയുന്നത് പോക്സോ കുറ്റമല്ല

മുംബൈ.”ഐ ലവ് യു” പറയുന്നത് പോക്സോ കുറ്റമല്ല. പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി. 35കാരൻറെ ശിക്ഷയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമെന്ന് കോടതി. ലൈംഗികാതിക്രമമായി കാണാനാകില്ല. 2015ലാണ് സ്കൂൾ വിട്ട് വരും വഴിയാണ് പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർർത്തിയത്. 2017ൽ പോക്സോ കോടതി ജയിൽ ശിക്ഷ വിധിച്ചു