Home Blog Page 794

സിനിമാ രംഗങ്ങൾ മാറിനിൽക്കും, ആശുപത്രി വാര്‍ഡിലേക്ക് ഇരച്ചെത്തി അഞ്ചുപേര്‍, കയ്യിൽ ഗൺ, കൊന്നത് ചികിത്സയിലിരുന്ന ഗുണ്ടാ നേതാവിനെ

പട്‌ന: ബിഹാർ തലസ്ഥാനമായ പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സായുധ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്കെടുത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതും പിന്നീട് രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയേറ്റ ചന്ദൻ മിശ്ര എന്നയാൾ ചികിത്സയിലിരിക്കെ മരിച്ചു.

കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമാണ് കൊല്ലപ്പെട്ട ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര. ആരോഗ്യ കാരണങ്ങളാൽ പരോളിലിറങ്ങിയ ഇയാൾ പട്‌നയിലെ പരസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതറിഞ്ഞെത്തിയ എതിർ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊടും കുറ്റവാളിയായ ചന്ദൻ മിശ്രക്കെതിരെ 12ലധികം കൊലക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ ബക്സറിൽ നിന്ന് ഭാഗൽപൂർ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരോളിലിറങ്ങി ചികിത്സയ്ക്കായി പരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എതിരാളി സംഘത്തിന്റെ ആക്രമണമാകാം ആശുപത്രിയിൽ നടന്നതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിഹാർ തലസ്ഥാനത്ത് നടന്ന കൊലപാതക പരമ്പരയിലെ ഒടുവിലത്തെ സംഭവമാണിത്. വ്യവസായി ഗോപാൽ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കേവാത്, അഭിഭാഷകൻ ജിതേന്ദ്ര മഹതോ എന്നിവരടക്കമുള്ളവർ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആശുപത്രി വെടിവെപ്പ് ഉര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകളുയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു-ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.. പ്രതിപക്ഷ പാർട്ടികളായ ആർജെഡിയും കോൺഗ്രസും സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നു.

ആശുപത്രി വെടിവെപ്പിന് പിന്നാലെ, ബിഹാറിൽ ആർക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു. “സർക്കാർ പിന്തുണയുള്ള കുറ്റവാളികൾ ഐസിയുവിൽ അതിക്രമിച്ചു കയറി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ വെടിവെച്ചു. ബിഹാറിൽ ആർക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ? ഇത് 2005-ന് മുമ്പ് സംഭവിച്ചിട്ടുണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതേസമയം, കുറ്റവാളികളെ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ ഉറപ്പുനൽകി. “ഇങ്ങനെയൊരു സംഭവം നിർഭാഗ്യകരമാണ്. ഇത് സമഗ്രമായി അന്വേഷിക്കും, കുറ്റവാളികളെ വെറുതെ വിടില്ല. കുറ്റവാളികളെ പിടികൂടി നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 10-ാം പ്രതി നേതാവ് കെ കെ കൃഷ്ണൻ അന്തരിച്ചു

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണൻ.

അച്ഛൻ: പരേതനായ ബാപ്പു. അമ്മ: പരേതയായ കല്യാണി. ഭാര്യ: യശോദ. മക്കൾ: സുസ്മി (ഓഡിറ്റർ സഹകരണ വകുപ്പ് അസി. ഡയറക്ടർ ഓഫീസ് വടകര), സുമേഷ് (അസി. മാനേജർ കെഎസ്എഫ്ഇ വടകര സെക്കൻ്റ് ബ്രാഞ്ച്), സുജീഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ). മരുമക്കൾ: മനോജൻ (കേരള ബാങ്ക് നാദാപുരം), രനിഷ, പ്രിയ. സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, ഗോപാലൻ.

ആരെയും വെറുതെ വിടില്ല; ആഫ്രിക്ക, കരീബിയൻ രാജ്യങ്ങളെ നോട്ടമിട്ട് ട്രംപ്, 10% തീരുവ ഏർപ്പെടുത്തേയിക്കും

വാഷിം​ഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. എല്ലാവർക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ഫെഡറൽ റിസർവിന്റെ പദ്ധതിയെക്കുറിച്ച് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വിശദീകരിച്ചിട്ടുണ്ട്, ഏകദേശം 10% തീരുവ ചുമത്തുക ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾക്കായിരിക്കും. സാധാരണയായി അമേരിക്കയുമായി കുറഞ്ഞതോതിലാണ് ഈ രാജ്യങ്ങൾ വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ അവരുടെ സംഭാവന താരതമ്യേന കുറവുമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുക എന്ന ട്രംപിന്റെ നയത്തിന്റെ ഭാ​ഗമാണിത്.

നേരത്തെ ട്രംപ് പറഞ്ഞ സമയപരിധി ജൂലൈ 9 ആയിരുന്നു. എന്നാൽ പിന്നീട് താരിഫ് കുറയ്ക്കാൻ താൽപ്പര്യമുള്ള രാജ്യങ്ങളുമായി ചർച്ചയ്ക്കും ഇടപാടുകൾക്കും സമയം നൽകുന്നതിനായി ട്രംപ് ഭരണകൂടം ഈ തീയതി നീട്ടി.

2025 ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്നാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുന്നതാണ് ട്രംപിൻറെ പ്രഖ്യാപനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്

നാളെ കൊല്ലത്ത് എബിവിപിക്ക് പിന്നാലെ കെഎസ് യുവും വിദ്യാഭ്യാസ ബന്ത്‌ പ്രഖ്യാപിച്ചു… സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധം

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യുവും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എബിവിപി നേരത്തെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചുതിന് പിന്നാലെയാണ് കെഎസ് യുവും ബന്ത്‌ പ്രഖ്യാപിച്ചത്. അതേസമയം എസ്എഫ്ഐ സ്കൂളിലേക്ക് പ്രതിഷേധം നടത്തി. കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്റിനും എതിരെയാണ് പ്രതിഷേധം നടത്തിയത്. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.

വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തിൽ കേരള പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ മറുവശത്ത് വിദ്യാർത്ഥികൾ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കൺതുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യൽമീഡിയ ഗിമ്മിക്കുകളുമല്ല. മിഥുന്‍റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.

”എന്ത് പറ്റിയെന്ന് അറിയില്ല,  എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്”

കൊല്ലം: ”എന്ത് പറ്റിയെന്ന് അറിയില്ല,  എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ കൊണ്ട് വിട്ട മകന്‍ അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.
കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. മകന്‍ മരിച്ച വിവരം വിദേശത്തുള്ള അമ്മയെ എങ്ങനെ അറിയിക്കും എന്നറിയാതെ കുഴങ്ങുകയാണ് മനുവും കുടുംബാംഗങ്ങളും. കുവൈത്തില്‍ ഹോം നഴ്‌സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. സുജയെ ഇതുവരെ വിവരം അറിയിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്!

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ABVP, KSU സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ABVP സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു. #Kollam #EducationBandh #Protest

കഞ്ചാവും മെത്താഫിറ്റമിനും ആയി പിടി കൂടി

ശാസ്താംകോട്ട. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ അബ്ദുൽ വഹാബിന്റെ നേതൃതത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5 gm ഗഞ്ചാവ് 1.29 മെത്തഫിറ്റാമിൻ, എന്നിവ കൈവശം വച്ച കുറ്റത്തിന് കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ  ഷിജു ഭവനത്തിൽ  ഷിതിൻ, കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങമുറിയിൽ പനവിള പുത്തൻവീട്ടിൽ സിദ്ധാർത്ത്, കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങമുറിയിൽ കടരയത്ത് അശ്വിൻ രാജ് എന്നിവരെ അറസ്റ്റു ചെയ്തു,

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ കൊച്ചു വീട്ടിൽ  വിനായക് കേസിൽ പ്രതിയാണ് ഇയാളെ പിടി കൂടിയിട്ടില്ല . എൻ ഡി പി എസ് കേസെടുത്തിട്ടുണ്ട്.

അജ്ഞാതനല്ല, ഫ്യൂസ് ഊരിയത് കെഎസ്ഇബി ജീവനക്കാരൻ തന്നെ

ഇടുക്കി .രാജകുമാരിയിൽ വയോധിക മാത്രം ഉണ്ടായിരുന്ന വീട്ടിലെത്തി ഫ്യൂസ് ഊരിയത് കെഎസ്ഇബി ജീവനക്കാരൻ എന്ന് കണ്ടെത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ ഫ്യൂസ് ഊരിയത്

രാജകുമാരി സെക്ഷനിലെ കരാർ ജീവനക്കാരനായ സിബീഷ് ആണ് ഫ്യൂസ് ഊരിയത്

വൈദ്യുതി ബന്ധം ഇല്ലാതെ നിർധന കുടുംബം കഴിഞ്ഞത് ഒന്നര ദിവസമാണ്

സംഭവത്തിൽ കെ എസ് ഇ ബി ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് സിബി

സംഭവം വിവാദമായതോടെ കെഎസ്ഇബിയുടെ ആദ്യ വിശദീകരണം ഫ്യൂസ് ഊരിയത് തങ്ങളല്ലെന്നായിരുന്നു

എന്നാൽ അഡ്രസ്സ് മാറി ഫ്യൂസ് ഊരി എന്നാണ് ഇപ്പോഴത്തെ വിശദീകരണം

തേവലക്കരയിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13 വയസ്സുള്ള മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം അതീവ ദുഃഖകരമാണെന്നും, സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി നിര്‍ദേശിച്ചു.

അതേസമയം, കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ സ്ഥലത്ത് അയച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ ക്ലാസിന് മുന്‍പായി കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വീണു. പിന്നീട് ചെരുപ്പ് എടുക്കാനായി മിഥുന്‍ ഷീറ്റിന്മേല്‍ കയറിയപ്പോഴാണ് ടെറസിന് വളരെ അടുത്തായി കടന്നുപോകുന്ന വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് തല്‍ക്ഷണത്തില്‍ മരണം സംഭവിച്ചത്.

പോലീസ്, വൈദ്യുതി ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

തേവലക്കരയിലെ കുരുന്നിന്റെ മരണവാർത്ത: ലൈവിനിടെ ചിരിച്ച ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം

കൊല്ലം: തേവലക്കര കോവൂർ സ്കൂളിൽ കുട്ടി ഷോക്കേറ്റു മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം ചിരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രൂക്ഷ വിമർശനം. ദുരന്തവാർത്ത വായിക്കുന്നതിനിടെ അവതാരകൻ മൊബൈലിൽ വന്ന തമാശ ആസ്വദിച്ച് ചിരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ലൈവ് ആയി നടന്ന സംഭവത്തിൽ ഹാഷ്മി ചിരിക്കുന്നത് പ്രേക്ഷകർ നേരിട്ട് കാണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ ഉടൻ തന്നെ ലൈവാണെന്ന വിവരം അദ്ദേഹത്തെ ധരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, അതിനോടകം തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
ഒരു കുരുന്നിന്റെ ദാരുണമായ മരണവാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അവതാരകൻ ഇത്തരത്തിൽ അനാദരവ് കാണിച്ചത് അംഗീകരിക്കാനാവില്ലെന്ന് പലരും വിമർശിച്ചു. “ദുരന്തം വിറ്റ് ജീവിക്കുന്ന കഴുകന്മാർ” എന്നുവരെയുള്ള കടുത്ത പ്രയോഗങ്ങളിലൂടെയാണ് പലരും ഹാഷ്മിക്കെതിരെ രംഗത്തെത്തിയത്. മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.