26.6 C
Kollam
Thursday 25th December, 2025 | 06:09:08 PM
Home Blog Page 814

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി

കോഴിക്കോട്. പെരുമണ്ണയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി. പെരുവയൽ സ്വദേശി എൻ പി ഷഫീക്ക് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിൽ ആണ് കഞ്ചാവ് ചെടി വളർത്തിയത്. പ്ലാസ്റ്റിക് ചട്ടിയിലാണ് കഞ്ചാവ് ചെടി വളർത്തിയത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി

ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

എറണാകുളം. ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ടിപ്പര്‍ ലോറിയുടെ ക്യാബ് ബോക്സിനടിയിൽപ്പെട്ടുണ്ടായ അപകടത്തില്‍ നെട്ടൂർ സ്വദേശി സുജിൽ ( 26 )ആണ് മരിച്ചത്. ഉയര്‍ത്തി വ ച്ചിരുന്ന ക്യാബ് ബോക്സിനടിയില്‍ മഴനനയാതെ കയറി നില്‍ക്കുമ്പോള്‍ ബോക്സ താഴേക്കു പതിക്കുകയായിരുന്നു.

ട്യൂഷൻ അദ്ധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്

പത്തനംതിട്ട.ട്യൂഷൻ അദ്ധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്, പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി
കഴിഞ്ഞയാഴ്ച്ചയെടുത്ത പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപൻ രണ്ടാമതും പോക്സോ കേസിൽ പ്രതിയായി. ഇയാളെ ജയിലിലെത്തി ആറന്മുള പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കിടങ്ങന്നൂർ ജംഗ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അദ്ധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുതു പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിയായ 13 കാരന്റെ മൊഴിപ്രകാരമാണ് ആറന്മുള പോലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.28 ന് വൈകിട്ട് 16.30 നാണ് ഇരുവരോടും ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.
ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ്‌ എടുത്തത്. പ്രതിയെ ഉടനടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയുമാണ്. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും, കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. ഇയാൾ തന്റെ കാലുകളും തോളും കുട്ടികളെകൊണ്ട് തടവിപ്പിക്കുക പതിവായിരുന്നെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇനിവയ്യ എന്ന് പറഞ്ഞു കുറേക്കഴിഞ്ഞു കൈകൾ പിൻവലിച്ചപ്പോഴാണ് ലൈംഗികമായി വിദ്യാർത്ഥികളെ ഇയാൾ കൈകാര്യം ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ആറന്മുള പോലീസ് ഇന്നലെ ഫോർമൽ അറസ്റ്റ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

വേങ്ങ മിലാദേ ശെരീഫ് ബോയ്‌സ് എച്ച്എസില്‍ ലോക ജനസംഖ്യാദിനാഘോഷവും ബോധവല്‍ക്കരണ ക്‌ളാസും

മൈനാഗപ്പള്ളി . വേങ്ങ എംഎസ് ബോയ്‌സ് എച്ച്എസിലെ സാമൂഹികശാസ്ത്രക്‌ളബിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ജനസംഖ്യാദിനാഘോഷവും ബോധവല്‍ക്കരണ ക്‌ളാസും സംഘടിപ്പിച്ചു. പ്രതീകാത്മകമായി വ്യത്യസ്ത രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിലോക ജനസംഖ്യാഘടന വ്യക്തമാക്കുന്ന ജനസംഖ്യാ ഉച്ചകോടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സന്‍സ്,എസ്ആര്‍ജി കണ്‍വീനര്‍ മുഹമ്മദ് അന്‍സര്‍ അധ്യക്ഷത വഹിച്ചു. കാര്‍ത്തിക് എസ് ഭദ്രന്‍,ബൈജു ശാന്തി രംഗം,എം.താജ്,ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റ് ജീവനക്കാരായ ശ്രീകുമാര്‍,സുനില്‍കുമാര്‍,സത്യജിത്,അന്‍സില,അഖില, വിദ്യാര്‍ഥി പ്രതിനിധികളായ അജിംഷാ,അല്‍അമീന്‍ എന്നിവര്‍ പ്രസംഗിച്ചു .

കേന്ദ്ര സർവീസിൽ 1075 എംടിഎസ്/ ഹവിൽദാർ, സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർവീസിലെ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ 24 വരെ നടക്കും. കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷ ഓൺലൈനായി ജൂലായ് 24-നകം സമർപ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത (എല്ലാ തസ്തികകളിലേക്കും): പത്താംക്ലാസ് വിജയം/ തത്തുല്യ യോഗ്യത 2025 ഓഗസ്റ്റ് ഒന്നിനകം നേടിയിരിക്കണം.ശാരീരിക യോഗ്യത (ഹവിൽദാർ തസ്തികയിലേക്കുമാത്രം): പുരുഷന്മാർക്ക് 157.5 സെമീയും (എസ്ടി വിഭാഗക്കാർക്ക് അഞ്ച് സെമീ വരെ ഇളവ് ലഭിക്കും) സ്ത്രീകൾക്ക് 152 സെമീയും (എസ്ടി വിഭാഗക്കാർക്ക് 2.5 സെമീവരെ ഇളവ് ലഭിക്കും) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 81 സെമീ നെഞ്ചളവും അഞ്ച് സെമീ നെഞ്ചളവ് വികാസവും വേണം.

സ്ത്രീകൾക്ക് 48 കിലോഗ്രാം ഭാരം വേണം (എസ്ടി വിഭാഗക്കാർക്ക് രണ്ടുകിലോഗ്രാം ഇളവ് ലഭിക്കും).പ്രായം: 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

18-25 പ്രായപരിധിയിലുള്ളവർ 02.08.2000-നും 01.08.2007-നും ഇടയിൽ ജനിച്ചവരും 18-27 പ്രായപരിധിയിലുള്ളവർ 02.08.1998-നും 01.08.2007-നും ഇടയിൽ ജനിച്ചവരുമായിരിക്കണം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ: https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വൺടൈം രജിസ്ട്രേഷൻ ചെയ്തശേഷമാണ് അപേക്ഷി​േക്കണ്ടത്. mySSC എന്ന മൊബൈൽ ആപ്പ് മുഖേനയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്. ഒപ്പും, തത്സമയം എടുക്കുന്ന ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്‌ലോഡ്ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂലായ് 24.

നിശബ്ദമായി വരുന്ന ഹൃദയരോഗം: ചർമ്മം തരുന്ന 5 നിർണായക സൂചനകൾ

നെഞ്ചുവേദനയും ശ്വാസതടസ്സവും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് നമുക്കറിയാം. എന്നാൽ, നമ്മുടെ ശരീരം, പ്രത്യേകിച്ച് ചർമ്മം, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ചില സൂചനകൾ നൽകിയേക്കാം. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ വലിയൊരു ദുരന്തം ഒഴിവാക്കാം. ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ഹൃദയാഘാതത്തിൻ്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. വീക്കം: ശരീരം നീരുവെച്ച് വീർക്കുന്നുണ്ടോ?
    പ്രത്യേകിച്ച് കാൽപാദങ്ങൾ, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ഒരു പ്രധാന സൂചനയാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയുമ്പോൾ ദ്രാവകങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. കൈവിരലുകളിലും കാലുകളിലും നീര് കാണാറുണ്ടെങ്കിൽ ശ്രദ്ധിക്കുക.
  2. വിരലുകളിലെ നീലനിറം: ഓക്സിജൻ കുറവാണോ?
    കൈവിരലുകളിലും കാൽവിരലുകളിലും നീലയോ പർപ്പിളോ നിറം കാണുകയും, കൈകൾ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കിൽ രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ല എന്നർത്ഥം. ഈ അവസ്ഥയിൽ ഹൃദയത്തിന് പ്രവർത്തിക്കുക ബുദ്ധിമുട്ടാകും. ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
  3. മഞ്ഞയോ ഓറഞ്ചോ നിറമുള്ള മുഴകൾ: കൊളസ്ട്രോൾ പ്രശ്നക്കാരനാണോ?
    കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലിന്റെ പുറകിൽ എന്നിവിടങ്ങളിലൊക്കെ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകൾ കാണാറുണ്ടോ? ഇവ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലാകുന്നതുമൂലം കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്.
  4. കാലുകളിൽ കാണുന്ന വലപോലുള്ള പാടുകൾ: രക്തയോട്ടം തടസ്സപ്പെടുന്നുണ്ടോ?
    കാലുകളിൽ നീല നിറത്തിലോ പർപ്പിൾ നിറത്തിലോ വലപോലെ കാണപ്പെടുന്നത് കൊളസ്ട്രോൾ എംബൊലൈസേഷൻ സിൻഡ്രോമിന്റെ സൂചനയാണ്. കൊളസ്ട്രോൾ ക്രിസ്റ്റലുകൾ കാരണം ചെറിയ ഹൃദയധമനികളിൽ തടസ്സമുണ്ടാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് അവഗണിക്കരുത്.
  5. ക്ലബ്ബിംഗ് (വിരൽത്തുമ്പിലെ വീക്കം) & നഖത്തിനടിയിലെ വരകൾ: അപകടം അടുത്തോ?
  • ക്ലബ്ബിംഗ്: കൈവിരലുകളിലും കാൽവിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബൾബ് പോലെ ഉരുണ്ടോ താഴേക്ക് വളഞ്ഞോ കാണപ്പെടാം. ഈ മാറ്റം രക്തത്തിൽ ഓക്സിജൻ കുറയുന്നതുമൂലമുണ്ടാകുന്നതാണ്. ഇത് ശ്വാസകോശരോഗവുമായോ ഹൃദ്രോഗവുമായോ ബന്ധപ്പെട്ടിരിക്കുന്നു.
  • നഖത്തിനടിയിലെ വരകൾ: നഖത്തിനടിയിൽ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള വരകൾ കാണപ്പെട്ടാൽ അത് ചെറിയ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഈ വരകൾ ഗുരുതരമായ ഹൃദയ അണുബാധയായ ഇൻഫക്ടീവ് എൻഡോകാർഡൈറ്റിസിന്റെ ലക്ഷണമാണ്.
  • ഓസ്റ്റർ നോഡ്സ്: ചുവപ്പോ പർപ്പിളോ നിറത്തിൽ കാൽപാദങ്ങളിലോ കൈവിരലുകളിലോ വേദന നിറഞ്ഞ മുഴകൾ ഉണ്ടാവുകയാണെങ്കിൽ അതിനെ ഓസ്റ്റർ നോഡ്സ് എന്നാണ് പറയുക. ഇത് ഹൃദയത്തിലെ അണുബാധയുടേയോ ഹൃദയപ്രശ്നങ്ങളുടെയോ സൂചനയാണ്.

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്: പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാര്‍‍‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃത്വയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃത്വയോഗം നടക്കുന്നത്.

സംസ്ഥാന ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ സംസ്ഥാന കാര്യാലയത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കുന്നത്. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്‌ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്നാണ് വി മുരളീധരൻ പക്ഷത്തിൻ്റെ പ്രധാന വിമർശനം. പുനഃസംഘടനാ പട്ടികയിൽ 90 ശതമാനവും കൃഷ്ണ‌ദാസ് വിഭാഗമെന്നും മുരളി പക്ഷം കുറ്റപ്പെടുത്തുന്നു.

ഇന്നലെയാണ് ബിജെപിയുടെ പുനഃസംഘടന കഴിഞ്ഞ് പുതിയ നേതൃത്വനിരയുടെ പ്രഖ്യാപനമുണ്ടായത്. വി മുരളീധര പക്ഷത്തെ തീർത്തും ഒതുക്കിയുള്ളതാണ് പട്ടിക. ബിജെപിയിൽ ജനറൽ സെക്രട്ടറിമാരാണ് പാർട്ടിയെ ചലിപ്പിക്കുന്ന നേതൃ നിര. സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് വരെ പല ഘട്ടത്തിൽ പരിഗണിക്കപ്പെട്ട എം ടി രമേശ്, കേരളത്തിലെ പാർട്ടിയുടെ നേതൃനിരയിൽ പ്രധാനിയായ ശോഭാ സുരേന്ദ്രൻ, ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്‍റും രാജീവ് ചന്ദ്രശേഖറിന്‍റെ വിശ്വസ്തനുമായ അഡ്വ എസ്.സുരേഷ്, പാർട്ടിയുടെ യുവ നേതാവും ദേശീയ തലത്തിൽ യുവമോർച്ചയിൽ അടക്കം ശ്രദ്ധേയനായ അനൂപ് ആന്‍റണി ജോസഫുമാണ് നാല് ജനറൽ സെക്രട്ടറിമാർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ അനൂപ് ഫുൾ ടൈമാർ ആകുന്നത്. രാജീവ് ചന്ദ്രശേഖറിന്‍റെ പാർട്ടി നയരൂപീകരണ സംഘത്തിൽ പ്രധാനിയുമാണ് അനൂപ്.

സംസ്ഥാന ഉപാധ്യക്ഷന്മാരുടെ നിരയിലും വലിയ മാറ്റങ്ങളാണ് ഇത്തവണ ഉണ്ടായത്. ഷോണ്‍ ജോർജ്ജ് വളരെ പ്രധാനപ്പെട്ട പദവിയിലേക്ക് എത്തുകയാണ്. രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായ ശേഷം സംസ്ഥാനമെങ്ങുമുള്ള അധ്യക്ഷന്‍റെ ദൗത്യങ്ങളിൽ ഷോണ്‍ ഒപ്പമുണ്ട്. ഇത്തവണത്തെ സർപ്രൈസ് പേര് ആർ.ശ്രീലേഖ ഐപിഎസിൻ്റേതാണ്. ഉപാദ്ധ്യക്ഷയായി നേതൃനിരയിലേക്ക് അവരെത്തി. മുൻ ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആണ് പത്തംഗ ഉപാദ്ധ്യക്ഷ പട്ടികയിലെ വി മുരളീധര പക്ഷത്തെ പ്രധാനി. ചാനൽ ചർച്ചകളിലെ പ്രമുഖനായ ബി ഗോപാലകൃഷ്ണനും ഉപാദ്ധ്യക്ഷനായി. ഡോ.കെ.എസ് രാധാകൃഷ്ണൻ, ഡോ അബ്ദുൾ സലാം എന്നിവരാണ് വൈസ് പ്രസിഡന്‍റ് പട്ടികയിലെ മറ്റ് പ്രമുഖർ. അഡ്വ പി.സുധീർ, ആലപ്പുഴ മുൻ ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ, തൃശൂർ ജില്ലാ അദ്ധ്യക്ഷനായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അഡ്വ കെകെ അനീഷ്കുമാർ, സി സദാനന്ദൻ മാസ്റ്റർ എന്നിവരും ഉപാദ്ധ്യക്ഷരാകും. വി മുരളീധര പക്ഷത്തെ പ്രമുഖനായിരുന്ന വിവി രാജേഷിനെ ഒതുക്കി. സെക്രട്ടറി പട്ടികയിലാണ് വിവി രാജെഷും, എംവി ഗോപകുമാർ അടക്കമുള്ള നേതാക്കളും ഉൾപ്പെട്ടത്.

കൂടുതലും യുവജനം, ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ രാജ്യമായി ഇന്ത്യ മാറുന്നു’; കേരളത്തിനും വലിയ പങ്ക്

ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ലോകം കഴിഞ്ഞ ദിവസം ലോക ജനസംഖ്യാ ദിനം ആചരിച്ചത്. 1989 ൽ ഐക്യരാഷ്ട്ര വികസന പദ്ധതിയാണ് (UNDP) ഇതിന് തുടക്കമിട്ടത്. 1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടി (5 ബില്യൺ) പിന്നിട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

2025 ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം “നീതിയും പ്രതീക്ഷയും നിറഞ്ഞ ലോകത്ത്, യുവജനങ്ങളെ അവർ ആഗ്രഹിക്കുന്ന കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുക” എന്നതാണ്. ഈ പ്രമേയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. കാരണം, യുവജനങ്ങളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. 25 വയസ്സിൽ താഴെയുള്ള 60 കോടിയിലധികം ജനങ്ങൾ നമുക്കുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിന്റെ (UNFPA) കണക്കുകൾ പ്രകാരം 2025 അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 146 കോടിയിലെത്തും. അതിലും പ്രധാനമായി നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ രാജ്യമായി മാറും എന്ന വസ്തുതയും മുന്നിലുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം 30 വയസ്സിൽ താഴെയായിരിക്കും (കൃത്യമായി പറഞ്ഞാൽ 28 വയസ്സ്). പ്രത്യുത്പാദന നിരക്ക് (Total Fertility Rate) 1.9 ആയി കുറഞ്ഞത്, വരും വർഷങ്ങളിൽ ജനസംഖ്യാ വളർച്ച കുറയും എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ വരുന്ന ഈ മാറ്റം ഇന്ത്യക്ക് അടുത്ത 25 വർഷത്തേക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കും. ഇതിനെയാണ് ‘ജനസംഖ്യാ ലാഭവിഹിതം’ (Demographic Dividend) എന്ന് പറയുന്നത്. തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം, കുട്ടികളെയും പ്രായമായവരെയും അപേക്ഷിച്ച് കൂടുമ്പോൾ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക വളർച്ചയെയാണിത് സൂചിപ്പിക്കുന്നത്. നിലവിൽ, രാജ്യത്തെ ജനസംഖ്യയുടെ 65% 35 വയസ്സിൽ താഴെയുള്ളവരാണ്. ഈ അനുകൂല സാഹചര്യം തിരിച്ചറിഞ്ഞ്, അതിനെ ശരിയായ ദിശയിൽ നയിക്കാനുള്ള നയങ്ങളും പദ്ധതികളും ആവിഷ്കരിക്കേണ്ടത് സർക്കാരുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രധാന ഉത്തരവാദിത്തമാണ്.

ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ വിജയത്തിൽ കേരളത്തിന് ഒരു പ്രധാന പങ്കുണ്ട്. ദേശീയ കുടുംബക്ഷേമ പരിപാടികളിൽ എന്നും മുന്നിലായിരുന്നു കേരളം. 1950 കളുടെ അവസാനത്തോടെ തന്നെ ഇന്ത്യയിലെ ജനസംഖ്യ അമിതമായി വർദ്ധിക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യം ദേശീയ കുടുംബക്ഷേമ പരിപാടിക്ക് രൂപം നൽകിയത്. “ചെറിയ കുടുംബം സന്തുഷ്ട കുടുംബം” എന്ന കുടുംബസൂത്രണ പ്രചാരണം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ഗർഭനിരോധന ഉറകൾ വലിയ വില നൽകി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇന്ത്യയിൽ തന്നെ കോണ്ടം നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തു. കോണ്ടം നിർമ്മാണത്തിന് പ്രധാനമായും വേണ്ടത് റബ്ബർ അഥവാ ലാറ്റെക്സ് ആണ്. കേരളത്തിൽ റബ്ബർ ധാരാളമായി ലഭ്യമായതുകൊണ്ടാണ് കോണ്ടം നിർമ്മാണ യൂണിറ്റ് ഇവിടെ തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ 1966 ൽ തിരുവനന്തപുരത്ത് എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) ദേശീയ കുടുംബക്ഷേമ പരിപാടിയുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ ‘നിരോധ്’ എന്ന പേരിലാണ് എച്ച് എൽ എൽ ഗർഭനിരോധന ഉറകൾ രാജ്യത്തുടനീളം ലഭ്യമാക്കിയത്. അക്കാലത്ത് കോണ്ടം എന്നാൽ ‘നിരോധ്’ ആയിരുന്നു. പിന്നീട് വിവിധ ബ്രാൻഡുകൾ പുറത്തിറക്കി. ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരിൽ ഒന്നായി എച്ച് എൽ എൽ അതിവേഗം വളർന്നു.

രാജ്യത്തുടനീളം എച്ച് എൽ എല്ലിന് എട്ട് ഫാക്ടറികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവയാണ്. ഇതിന് പുറമെ കർണാടകയിലെ കനഗലയിലും ഫാക്ടറിയുണ്ട്. പേരൂർക്കടയിലെ ഫാക്ടറി പ്രതിവർഷം 124.6 കോടി കോണ്ടങ്ങളും കനഗലയിലേത് 37 കോടി കോണ്ടങ്ങളും 98 ലക്ഷം ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകളും (OCPs) 12.5 കോടി നോൺ സ്റ്റീറോയിഡൽ OCP കളും 1.87 കോടി അടിയന്തര ഗർഭനിരോധന ഗുളികകളും ഉത്പാദിപ്പിക്കുന്നു. കാക്കനാട് 30 കോടി പുരുഷ കോണ്ടങ്ങളും 2.5 കോടി സ്ത്രീ കോണ്ടങ്ങളും നിർമ്മിക്കുമ്പോൾ, ഐരാപുരം പ്രതിവർഷം 27.6 കോടി കോണ്ടങ്ങൾ കൂടി ഉത്പാദിപ്പിക്കുന്നു. അക്കുളത്തെ ഫാക്ടറി ഗർഭനിരോധന ഉൽപ്പന്നങ്ങളായ 55 ലക്ഷം കോപ്പർ ടികളും 25 ലക്ഷം ട്യൂബൽ റിംഗുകളും പ്രതിവർഷം പുറത്തിറക്കുന്നു.

ഗർഭനിരോധന രംഗത്ത് രാജ്യത്ത് നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും എച്ച് എൽ എൽ മുൻപന്തിയിലായിരുന്നു. നോൺ സ്റ്റീറോയിഡൽ ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകൾ, സ്ത്രീ കോണ്ടം, എമിലി പോലുള്ള ഹോർമോൺ പുറത്തുവിടുന്ന ഇൻട്രാ യൂട്ടറൈൻ സിസ്റ്റം (LNG-IUS) എന്നിവ ഇതിൽ പ്രധാനമാണ്. പ്രത്യുത്പാദന ആരോഗ്യ ഗവേഷണങ്ങൾക്കായി എച്ച് എൽ എല്ലിന് ഒരു കോർപ്പറേറ്റ് R&D കേന്ദ്രവുമുണ്ട്. കഴിഞ്ഞ ലോക എയ്ഡ്‌സ് ദിനത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എച്ച് എൽ എൽ കഴിഞ്ഞ 60 വർഷത്തിനിടെ 5500 കോടിയിലധികം (55 ബില്യൺ) കോണ്ടങ്ങളാണ് നിർമ്മിച്ച് വിതരണം ചെയ്തത്. മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങൾ കൂടാതെ, ഇതിലൂടെ നിയന്ത്രിക്കപ്പെട്ട ജനനങ്ങളുടെ എണ്ണം നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ.

എച്ച് എൽ എല്ലിൻറെ ഉൽപ്പന്നങ്ങളും, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള നിരന്തരമായ ബോധവൽക്കരണ പരിപാടികളും ജനസംഖ്യാ നിയന്ത്രണത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും യുവജനതയുള്ള രാജ്യമാക്കി മാറ്റുന്നതിൽ എച്ച് എൽ എല്ലിന് വലിയ ഒരു പങ്കുണ്ടെന്ന് കാണാം.

അഹമ്മദാബാദ് വിമാന ദുരന്തം; നിർണായകമായി കോക്‌പിറ്റിലെ സംഭാഷണം

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായി പൈലറ്റുമാരുടെ സംഭാഷണം. എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?–ഒരു പൈലറ്റ് ചോദിക്കുന്നത് റെക്കോർഡുകളിലുണ്ട്. ‘ഞാനങ്ങനെ ചെയ്തിട്ടില്ല’–രണ്ടാമത്തെ പൈലറ്റ് പറയുന്നു. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക. അപകട സൂചന നൽകാതെ പറന്നുയർന്ന വിമാനത്തിന്റെ സ്വിച്ചുകൾ എന്തുകൊണ്ട് ഓഫ് ചെയ്തു എന്നതിന്റെ ഉത്തരം നിർണായകമാകും.

ടേക്ക് ഓഫിനു മുൻപ് രണ്ടു എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്. മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽനിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീണു.

വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനപൂർവം സ്വിച്ചുകൾ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ?–ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. ഇന്ധന സ്വിച്ചിന്റെ ലോക് ഉയർത്താതെ ഓഫ് ചെയ്യാനാകില്ല. മാനുഷിക പിഴവാണെന്ന സംശയം ഇതിലൂടെയുണ്ടാകുന്നു. പൈലറ്റുമാർ രണ്ടുപേരും പരിചയ സമ്പന്നരായിരുന്നു. എയർക്രാഫ്റ്റ് ആക്സി‍ഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്.

എഎഐബി കണ്ടെത്തലുകൾ

∙ പറന്നുയർന്ന് സെക്കൻഡുകൾക്കകം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ച് ഓഫ് ആയി.
∙ ആരാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണത്തിൽ ലഭിച്ചു.
∙ റാം എയർ ടർബൈൻ (റാറ്റ്) ടേക്കോഫിനു തൊട്ടു പിന്നാലെ പുറത്തെത്തി. എൻജിനുകൾ പ്രവർത്തിച്ചില്ലെങ്കിൽ പൈലറ്റിന് ഇത് ഓൺ ചെയ്യാം. റാറ്റ് പുറത്തുവന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.
∙ രണ്ട് എൻജിനുകളും വീണ്ടും പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർ ശ്രമിച്ചു. ഒന്നാമത്തെ എൻജിൻ ഭാഗികമായി പ്രവർത്തിച്ചു. രണ്ടാമത്തെ എൻജിനുകൾ പ്രവർത്തിച്ചില്ല.
∙ 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്.
∙ വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്ലാപ്പുകൾ ശരിയായ ദിശയിലായിരുന്നു.
∙ പൈലറ്റുമാർക്ക് ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നു.
∙ അട്ടിമറിക്ക് പ്രാഥമിക തെളിവുകളില്ല.

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: ഇന്ത്യയ്ക്ക് ട്രംപ് 20% വരെ തീരുവ ചുമത്തിയേക്കും; ചർച്ച വീണ്ടും വാഷിങ്ടണിൽ

വാഷിങ്ടൺ: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളിൽ വീണ്ടും ട്വിസ്റ്റ്. ഇന്ത്യയുമായി കരാർ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, യുഎസുമായുള്ള തുടർ ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ സംഘത്തെ അടുത്തയാഴ്ച വീണ്ടും യുഎസിലേക്ക് അയയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. ഇതോടെ, കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവില്ലെന്ന് വ്യക്തമായി.

ജൂലൈ ഒൻപതിനകം യുഎസുമായി വ്യാപാരക്കരാറിലെത്താത്ത രാജ്യങ്ങൾക്കുമേൽ ഉയർന്ന പകരംതീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജപ്പാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, കംബോഡിയ തുടങ്ങി 22 രാജ്യങ്ങൾക്ക് പകരംതീരുവ ചുമത്തി ട്രംപ് കത്തുകളുമയച്ചു. ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളെ ട്രംപ് തൽകാലം ഒഴിവാക്കിയതും. പുതുക്കിയ പകരംതീരുവ ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്തണം. ഈ സമയപരിധിക്കുള്ളിൽ യുഎസുമായി ധാരണയിലെത്താനുള്ള ശ്രമമാണ് ഇന്ത്യയും നടത്തുന്നത്.

ചർച്ചയിൽ കൃഷി, പാലുൽപന്നങ്ങൾ‌, വാഹനം

കേന്ദ്ര വാണിജ്യ മന്ത്രാലയ സ്പെഷൽ സെക്രട്ടറി രാജേഷ് അഗ്രവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തേ യുഎസ് അധികൃതരുമായി ചർച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് ചർച്ചകളിൽ വ്യക്തമായ സംഘം തിരികെയെത്തുകയും ചെയ്തിരുന്നു. എന്നാൽ കാർഷികോൽപന്നങ്ങൾ, പാലുൽപന്നങ്ങൾ, വാഹനമേഖല എന്നിവയുടെ തീരുവയിൽ സമവായമാകാത്തതിനാൽ അഗ്രവാളിന്റെ സംഘത്തെ വീണ്ടും വാഷിങ്ടണിലേക്ക് അയയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇവർ അടുത്തയാഴ്ച യുഎസിലേക്ക് പോകും.

ഇന്ത്യയ്ക്ക് തിടുക്കമില്ലെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന കരാറാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചകളിൽ സമവായമായില്ലെങ്കിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഇന്ത്യൻ സംഘത്തോട് കേന്ദ്രസർക്കാർ നിർദേശിച്ചതായും സൂചനകളുണ്ട്. കയറ്റുമതി രംഗത്ത് ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങൾക്കുമേൽ ട്രംപ് ഇതിനകം പകരംതീരുവ പ്രഖ്യാപിച്ചുകഴിഞ്ഞു. വ്യാപാരക്കരാറിലെത്താതെ പിന്മാറേണ്ടി വന്നാൽ ഇന്ത്യയ്ക്കെതിരെയും ട്രംപ് സമാനനടപടിയെടുക്കും.

എന്നാൽ, ട്രംപ് ഇന്ത്യയ്ക്കു ചുമത്തുന്ന പകരംതീരുവ താരതമ്യേന കുറവായിരിക്കുമെന്നും ഇതു കയറ്റുമതിയെ സാരമായി ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു. യുഎസിന്റെ കാർഷികോൽപന്നങ്ങൾക്ക് തീരുവ ഇളവ് അനുവദിച്ചാൽ ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്കത് ഇടയാക്കുമെന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട്. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പരമാവധി 20% തീരുവ ചുമത്തിയേക്കുമെന്ന സൂചനകളുമുണ്ട്. ട്രംപ് നേരത്തേ പ്രഖ്യാപിച്ച തീരുവ 10% അടിസ്ഥാന നിരക്ക് ഉൾപ്പെടെ മൊത്തം 36% ആയിരുന്നു.

കൂടുതൽ സ്വതന്ത്ര വ്യാപാരക്കരാറിനായി ഇന്ത്യ

ഇതിനകം ഇന്ത്യ യുഎഇ, ഓസ്ട്രേലിയ തുടങ്ങി 26 ഓളം രാജ്യങ്ങളുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. യുകെയുമായും ധാരണയിലെത്തി. യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ് എന്നിവയുമായുള്ള ചർച്ചകളും അന്തിമഘട്ടത്തിൽ. ചിലെ, പെറു തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നു.