മുംബൈ. കയറും മുൻപ് ലിഫ്റ്റ് അടച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂരമർദ്ദനം
മഹാരാഷ്ട്രയിലെ അമ്പർനാദിലാണ് സംഭവം
12 കാരനെ മർദ്ദിക്കുകയും കടിക്കുകയും ചെയ്തു. ലിഫ്റ്റിൽ നിന്ന് പുറത്തുവന്നിട്ടും മർദ്ദനം തുടർന്നു
കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
രക്ഷിതാക്കൾ സമീപിച്ചിട്ടും കേസെടുക്കാൻ തുടക്കത്തിൽ മടിച്ച് പോലീസ്
കേസെടുത്തത് നാലുദിവസം കഴിഞ്ഞ് സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ
കയറും മുൻപ് ലിഫ്റ്റ് അടച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂരമർദ്ദനം
SI നഷ്ടപരിഹാരം നൽകണം
കോഴിക്കോട് .തിരുവമ്പാടിയിൽ പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കിയ സംഭവം,
പോലീസ് മതിയായ അന്വേഷണം നടത്തിയില്ലെന്ന് കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ
എസ്ഐ 50000 രൂപ നഷ്ടപരിഹാരം നൽകണം
എസ്ഐക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ആവശ്യം.
നഷ്ടപരിഹാരതുക എസ്ഐ രമ്യയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കും
പരാതിക്കാരി പാത്തുമ്മയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് സൈതലവി പരാതി നൽകിയിരുന്നു
90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം
വാഷിങ്ടണ്‍: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.
രണ്ടാമൂഴത്തിൽ 100 ദിവസം പിന്നിട്ട വേളയിലാണ് 200 രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുമെന്ന വൻ പ്രഖ്യാപനം ട്രംപ് നടത്തിയത്. വൈറ്റ് ഹൌസിലെ മുതിർന്ന ഉപദേശകൻ പീറ്റർ നവാരോ പറഞ്ഞത് 90 ദിവസത്തിൽ 90 കരാറുകൾ എന്നാണ്. ജൂലൈ 9ന് ആ സമയ പരിധി അവസാനിച്ചു. എന്നാൽ ഇതുവരെ യുഎസ് പ്രഖ്യാപിച്ചത് മൂന്ന് വ്യാപാര കരാറുകൾ മാത്രം. ചൈന, യുകെ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി. ബാക്കി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നു എന്നാണ് വിശദീകരണം.
യൂറോപ്യൻ യൂണിയനുമായി പോലും വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്ന് വൈറ്റ് ഹൌസ് പറയുന്നു. വ്യാപാര കരാറുകൾക്ക് കൂടുതൽ സമയം നൽകാൻ സമയ പരിധി ഓഗസ്ത് 1 വരെ നീട്ടുകയും ചെയ്തു. ഇതിനിടയിൽ കരാറുകൾ നടപ്പിലായില്ലെങ്കിൽ പകര തീരുവ ഏർപ്പെടുത്തും എന്നാണ് പ്രഖ്യാപനം.
ഇന്നലെ ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൌസ് പകര തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകി. ഫിലിപ്പൈൻസ്, ശ്രീലങ്ക, ബ്രൂണെ അടക്കമുള്ള രാജ്യങ്ങൾ. ദക്ഷിണ കൊറിയയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾക്ക് നേരത്തെ കത്തെഴുതിയിരുന്നു. രണ്ട് പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയുമായി ഹ്രസ്വ വ്യാപാര കരാറിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൌസ്. അതേസമയം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.
മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം; താനൂരിലെ ട്രാൻസ്ജെൻഡറുടെ മരണത്തിൽ സുഹൃത്തിലേക്ക് അന്വേഷണം
മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ് ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.
വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളയിൽ ചാൻസലർ രജിസ്ട്രാർ പോര് അതിരൂക്ഷം; പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്ഐയും; ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്.
ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. അതേസമയം സർവ്വകലാശാലയിലെ ചാൻസലർ രജിസ്റ്റാർ പോര് അതിരൂക്ഷമായി.
അവധി ചോദിച്ച രജിസ്ട്രാർ കെഎസ് അനിൽ കുമാറിനോട്, സസ്പെൻഷനിലായ രജിസ്റ്റാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. എന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. അനിൽകുമാർ ഇന്ന് ഓഫീസിൽ എത്തുമോ എന്നുള്ളതാണ് ആകാംക്ഷ.
കേരളം പൂർണമായി സ്തംഭിച്ചു, അഖിലേന്ത്യാ പണിമുടക്കിന് സമാപനം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ബുധനാഴ്ച അർധരാത്രി 12നാണ് സമരം അവസാനിച്ചത്. കേരളം, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് സമരം കർശനമായി. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു.
കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സർവീസുകളും നിലച്ചു. ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു.
പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലിഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തന്നെ പോയി. സർക്കാർ- സ്വകാര്യ ബസുകൾ പതിവുപോലെ ഓടി. ചെന്നൈയിൽ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചില്ല.
രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിരുന്നു. ഡല്ഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുൾപ്പെടെ സംഘടിപ്പിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.
സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടക്കും.
മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സമരം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾആരോപിച്ചിരുന്നു.
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം
ഒട്ടാവ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
നവോദയ സ്കൂളിൽ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.
ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു.
കീം ഫലം റദ്ദാക്കൽ: സംസ്ഥാനം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; പ്രവേശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ.
2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് മാത്രമല്ല പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കും എന്ന് തിരിച്ചറിഞ്ഞുകൂടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അതിവേഗം അപ്പീൽ നൽകിയത്.





































