തിരികെയെത്തിയ പ്രവാസികളുടെ പുനറധിവാസത്തിനായുളള നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റസ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) സഹകരണത്തോടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫറുള്ള ഉദ്ഘാടനം ചെയ്തു. സ്വയം തൊഴിലും സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതി ശില്പശാലയില്‍ വിശദീകരിച്ചു. നടപ്പു സാമ്പത്തികവര്‍ഷം 1500 പുതിയ സംരംഭകരെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ 105 പ്രവാസികള്‍ പങ്കെടുത്തു. സി.എം.ഡി അസോസിയേറ്റ് പ്രൊഫസര്‍ പി.ജി. അനില്‍ ക്ലാസ് നയിച്ചു.
ഓണാട്ടുകര പ്രവാസി സംഘം സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് രാജേന്ദ്രന്‍ കുളങ്ങര, കരുനാഗപ്പള്ളി പ്രവാസി സംഘം ഏരിയ സെക്രട്ടറി എ.ആര്‍. സൈനുദ്ദീന്‍, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവ് ചാത്തന്നൂര്‍, പ്രവാസി പ്രവാസി ഫെഡറേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത്ത് എബ്രഹാം, സിഎംഡി പ്രോജക്ട് ഓഫീസര്‍ എസ്.ജെ. നന്ദകുമാര്‍, സിഎംഡി റിസര്‍ച്ച് ഓഫീസര്‍ ബി.എല്‍. അനന്തു, നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് വി. ഷിജി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.എം.ഡി പ്രോജക്ട് ഓഫീസര്‍ സ്മിത ചന്ദ്രന്‍അധ്യക്ഷത വഹിച്ചു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലേയ്ക്ക് www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
പ്രവാസികള്‍ക്കായി കരുനാഗപ്പള്ളിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്… ഓർമ ദിനത്തിൽ 12 വീടുകളുടെ താക്കോൽ കൈമാറ്റവും
ജനപ്രിയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നു രാവിലെ 7നു കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.
ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ ആസ്ഥാനമന്ദിരം…ഉദ്ഘാടനം 26ന്
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുതിയ ആസ്ഥാനമന്ദിരം ചിന്നക്കട-ആശ്രാമം റോഡില്‍. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂലൈ 26 വൈകിട്ട് നാലിനു ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ നടത്തും.വായനക്കാരുടെ മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളെ അരങ്ങില്‍ എത്തിക്കുന്ന ‘കഥയും വരയും’ 25ന് വൈകിട്ട് മൂന്നിന് ചിന്നക്കട റസ്റ്റ് ഹൗസിന് സമീപം അരങ്ങേറും. വൈകിട്ട് അഞ്ചിന് വിളംബര യാത്രയുമുണ്ടാകും.
കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ‘മധുര വിതരണം’ ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഡോ നിത്യ പി. വിശ്വം, ഡോ. സ്മിത ജെ പി എന്നിവര്‍ നയിക്കുന്ന ‘നടന കേളി’ 2.30നും അഖില്‍ പി. ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി, കെ ദാമോദരന്റെ പാട്ടബാക്കി, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന ‘റീഡിങ് റൂം’ നാടകങ്ങള്‍ വൈകിട്ട് അഞ്ചിന്. 5.30 ന് ദേവന്‍ കലാഗ്രാമം അവതരിപ്പിക്കുന്ന കലാ സായാഹ്നവും ഒരുക്കിയിട്ടുണ്ട്
ദീർഘകാലത്തെ പ്രണയം; സയാമീസ് ഇരട്ടകളിൽ ഒരാൾ വിവാഹിതയായി; മറ്റൊരാൾ സിംഗിളായി തുടരും
സയാമീസ് ഇരട്ടകളായ കാര്‍മെനും ലുപിറ്റയും മെക്‌സിക്കോയിലാണ് ജനിച്ചത്. രണ്ടുപേര്‍ക്കും സ്വന്തമായി ഹൃദയവും ഒരു ജോടി ശ്വാസകോശവും വയറുമുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ യുഎസിലേക്ക് താമസം മാറിയ ഇവരുടെ ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. ഇരുവരും ഒരേ ഇടുപ്പെല്ലും പ്രത്യുത്പാദന വ്യവസ്ഥയും പങ്കിടുന്നു. രണ്ട് പേര്‍ക്കും രണ്ട് കൈകള്‍ വീതമുണ്ടെങ്കിലും ഒരു കാല്‍ മാത്രമാണുള്ളത്.
സോഷ്യൽ മീഡിയയിൽ താരങ്ങളായ ഈ സയാമീസ് ഇരട്ടകളുടെ പുതിയ അപ്ഡേറ്റ് ആണ് ശ്രെദ്ദേയം ആകുന്നത്. ഇപ്പോഴിതാ താന്‍ വിവാഹിതായി എന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇതിൽ കാര്‍മെന്‍. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് കാമുകനായ ഡാനിയല്‍ മക്കോര്‍മാക്കിനെയാണ് 25-കാരിയായ കാര്‍മെന്‍ വിവാഹം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു തീര്‍ത്തും സ്വകാര്യമായ വിവാഹം നടന്നതെന്നും പീപ്പിള്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-ല്‍ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് അഞ്ച് വര്‍ഷത്തോളം പ്രണയിച്ചു. കഴിഞ്ഞ വര്‍ഷം ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്‌സ് ലീപ്പ് ബ്രിഡ്ജില്‍വെച്ച് ചെറിയ ചടങ്ങോടെയാണ് വിവാഹം നടത്തിയത്. തന്റെ യുട്യൂബ് വീഡിയോയിലൂടെയും കാര്‍മെന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. വീഡിയോയിൽ താൻ ഭർത്താവായെന്ന് മക്കോര്‍മാക്ക് സ്ഥിരീകരിക്കുന്നുമുണ്ട്. അതേ സമയം താൻ സിംഗിളായി തുടരുമെന്നാണ് ലുപിറ്റ പറയുന്നത്
താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാല…അവശനിലയില്‍ മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്
ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടന്‍ ബാലയുടെ മുന്‍ പാങ്കാളി ഡോ. എലിസബത്ത് ഉദയന്‍ പങ്കുവച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. അവശനിലയില്‍ മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ബാലയ്ക്ക് എതിരെ ചില ആരോപണങ്ങൾ ഉയർത്തിയാണ് എലിസബത്ത് രംഗത്ത് വന്നത്. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്ന് എലിസബത്ത് പറയുന്നു.
തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് ആരോപണം ഉന്നയിക്കുന്നു. എന്താണ് ആരോഗ്യ പ്രശ്നമെന്ന് എലിസബത്ത് വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു വിവരമുണ്ട്.
ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും തന്നെ തളർത്തിയെന്ന് എലിസബത്ത് പറയുന്നു. എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണു പറയുന്നത്. ആളുകളുടെ മുന്നിൽവച്ചു ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതും എന്തിനാണെന്ന് അറിയില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം. തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും തുല്യമായി വീഴ്ച സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനിടയിൽ കൂടി യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വൈദ്യുതി ലൈൻ വളരെ താഴ്ന്ന നിലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. അപകടം ക്ഷണിച്ചു വരുത്തുന്ന ഈ പ്രവർത്തി മൂലമാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന കിടന്നിട്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താതെ സിപിഎം നേതൃത്വം നൽകുന്ന സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ പിഴവാണ്.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കിക്കൊണ്ട് മാത്രം ഇത്തരം അനാസ്ഥകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിയന്തരമായി സേഫ്റ്റി ഓഡിറ്റ് നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണം. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉള്ള സമാനമായ വീഴ്ച മൂലം സംസ്ഥാനത്ത് ഇതിനോടകം നൂറുകണക്കിന് ആൾക്കാർ വൈദ്യുതി ആഘാതം ഏറ്റ് മരണപ്പെട്ടിട്ടുണ്ട്. മനുഷ്യൻ ജീവന് യാതൊരു വിലയും നൽകാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആകില്ല.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിനോടൊപ്പം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും സ്കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് ക്രിമിനൽ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഷെറിന് ചിലരുമായി ശാരീരികവും മാനസികവുമായ ബന്ധം, വിഐപി പരിചരണവും ബ്യൂട്ടി പാർലറും, സഹതടവുകാരിയുടെ വെളിപ്പെടുത്തൽ”
തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ അസാധാരണമായ സൗകര്യങ്ങൾ ലഭിച്ചിരുന്നെന്നും, അവരുടെ മോചനത്തിനായി ജയിൽ ഉപദേശക സമിതി ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയെന്നും സഹതടവുകാരിയുടെ വെളിപ്പെടുത്തൽ. തലക്കുളം സ്വദേശി സുനിതയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷെറിന്റെ മോചനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സുനിത അറിയിച്ചു.
ജയിലിനുള്ളിൽ ഷെറിന് സർവ സ്വാതന്ത്ര്യവും ലഭിച്ചിരുന്നുവെന്ന് സുനിത പറയുന്നു. പ്രത്യേക വസ്ത്രങ്ങൾ, ഭക്ഷണം, മേക്കപ്പ് കിറ്റ് എന്നിവയെല്ലാം അവർക്ക് ലഭ്യമായിരുന്നു. മന്ത്രിസഭയുടെ ഇടപെടലാണ് ഷെറിന്റെ മോചനം വേഗത്തിലാക്കിയതെന്നും, അവർക്ക് പുറത്തിറങ്ങാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും സുനിത ആരോപിച്ചു.
ഷെറിനേക്കാൾ യോഗ്യതയുള്ള അഞ്ചോളം സ്ത്രീ തടവുകാർ ഓപ്പൺ ജയിലിൽ ഉണ്ടായിരുന്നിട്ടും, ഷെറിനെ തെരഞ്ഞെടുത്തത് മന്ത്രിസഭയുടെ പ്രത്യേക താൽപര്യത്തിലാണെന്ന് സുനിത ചൂണ്ടിക്കാട്ടി. നല്ല പെരുമാറ്റമുള്ള പ്രതികളെ മാത്രമേ ഓപ്പൺ ജയിലിലേക്ക് മാറ്റാറുള്ളൂ. എന്നാൽ ഷെറിന് അത്തരത്തിലൊരു നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നും സുനിത കൂട്ടിച്ചേർത്തു.
ജയിൽ സൂപ്രണ്ട് ഷെറിന് അനുകൂലമായ റിപ്പോർട്ട് നൽകിയതിനാലാണ് ഗവർണർ അതിൽ ഒപ്പുവെച്ചതെന്നാണ് സുനിതയുടെ പക്ഷം. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഒരാൾ ജയിലിൽ ജോലി ചെയ്യേണ്ടത് നിർബന്ധമാണെങ്കിലും, ഷെറിൻ ജോലി ചെയ്യാറുണ്ടായിരുന്നില്ല. അവരുടെ വസ്ത്രങ്ങൾ പോലും മറ്റുള്ളവരാണ് കഴുകി നൽകിയിരുന്നത്. മൂന്ന് നേരവും പുറത്തുനിന്നുള്ള ഭക്ഷണം, ഫോൺ ഉപയോഗം തുടങ്ങിയ സൗകര്യങ്ങളും ഷെറിന് ലഭിച്ചിരുന്നു. ആറ് മാസം മുമ്പ് ഒരു വിദേശ വനിതയെ ആക്രമിച്ചതിന് ഷെറിനെതിരെ കേസ് വന്നിട്ടുപോലും അവരെ മോചിപ്പിച്ചത് വിരോധാഭാസമാണെന്നും സുനിത പറയുന്നു.
ജയിലിൽ നിന്ന് നൽകുന്ന സാധാരണ വസ്ത്രങ്ങൾക്കു പകരം വെള്ള നിറത്തിലുള്ള ലിനൻ വസ്ത്രങ്ങളാണ് ഷെറിൻ ധരിച്ചിരുന്നത്. “ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ എന്ന് പറയുന്നപോലെ എല്ലാ സൗകര്യങ്ങളും സൂപ്രണ്ട് അവർക്ക് അനുവദിച്ചിരുന്നു,” സുനിത പറഞ്ഞു. ഷെറിന് പുറത്തിറങ്ങേണ്ട കാര്യമില്ലെന്നും, ജയിലിനുള്ളിൽ അത്രയധികം സൗകര്യങ്ങളാണ് അവർക്ക് ലഭിച്ചുകൊണ്ടിരുന്നതെന്നും സുനിത കൂട്ടിച്ചേർത്തു. ചില വ്യക്തികൾക്ക് ഷെറിനുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പമാണ് ഇതിനെല്ലാം കാരണമെന്നും സുനിത ആരോപിച്ചു.
ഷെറിൻ പുറത്തിറങ്ങുന്നത് തനിക്കൊരു പ്രശ്നമല്ലെന്നും, എന്നാൽ ഇതിനെക്കാൾ യോഗ്യതയുള്ളവരുടെ പട്ടിക തള്ളിക്കളഞ്ഞത് ശരിയല്ലെന്നും സുനിത വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാര്‍ഥിയുടെ ദാരുണാന്ത്യം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും
കൊല്ലം: എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ( നാളെ) സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സർക്കാർ നല്‍കുന്നില്ല എന്നതിന്‍റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍. കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിർമിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. സ്ഥലം സന്ദർശിക്കാനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് ,കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കൊല്ലം-മരച്ചീനിയുടെസ്വന്തം നാട് ! ….കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനികൃഷി ജില്ലയില്‍; ഉദ്പാദനം-391224 ടണ്‍
മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങള്‍ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാനമാക്കി മാറ്റയിട്ടുണ്ട്. കേരളത്തചന്റെ ഏറ്റവും കൂടുതല്‍ വിളയുന്നത് ഇവിടെയാണ്. 10488.83 ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യുന്നതിലൂടെ 391224 ടണ്‍ മരച്ചീനിയാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്.
ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്ത് വരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള വെട്ടുകല്‍ മണ്ണ്, മണല്‍കലര്‍ന്ന മണ്ണ്, നീര്‍വാര്‍ച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ – മരച്ചീനിവിളവിന് തികച്ചും അനുയോജ്യം.
എച്ച്165, എം-4, ശ്രീഹര്‍ഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്യപ്പെടുന്നത്. ഉല്‍പാദനശേഷിയുള്ള സങ്കരയിനം മരച്ചീനിയായ എച്ച്165 8 മുതല്‍ 9 മാസത്തിനുള്ളില്‍ പാകമാകും; 33 മുതല്‍ 38 ടണ്‍ വരെയാണ് വിളവ്. 10 മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതാണ് എം-4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്.
മരച്ചീനി ഇനമായ ശ്രീഹര്‍ഷ പത്തുമാസത്തിനുള്ളില്‍ പാകമാകുന്നവയും ഒരു ഹെക്ടറില്‍ നിന്ന് 35 മുതല്‍ 40 ടണ്‍ വരെ വിളവെടുക്കാന്‍ കഴിയുന്നവയുമാണ്. ശ്രീ വിജയയില്‍ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതല്‍ 28 ടണ്‍ വരെ ഒരു ഹെക്ടറില്‍ വിളവെടുക്കാന്‍ കഴിയുന്നതും പ്രത്യേകതയാണ്.
അത്യുല്‍ല്‍പാദനശേഷിയുള്ളതും പത്തുമാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. മൊസൈക് രോഗത്തെ അതിജീവിക്കാന്‍ ശേഷിയുണ്ട്. 35 മുതല്‍ 36 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നും വിളവ് ലഭിക്കും. ചെറുകിടകര്‍ഷകര്‍ മുതല്‍ കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകള്‍ വരെയുള്ളവരാണ് മരച്ചീനികൃഷിയില്‍ ഏര്‍പ്പെടുന്നത്. ഒരു ഹെക്ടറിലെ കൃഷിയില്‍നിന്ന് ഏകദേശം ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ലാഭമാണ് ലഭ്യമാകുന്നത്.
മരച്ചീനിയുടെ മൂല്യവര്‍ധിത സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. ചിപ്‌സ്, മാവ്, സ്റ്റാര്‍ച്ച്, പായസം മിക്‌സ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, അനിമല്‍ഫീഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പഉപ്പേരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വിറ്റുവരവുണ്ട്.
ചേനയില്‍ നിന്ന് ചിപ്‌സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പില്‍ നിന്ന് ചിപ്‌സ്, മധുരക്കിഴങ്ങില്‍ നിന്ന് ചിപ്‌സ് എന്നിവയും വ്യത്യസ്തരുചികളായെത്തുന്നു. വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയംതൊഴില്‍ അവസരങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം ഉറപ്പാക്കുന്നു. മരച്ചീനി കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് സബ്‌സിഡി, കുടുംബശ്രീ പരിശീലനത്തോടൊപ്പം സാമ്പത്തികപിന്തുണയും നിര്‍മാണ പരിശീലനങ്ങളും നല്‍കിവരുന്നു. കുറഞ്ഞചെലവില്‍ കൃഷിചെയ്യാന്‍ കഴിയുന്നതിനോടൊപ്പം മികച്ചവരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതല്‍പേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത് എന്നാണ് അനുഭവസാക്ഷ്യങ്ങള്‍.
2835 ഹെക്ടര്‍ സ്ഥലത്താണ് ഇതര കിഴങ്ങുവര്‍ഗവിളകളുടെ കൃഷി. നാളികേരം, വാഴ, പച്ചക്കറി, സുഗന്ധവിളകള്‍, ഫലവൃക്ഷവിളകള്‍ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, കൂവ, മധുരക്കിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയവയും കൃഷിപട്ടികയിലുണ്ട്. ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീപ്രിയ, ഇഛ1 എന്നീ ഇനങ്ങളിലുള്ള ചേനവര്‍ഗ്ഗങ്ങളാണ് കൂടുതലുമുള്ളത്. ചേന കൃഷിയിലും മുന്നിലാണ് കൊല്ലം. കുറഞ്ഞ കൃഷിചെലവും നല്ലവരുമാന സാധ്യതയുമുള്ള ചേമ്പിനങ്ങളായ താമരചേമ്പ്, മഞ്ഞപ്പന്‍, ശ്രീരശ്മി തുടങ്ങിയവയാണ് കൂടുതലും.
പുനലൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം, എന്നിവിടങ്ങളിലായി ശ്രീരൂപ, ലോക്കല്‍പര്‍പ്പിള്‍ എന്നീ കാച്ചില്‍ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒരു ടണ്‍ മുതല്‍ ഒന്നര ടണ്‍ വരെ കൂവക്കിഴങ്ങാണ് ഒരു ഏക്കറില്‍ നിന്നു കിട്ടുക. 100 കിലോ കൂവ കിഴങ്ങില്‍ നിന്ന് 10-12 കിലോ കൂവപ്പൊടി കിട്ടും.പായസം, കഷായം, ഹല്‍വ, കൂവകുക്കീസ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ലഭിക്കും.
ഇളമ്പല്‍, ചാത്തന്നൂര്‍, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിമിതമായി കൃഷി ചെയ്യപ്പെടുന്ന നനക്കിഴങ്ങിന്റെ ശ്രീലത, ശ്രീകല തുടങ്ങിയ ഇനങ്ങളാണ് ജില്ലയിലുള്ളത്. ശ്രീഅരുണ്‍, ശ്രീകനക, ശ്രീവരുണ്‍ തുടങ്ങിയ മധുരക്കിഴങ്ങിനങ്ങളും കൃഷി ചെയ്തുവരുന്നു. വിറ്റാമിന്‍ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമായ മധുരക്കിഴങ്ങില്‍ നിന്നും പല മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നുമുണ്ട് എന്ന് ജില്ലാ കൃഷി ഓഫീസര്‍ എം എസ് അനീസ പറഞ്ഞു.
ആർക്കിടെക്ട് ആർ കെ രമേശ് അന്തരിച്ചു
കോഴിക്കോട്. പ്രമുഖ ആർക്കിടെക്ട് ആർ കെ രമേശ് അന്തരിച്ചു.79 വയസായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.മാനാഞ്ചിറ ചത്വരം ഉൾപ്പടെ കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന നിർമ്മിതികളും തുഞ്ചൻ സ്മാരകം,ഇഎംഎസ് അക്കാദമി ഉൾപ്പെടെ കേരളത്തിൽ അറിയപ്പെടുന്ന ഒട്ടുമിക്ക കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തു. 2019 ൽ രാഷ്ട്രപതിയിൽ നിന്ന് പഴശ്ശിരാജ – രാജകീയ പുരസ്കാരം നിർമാൻ പ്രതിഭ ലഭിച്ചു.1989 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തു വിദ്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.







































