Home Blog Page 846

‘ഗുഡ്മോണിങ് കരുനാഗപ്പള്ളി ‘താലൂക്കാശുപത്രിയിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് ശനിയാഴ്ച തുടക്കം

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി ‘ഗുഡ് മോർണിംഗ് കരുനാഗപ്പള്ളിക്ക് ‘ശനിയാഴ്ച തുടക്കമാകും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയിലെ കിടപ്പുരോഗികളായ 200 പേർക്ക് ദിവസേന പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. 10 രൂപ ഗുണഭോക്തൃ വിഹിതമായി താലൂക്ക് ആശുപത്രിയിലെ കുടുംബശ്രീ കൗണ്ടറിൽ അടച്ച് രോഗികൾക്ക് ഭക്ഷണം കൈപ്പറ്റാൻ കഴിയും. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. നഗരസഭാ സെക്രട്ടറി വി എസ് സന്ദീപ് കുമാർ പദ്ധതി വിശദീകരണം നടത്തും. വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർപേഴ്സൺ ഷഹ്നാ നസീം, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എം ശോഭന, എസ് ഇന്ദുലേഖ, റെജി ഫോട്ടോ പാർക്ക്, മഹേഷ് ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യവും അംഗീകരിച്ച് സർക്കാർ; അടിയന്തര സഹായം നൽകി; മകൾക്ക് ചികിത്സയും മകന് ജോലിയും ഉറപ്പ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത് വന്നു. തലക്കേറ്റ ​ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു.

അതേ സമയം, കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ. ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്നും വൈസ് പ്രസിഡന്‍റ് അരുൺ കെ ഫിലിപ്പ് വിമര്‍ശിച്ചു.

നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിയിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.

5 ലക്ഷം സ്ത്രീകൾക്ക് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകളുടെ വിതരണം; വിവാദമാക്കി ബിജെപി

ദിന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോൺഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.

തലയോട്ടി തകര്‍ന്നു, വാരിയെല്ല് ഒടിഞ്ഞു…. ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം കാരണമാണ് ബിന്ദു മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭാരമുള്ള വസ്തുക്കള്‍ ശരീരത്തേക്ക് വീണിട്ടാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. തലയോട്ടിയും തകര്‍ന്നിരുന്നുവെന്നുംവാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ ബിന്ദു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടിയാണ് മരിച്ചെന്ന വാദവും ഉയര്‍ന്നിരുന്നു. ഈ വാദങ്ങള്‍ തളളുന്ന രീതിയിലുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നത്. രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സമയത്ത് ശ്വാസം ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നത്.അതേസമയം, ബിന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു. മകന്‍ നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വന്‍ ജനാവലിയും ഇവിടെ എത്തിയിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി.

ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി

തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നര്‍ റിങ്ങ് റോഡില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദ്ദേശിച്ചു.

കൊട്ടാരക്കരയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്; ഉദ്ഘാടനം അഞ്ചിന്

മൃഗസംരക്ഷണ വകുപ്പ് കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും ഉദ്ഘാടനവും ജൂലായ് അഞ്ചിന് വൈകിട്ട് മൂന്നിന് കൊട്ടാരക്കര ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അധ്യക്ഷനാകും. ജില്ലയില്‍ നിലവില്‍ ചടയമംഗലത്തും അഞ്ചലിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ട്. റീബില്‍ഡ് കേരള പദ്ധതിപ്രകാരം കൊട്ടാരക്കര, ചവറ, ഇത്തിക്കര ബ്ലോക്കുകളില്‍ ഈ ചികിത്സാസഹായ യൂണിറ്റുകള്‍ അനുവദിച്ചത്. വൈകിട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കും. കരീപ്ര സര്‍ക്കാര്‍ മൃഗാശുപത്രി കേന്ദ്രമായാണ് കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച യൂണിറ്റ് പ്രവര്‍ത്തിക്കുക. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്’ വിഷയത്തില്‍ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് പരിശീലനകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാര്‍ പവിത്രേശ്വരം വെറ്ററിനറി സര്‍ജന്‍ ഡോ. ടി. അഭിലാഷ് നയിക്കും

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു; വിതരണോദ്ഘാടനം എട്ടിന്

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. ജൂലൈ എട്ടിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വിതരണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനാകും. 2024-25 വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി 44,52,982 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 21 സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. 126 ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്യുക. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യം.

‘ക്ഷീരധാര’യിലൂടെ ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് ‘പാല്‍നിറവില്‍’

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ സമീകൃത പോഷകമൂല്യം ‘പാലായി‘ തെളിയുന്ന കാലമാണിത്. ക്ഷീരകര്‍ഷകരുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ‘ക്ഷീരധാര’ പദ്ധതി നടപ്പിലാക്കിയാണ് നേട്ടത്തിലേക്കെത്തിയത്. തൊഴിലുറപ്പ്പദ്ധതിയുടെ വിജയത്തിനുള്ള കളമൊരുക്കലായും പദ്ധതിമാറി. അഞ്ചു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനവും 18നും 60 വയസിനും ഇടയില്‍ പ്രായമുള്ള ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ക്ഷീരകര്‍ഷകര്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിവഴി ലഭിച്ച കാര്‍ഷികഉപകരണങ്ങളുടേയും അനുബന്ധ സംവിധാനങ്ങളുടെയും ഗുണഭോക്താവായാല്‍ കറവ പശുക്കളെ വാങ്ങുമ്പോള്‍ ക്ഷീരധാരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡി ലഭ്യമാക്കിയാണ് ഇരുപദ്ധതികളുടേയും മികവിന് വഴിയൊരുക്കിയത്.
ബ്ലോക്ക്പരിധിക്ക് പുറത്തുനിന്നും 60,000 രൂപ വിലയുള്ള കറവ പശുവിനെ വാങ്ങുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 30,000 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45,000 രൂപയും സബ്‌സിഡി ലഭിക്കും. ബാങ്ക് വായ്പ വഴി പശുക്കളെ വാങ്ങുന്ന കര്‍ഷകര്‍ക്ക് മാത്രമാണ് സബ്‌സിഡി. സങ്കരയിനം പശുക്കളെ വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. പഞ്ചായത്ത് ഗ്രാമസഭമുഖേന തിരഞ്ഞെടുക്കപ്പെട്ട 28 വനിതകള്‍ക്കും, പട്ടികജാതി വിഭാഗത്തിലെ 14 കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കും.
ബ്ലോക്ക് പരിധിക്കുള്ളില്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുക, വനിതകളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജനകീയമാക്കുക എന്നിവയാണ് സാധ്യമാക്കുന്നത്. കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ സാമ്പത്തികസഹായം, അസോള ടാങ്ക് നിര്‍മാണം, തീറ്റപുല്‍കൃഷി എന്നിവയിലൂടെ തീറ്റചിലവ് കുറയ്ക്കാനുമാകുന്നു. മാലിന്യസംസ്‌കരണം സുഗമമാക്കാന്‍ ചാണകക്കുഴി നിര്‍മാണവും നടപ്പാക്കുന്നു. സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷംതോറും നടപ്പിലാക്കുന്ന പാല്‍വില സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി, വൈക്കോല്‍ സബ്‌സിഡി എന്നിവയ്ക്ക് പുറമെയാണ് ബ്ലോക്ക്പഞ്ചായത്ത് ക്ഷീരധാര പദ്ധതിവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷം ജനറല്‍ വിഭാഗത്തിന് 8,40,000 രൂപയും, പട്ടികജാതി വിഭാഗത്തിനു 6,30,000 രൂപയും പദ്ധതിനടത്തിപ്പിലേക്ക് വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ക്ഷേമവും സാമ്പത്തിക ഉന്നമനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പുലര്‍ച്ചെ അമേരിക്കയിലേക്ക് യാത്ര തിരിക്കും

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബൈ വഴിയാണ് യാത്ര. ഒരാഴ്ചയിലേറെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുമെന്നാണ് വിവരം
നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ യാത്ര നിശ്ചയിച്ചിരുന്നെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കാരണം നീട്ടിവയ്ക്കുകയായിരുന്നു.

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ഓയൂര്‍: വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന വിദ്യാത്ഥി മരിച്ചു. ഓയൂര്‍ ഓര്‍ക്കോട് രഘുമന്ദിരത്തില്‍ രഘുനാഥന്‍പിള്ള-അനിതകുമാരി ദമ്പതികളുടെ മകന്‍ കൊല്ലം എസ്എന്‍ കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായിരുന്ന വിഷ്ണു (21) ആണ് മരിച്ചത്. സഹോദരി: വൈഷ്ണവി.